- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാൾ ഗവർണറെ ശരണം പ്രാപിച്ച് ഹിന്ദു സന്ന്യാസിമാർ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പുരുലിയയിൽ ഹിന്ദു സന്ന്യാസിമാർക്കെതിരെ നടന്ന സംഘടിത ആക്രമണം വൻ രാഷ്ട്രീയവിവാദമാകുന്നു. അക്രമത്തെ ചൊല്ലി ബിജെപിയും, ടി എം സിയും തമ്മിൽ പോര് തുടരുന്നതിനിടെ വിവിധ സംഘടനകളിൽ പെട്ട സന്ന്യാസിമാർ ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെ കണ്ട് നിവേദനം നൽകി.
പുരുലിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് സാധുക്കൾ പരാതിപ്പെട്ടു. യഥാർഥ ക്രിമിനലുകൾ സ്വൈര്യവിഹാരം നടത്തുകയാണ്. അക്രമികൾക്കെതിരെ നിസ്സാര കുറ്റമാണ് ചുമത്തിയിരിക്കുകന്നത്. സന്ന്യാസിമാർക്ക് നേരേ നടന്ന ആക്രമണത്തിൽ പൊലീസ് നിസ്സംഗത പാലിക്കുകയാണ്. സാധാരണക്കാരുടെ ജീവിതത്തിന് സംരക്ഷണം നൽകേണ്ടവർ രാജ്യത്തിന്റെ സുസ്ഥിരതയ്ക്ക് എതിരെ പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ്. തെരുവുകളിലെ അരാജകത്വം കണ്ട് മടുത്ത് ആളുകൾ നിരാശരാണ്. എല്ലാവർക്കും നീതി ലഭ്യമാകേണ്ട രാമരാജ്യത്തിൽ ഇത് സംഭവിച്ചുകൂടെന്നും സന്ന്യാസിമാർ ഗവർണറോട് പറഞ്ഞു.
വിഷയത്തിൽ ശക്തമായ നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകണമെന്ന് ഗവർണർ സർക്കാരിന് നിർദ്ദേശം നൽകി. മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ മൂന്നുപേരടങ്ങുന്ന വസ്തുതാന്വേഷണ സംഘത്തെ നിയോഗിക്കാനും ഗവർണർ ഉത്തരവിട്ടു. അടിയന്തര നടപടിക്കായി ആഭ്യന്തര മന്ത്രാലയത്തെയും വിവരങ്ങൾ ധരിപ്പിക്കും. അക്രമത്തെ തുടർന്ന് ദുരിതത്തിൽ കഴിയുന്നവരെ സഹായിക്കാൻ ദ്രുത കർമ സെല്ലും രാജ്ഭവൻ രൂപീകരിച്ചു.
ഹിന്ദു സന്ന്യാസിമാർക്ക് നേരേയുണ്ടായ ആക്രമണത്തിൽ ഇതുവരെ 12 പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗംഗസ്സാഗറിലേക്ക് ഒരു സംഘം സന്ന്യാസിമാർ പോകുന്നതിനിടെയാണ് അനിഷ്ട സംവം ഉണ്ടായത്. ഇവർ ഒരു സംഘം സ്ത്രീകളോട് വഴി ചോദിച്ചു. ഭാഷാ പ്രശ്‌നം കാരണം ആശയക്കുഴപ്പം ഉണ്ടാവുകയും സ്ത്രീകൾ ഭയചകിതരാകുകയും ചെയ്തതോടെ, സന്ന്യാസിമാരെ ഒരു സംഘം ആക്രമിക്കുകയായിരുന്നു.
സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന് ആരോപിച്ച് ബിജെപി ടിഎംസിക്കും മമത ബാനർജിക്കും എതിരെ തിരിഞ്ഞിരിക്കുകയാണ്. എന്നാൽ, പ്രതിപക്ഷം പ്രശ്‌നം ഊതിപ്പെരുപ്പിക്കുകയാണെന്നും, കേസിനെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും സർക്കാർ കേന്ദ്രങ്ങൾ പറയുന്നു.