- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രമേശ് ബിധുരി തന്നെ ഡല്‍ഹിയില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി; ഉറപ്പാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി; എ.എ.പി വിജയിച്ചാല്‍ അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയാകുമെന്നും അതിഷിയുടെ പ്രഖ്യാപനം
രമേശ് ബിധുരി തന്നെ ഡല്‍ഹിയില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി
ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഡല്‍ഹിയില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതില്‍ വിമര്‍ശനവുമായി എ.എ.പി നേതാവും മുഖ്യമന്ത്രിയുമായ അതിഷി. ഡല്‍ഹിയിലെ ജനങ്ങള്‍ നിരന്തരം ചോദിച്ചു കൊണ്ടിരിക്കുകയാണ് ആ ചോദ്യം. എ.എ.പി വിജയിച്ചാല്‍ അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയാകുമെന്നും അതിഷി വ്യക്തമാക്കി.
ഡല്‍ഹിയില്‍ രമേശ് ബിധുരിയാകും ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും അതിഷി പറഞ്ഞു. കല്‍ക്കാജിയില്‍ അതിഷിയുടെ എതിരാളിയായാണ് ബിധുരി മത്സരിക്കുന്നത്. അടുത്തിടെ പ്രിയങ്ക ഗാന്ധിയെയും അതിഷിയെയും അധിക്ഷേപിച്ച് ബിധുരി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ കല്‍ക്കാജിയിലെ റോഡുകള്‍ പ്രിയങ്ക ഗാന്ധിയുടെ കവിളുകള്‍ പോലെ മനോഹരമാക്കുമെന്നായിരുന്നു ബിധുരി പറഞ്ഞത്. പരാമര്‍ശം വിവാദമായപ്പോള്‍ ബിധുരി മാപ്പുപറയുകയും ചെയ്തു.
രാഷ്ട്രീയ നേട്ടത്തിനായി, അതിഷി തന്റെ പിതാവിനെ പോലും ഒഴിവാക്കിയെന്നായിരുന്നു ബിധുരിയുടെ പരാമര്‍ശം. ''ഡല്‍ഹി മുഴുവന്‍ ചോദിക്കുകയാണ് ആരാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രിയുടെ സ്ഥാനാര്‍ഥിയെന്ന്. എ.എ.പിയെ വോട്ട് ചെയ്ത് വിജയിപ്പിച്ചാല്‍ അരവിന്ദ് കെജ്രിവാള്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് അവര്‍ക്കറിയാം. എന്നാല്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥി ആരാണെന്നാണ് അവരുടെ ചോദ്യം.'-അതിഷി പറഞ്ഞു.
ബി.ജെ.പിയുടെ കോര്‍ കമ്മിറ്റി യോഗം നടക്കുകയാണ്. ഇന്ന് വൈകീട്ട് അവരുടെ പാര്‍ലിമെന്ററി ബോര്‍ഡ് മീറ്റിങ്ങും ചേരും. വ്യക്തമായ കേന്ദ്രങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് വിവരം കിട്ടിയതനുസരിച്ച് സ്ത്രീകളെ നിരന്തരം അധിക്ഷേപിക്കുന്ന രമേശ് ബിധുരി തന്നെയാകും അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി.-അതിഷി പറഞ്ഞു.
ഡല്‍ഹിയില്‍ വോട്ടര്‍മാരുടെ പട്ടികയില്‍ കൃത്രിമം നടത്തുന്നതായി എ.എ.പി ആരോപിച്ചിരുന്നു. ഇക്കാര്യം ബോധിപ്പിക്കാനായി കെജ്രിവാള്‍ കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. യഥാര്‍ഥ വോട്ടര്‍മാരുടെ പേരുകള്‍ വെട്ടി വ്യാജ വോട്ടര്‍മാരെ പട്ടികയില്‍ തിരുകി ചേര്‍ത്തുവെന്നാണ് എ.എ.പി ഉന്നയിച്ച ആരോപണം. വോട്ടര്‍മാരെ സ്വാധീനിക്കാനായി ന്യൂഡല്‍ഹിയില്‍ തന്റെ എതിരാളിയായി മത്സരിക്കുന്ന പര്‍വേശ് വര്‍മ പണം വാരിയെറിയുകയാണെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. എട്ടിന് ഫലമറിയാം.