ന്യൂഡൽഹി: പ്രമുഖ യുപിഎസ്‌സി അധ്യാപകനും മോട്ടിവേഷനൽ സ്പീക്കറുമായ അവാദ് ഓജ ആം ആദ്മി പാർട്ടിയിൽ ചേർന്നു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കവേയാണ് അവാദ് ഓജയുടെ രാഷ്ട്രീയ പ്രവേശനം. എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന്റെയും ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെയും സാന്നിധ്യത്തിലായിരുന്നു അംഗത്വം സ്വീകരിച്ചത്.

ഉത്തർപ്രദേശിലെ ഗോണ്ട സ്വദേശിയായ ഓജ പട്‌ന സര്‍വകലാശാലയില്‍നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. അച്ഛൻ പോസ്റ്റ് മാസ്റ്ററും അമ്മ അഭിഭാഷകയുമായിരുന്നു. 2005 ലാണ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അധ്യാപന ജീവിതം ആരംഭിക്കുന്നത്. എബിസി അക്കാദമി ഓഫ് സിവിൽ സർവീസസ്, ചാണക്യ ഐഎഎസ് അക്കാദമി, അൺകാഡമി, ന്യൂ ഡൽഹിയിലെ ബർതാക്കൂർ ഐഎഎസ് അക്കാദമി എന്നിവയുൾപ്പെടെ നിരവധി പ്രശസ്തമായ ഐഎഎസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അദ്ദേഹം അധ്യാപകനായിരുന്നു.

വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന തനിക്ക് രാഷ്ട്രീയ പ്രവേശനത്തിന് അവസരം നൽകിയതിന് എഎപി നേതൃത്വത്തിന് അവാദ് നന്ദി പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസത്തിന് അടിസ്ഥാന സൗകര്യ ലഭ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അവാദ് പറഞ്ഞു. അതേസമയം അവാദിന്റെ രാഷ്ട്രീയ പ്രവേശനം ഇന്ത്യയുടെ വികസനത്തിനും, വിദ്യാഭ്യാസ മേഖലയ്ക്കും ഗുണകരമാകുമെന്ന് അരവിന്ദ് കെജ്‌രിവാളും അഭിപ്രായപ്പെട്ടു.യുപിഎസ്‌സി അധ്യാപകനും മോട്ടിവേഷനൽ സ്പീക്കറുമായ അവാദ് ഓജ ആം ആദ്മിയിൽ ചേർന്നു; രാഷ്ട്രീയ പ്രവേശനത്തിന് അവസരം നൽകിയതിന് നന്ദി അറിയിച്ച് അവാദ്