- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൂനിന്മേൽ കുരുവായി രാജസ്ഥാൻ കോൺഗ്രസിലെ കലഹം! ഹൈക്കമാൻഡ് മുന്നറിയിപ്പ് അവഗണിച്ചു ഉപവാസ സമരം തുടങ്ങി സച്ചിൻ പൈലറ്റ്; രാജസ്ഥാൻ സർക്കാരിനെ പുകഴ്‌ത്തി കോൺഗ്രസ് ട്വിറ്റർ ഹാന്റിലും; രാജസ്ഥാൻ സർക്കാരിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയെന്ന് വിമർശിച്ചു ബിജെപി
ജയ്പൂർ: കോൺഗ്രസ് ഹൈക്കമാൻഡിനെ അടക്കം നോക്കുകുത്തിയാക്കി രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന്റെ ഉപവാസ സമരം. സമരം തുടങ്ങുന്നതിന് തൊട്ടുമുൻപ് രാജസ്ഥാൻ സർക്കാരിനെ പുകഴ്‌ത്തി കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ ട്വീറ്റ് ഇട്ടതോടെ രണ്ട് ചേരിയായി തിരഞ്ഞിരിക്കയാണ് കോൺഗ്രസ്. അതേസമയം സച്ചിൻ ഉപവാസ സമരം തുടങ്ങിയതോടെ ബിജെപിയും രംഗത്തുവന്നു.
കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിക്കുകയാണ് സച്ചിൻ പൈലറ്റെന്ന് ബിജെപി നേതാക്കൾ വിമർശിച്ചു. ഉപവാസ സമരം രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയെന്നാണ് രാജസ്ഥാൻ പ്രതിപക്ഷ നേതാവായ ബിജെപിയുടെ രാജേന്ദ്ര റാത്തോർ വിമർശിച്ചത്. അതേസമയം രാജ്യത്ത് കോൺഗ്രസ് ദുർബലമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ സർക്കാർ നീതിയുടെ പാതയിൽ മുന്നേറുകയാണെന്നാണ് ഇതേ സമയത്ത് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ വന്ന ട്വീറ്റ്. സച്ചിൻ പൈലറ്റിന്റെ സമരം നടക്കാനിരിക്കെയാണ് ഗെലോട്ട് സർക്കാരിനെ പുകഴ്‌ത്തി ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.
സച്ചിൻ പൈലറ്റിന്റെ പ്രവർത്തി പാർട്ടി വിരുദ്ധ നടപടിയാണെന്ന് കോൺഗ്രസ് ഓർമിപ്പിച്ചു. അഴിമതിക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന സചിന്റെ ആരോപണം ഗെഹ്ലോട്ട് തള്ളി. ചൊവ്വാഴ്ച സചിൻ പൈലറ്റ് ആരംഭിക്കുന്ന ഏകദിന ഉപവാസം പാർട്ടി താത്പര്യങ്ങൾക്കെതിരാണെന്നും അത് പാർട്ടി വിരുദ്ധ നടപടിയാണെന്നും കോൺഗ്രസിന്റെ രാജസ്ഥാൻ ഇൻചാർജ് സുഖ്ജിന്ദർ സിങ് രന്ദവ ആരോപിച്ചു. സ്വന്തം സർക്കാറുമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അത് മാധ്യമങ്ങളിലും പൊതു വേദികളിലും ചർച്ച ചെയ്യാതെ, പാർട്ടി വേദികളിലാണ് പറയേണ്ടത്. കഴിഞ്ഞ അഞ്ചു മാസമായി എ.ഐ.സി.സി. ഇൻ ചാർജ് താനാണെന്നും സചിൻ ഇതു സംബന്ധിച്ച് ഒരു പ്രശ്‌നവും ഇതുവരെ തന്നോട് ചർച്ച ചെയ്തിട്ടില്ലെന്നും രന്ദവ കൂട്ടിച്ചേർത്തു.
വസുജന്ധര രാജെയുടെ കാലത്തെ അഴിമതിയിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന ഉപവാസം വഴി കോൺഗ്രസിനെ കൊണ്ട് ചർച്ച നടത്തിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനമെന്ന ആഗ്രഹത്തിലേക്കുള്ള വഴിവെട്ടാനാണ് സചിൻ ആലോചിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിലെത്തി നിൽക്കുമ്പോൾ സചിൻ നടത്തിയ നടപടി കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്.
