- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി കസേര ഒഴിച്ചിട്ട് ഇരുന്നത് തൊട്ടടുത്തുള്ള മറ്റൊരു കസേരയില്‍; കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താനായി കസേര ഒഴിച്ചിടുന്നുവെന്ന് ആതിഷി മര്‍ലേന
ഡല്‍ഹി മുഖ്യമന്ത്രിയായി ആതിഷി മര്‍ലേന ചുമതലയേറ്റു
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേറ്റ ആതിഷി മര്‍ലേന ഇരുന്നത് മുഖ്യമന്ത്രിയുടെ കസേര ഒഴിച്ചിട്ട് തൊട്ടടുത്തുള്ള മറ്റൊരു കസേരയില്‍. ഡല്‍ഹിയുടെ എട്ടാം മുഖ്യമന്ത്രിയായിട്ടാണ് അതിഷി ചുമതലയേറ്റത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അരവിന്ദ് കെജ്രിവാള്‍ തിരിച്ചെത്താനായി കസേര ഒഴിച്ചിടുന്നുവെന്ന് ആതിഷി പ്രതികരിച്ചു.
പുതിയ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ബിജെപിയ്ക്ക് എതിരെ രൂക്ഷവിമര്‍ശനമാണ് അതിഷി മര്‍ലേന ഉന്നയിച്ചത്. ബിജെപിയും ലഫ്.ഗവര്‍ണറും ഡല്‍ഹിയുടെ വികസനം തടയുകയാണെന്ന് അതിഷി ആരോപിച്ചു. എന്നാല്‍, തടസപ്പെട്ട വികസന പ്രവര്‍ത്തനങ്ങളെല്ലാം ഉടനടി പുനരാരംഭിക്കുമെന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് താന്‍ ഉറപ്പ് നല്‍കുകയാണെന്ന് അതിഷി വ്യക്തമാക്കി.
ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കളെ ജയിലിലാക്കാനും ഡല്‍ഹിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താനും മാത്രമാണ് ബിജെപി ശ്രമിക്കുന്നതെന്ന് അതിഷി വിമര്‍ശിച്ചു. ബിജെപിയും ലഫ്.ഗവര്‍ണര്‍ വി.കെ സക്‌സേനയും ദില്ലിയിലെ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആശുപത്രിയിലേയ്ക്ക് മരുന്നുകള്‍ എത്തിക്കുന്നതും തടഞ്ഞു. ഇതിന് പുറമെ, മൊഹല്ല ക്ലിനിക്കിലെ പരിശോധനകളും ദില്ലിയിലെ മാലിന്യ ശേഖരണവുമെല്ലാം ഇവര്‍ തടസപ്പെടുത്തിയെന്ന് അതിഷി ആരോപിച്ചു.
ഇപ്പോള്‍ അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ അല്ലെന്ന് ബിജെപിയെ ഓര്‍മ്മപ്പെടുത്തിയ അതിഷി മുടങ്ങിക്കിടന്ന എല്ലാ പ്രവര്‍ത്തനകളും പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ നിന്ന് പുറത്തുവരാതിരിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തിയെന്ന് അതിഷി പറഞ്ഞു. എന്നാല്‍, ബിജെപിയ്ക്ക് മുന്നില്‍ മുട്ടുമടക്കാന്‍ കെജ്രിവാള്‍ തയ്യാറായില്ല. 6 മാസം അദ്ദേഹത്തെ ജയിലിലാക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകളില്‍ ജാമ്യം ലഭിക്കുക എളുപ്പമല്ല.
എന്നിട്ടും കെജ്രിവാളിന് സുപ്രീം കോടതി ജാമ്യം നല്‍കി. വീണ്ടും മുഖ്യമന്ത്രിക്കസേരയിലേയ്ക്ക് എത്തുന്നതിന് പകരം അദ്ദേഹം സ്ഥാനം രാജിവെയ്ക്കുകയാണ് ചെയ്തത്. സുപ്രീം കോടതിയുടെ വിധിയ്ക്ക് പുറമെ ജനങ്ങളുടെ കോടതിയിലും സത്യസന്ധത തെളിയിക്കണം എന്നതിനാലാണ് അദ്ദേഹം രാജിവെച്ചതെന്നും തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് കെജ്രിവാളിന് നന്ദിയുണ്ടെന്നും അതിഷി കൂട്ടിച്ചേര്‍ത്തു.