രാജസ്ഥാനിലെ മുൻ ബിജെപി സർക്കാരിന്റെ അഴിമതി കേസുകളിൽ നടപടി ആവശ്യപ്പെട്ടാണ് സച്ചിൻ പൈലറ്റ് ഒരു ദിവസത്തെ ഉപവാസ സമരം നടത്തുന്നത്. എന്നാൽ ഉപവാസ സമരം പാർട്ടി വിരുദ്ധമെന്ന് ഇന്നലെ എഐസിസി നേതൃത്വം പ്രസ്താവിച്ചിരുന്നു. രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദർ സിങ് രൺധാവയാണ് പ്രസ്താവന പുറത്തിറക്കിയത്. പാർട്ടിയിലെ പ്രശ്‌നങ്ങൾ അതിനകത്ത് തന്നെ ചർച്ച ചെയ്യണമെന്നും നേതൃത്വം വ്യക്തമാക്കി. ഉപവാസം നടത്തുന്നത് പാർട്ടിവിരുദ്ധമെന്നും എഐസിസി നേതൃത്വം സച്ചിൻ പൈലറ്റിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് മറികടന്നാണ് സച്ചിൻ പൈലറ്റിന്റെ സമരം.
രാഹുൽഗാന്ധിയുടെ അയോഗ്യത വിഷയം, പ്രതിപക്ഷ ഐക്യം, കർണാടക തെരഞ്ഞെടുപ്പ് എന്നിവക്കിടെയാണ് സച്ചിൻ പൈലറ്റിന്റെ സമരം. പാർട്ടിയിലെ ആഭ്യന്തര കലഹം മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട പാർട്ടി നീക്കത്തിന് വലിയ തിരിച്ചടിക്ക് കാരണമാകുമെന്നതാണ് നേതൃത്വത്തെ ചൊടുപ്പിച്ചത്. വസുദ്ധര രാജെ സർക്കാരിനെതിരെയുള്ള അഴിമതി കേസുകളിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പൈലറ്റിന്റെ സമരം. എന്നാൽ അദ്ദേഹം ഉന്നം വെക്കുന്നത് മുഖ്യമന്ത്രിയും പാർട്ടിയിലെ തന്റെ എതിരാളിയുമായ അശോക് ഗെലോട്ടിനെയാണ്.
രാജസ്ഥാനിലെ ആഭ്യന്തര പ്രശ്‌നം വഷളായാൽ തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ ബിജെപി മുതലെടുക്കുമെന്ന ആശങ്കയും കോൺഗ്രസ് നേതൃത്വത്തിനുണ്ട്. അതിനാലാണ് രൺദാവയോട് വിഷയത്തിൽ പെട്ടന്ന് ഇടപെടാൻ നിർദ്ദേശിച്ചത്. ഇന്നോ നാളെയോ രാജസ്ഥാനിൽ പോകുമെന്ന് വ്യക്തമാക്കിയ രൺദാവെ ഇത്രയും നാളും കേസുകളിൽ നടപടിയില്ലെന്നത് പ്രശ്‌നമായി പൈലറ്റ് ചൂണ്ടിക്കാണിച്ചിരുന്നില്ലെന്ന് കുറ്റപ്പെടുത്തി.
ബിജെപിക്കെതിരായ കേസുകളിൽ മൃദു സമീപനമെന്ന വിമർശനം ഉണ്ടായിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അത് ബാധിക്കും. കേസുകളിൽ ഇപ്പോൾ നടപടി പ്രഖ്യാപിച്ചാൽ അത് സച്ചിൻ പൈലറ്റിന്റെ വിജയമാകും. ഇത് രണ്ടും ഗെലോട്ട് പക്ഷത്തെ വിഷമ വൃത്തത്തിൽ ആക്കുന്നുണ്ട്. രാജസ്ഥാനിൽ എട്ട് മാസം മാത്രമേ തെരഞ്ഞടുപ്പിന് ബാക്കിയുള്ളു. 2020 ൽ ഗെലോട്ടിനെ മറിച്ചിട്ട് ഭരണം പിടിക്കാൻ ശ്രമം നടത്തിയ ശേഷം ഇത് ആദ്യമായാണ് പരസ്യ ഏറ്റുമുട്ടലിലേക്ക് പൈലറ്റ് കടക്കുന്നത്. കോൺഗ്രസ് അധ്യക്ഷനായി ഗെലോട്ടിനെ നിയമിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം പൈലറ്റിന് നൽകാൻ കോൺഗ്രസ് നേതൃത്വം നേരത്തേ ശ്രമിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറില്ലെന്ന് ഗെലോട്ട് കർശന നിലപാട് എടുത്തതോടെയാണ് എഐസിസിയുടെ ശ്രമം പാളിയത്.




