ബെംഗളൂരു: വിവാദ സിനിമ കേരളാ സ്‌റ്റോറിയെ കുറിച്ചു തെരഞ്ഞെടുപ്പു പ്രസംഗ വേദിയിൽ പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയുടെ വികൃതമായ മുഖം തുറന്നുകാട്ടുന്ന സിനിമയാണ് കേരള സ്റ്റോറിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. രാജ്യത്തിനെതിരായ ഗൂഢാലോചന ചിത്രം തുറന്നുകാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ ബെല്ലാരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവെയായിരുന്നു പ്രസ്താവന.

'കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദ കേരള സ്റ്റോറിയാണ് ചർച്ച. കേവലം ഒരു സംസ്ഥാനത്തെ തീവ്രവാദ ഗൂഢാലോചനയെ അടിസ്ഥാനമാക്കിയാണ് കേരള സ്റ്റോറിയെന്നാണ് പറയപ്പെടുന്നത്. കഠിനാധ്വാനികളും കഴിവുറ്റവരും ബുദ്ധിജീവികളും അടങ്ങുന്ന മനോഹരമായ നാടെന്നറിയപ്പെടുന്ന കേരളത്തിൽ തീവ്രവാദ ഗൂഢാലോചനകൾ എങ്ങനെ വളർത്തപ്പെടുന്നു എന്നത് ഈ സിനിമ അനാവരണം ചെയ്യുന്നു', മോദി പറഞ്ഞു.

ഭീകരതയ്ക്കും തീവ്രവാദ പ്രവണതയ്ക്കുമൊപ്പം നിന്നുകൊണ്ട് കോൺഗ്രസ് ഈ സിനിമയെ എതിർക്കുകയാണ്. വോട്ട് ബാങ്കിന് വേണ്ടി കോൺഗ്രസ് തീവ്രവാദത്തെ മറയാക്കിയെന്നും മോദി കുറ്റപ്പെടുത്തി. സിനിമയെ എതിർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചു. 'ഒരു സമൂഹത്തിൽ പ്രത്യേകിച്ച് കേരളം പോലൊരു സംസ്ഥാനത്ത് തീവ്രവാദത്തിന്റെ അനന്തരഫലങ്ങൾ തുറന്നുകാട്ടാനാണ് ദ കേരള സ്റ്റോറി എന്ന സിനിമ ശ്രമിക്കുന്നത്. ചിത്രം നിരോധിക്കാനും ഭീകരവാദത്തെ പിന്തുണയ്ക്കാനുമാണ് കോൺഗ്രസ് പാർട്ടി ഇപ്പോൾ ശ്രമിക്കുന്നത്. കാര്യങ്ങൾ നിരോധിക്കാനും വികസനത്തെ പൂർണമായും അവഗണിക്കാനും മാത്രമേ അവർക്ക് അറിയൂ. ഞാൻ 'ജയ് ബജരംഗ് ബലി' എന്ന് വിളിക്കുന്നത് പോലും അവർക്ക് പ്രശ്നമാണ്', മോദി പറഞ്ഞു.

'വോട്ട് ബാങ്കിന് വേണ്ടി കോൺഗ്രസ് തീവ്രവാദത്തിന് കീഴടങ്ങുന്നത് കണ്ട് ഞാൻ അത്ഭുതപ്പെടുന്നു. അങ്ങനെയുള്ള ഒരു പാർട്ടിക്ക് എന്നെങ്കിലും കർണാടകയെ രക്ഷിക്കാൻ കഴിയുമോ? ഭീകരാന്തരീക്ഷത്തിൽ ഇവിടുത്തെ വ്യവസായവും ഐടി വ്യവസായവും കൃഷിയും മഹത്തായ സംസ്‌കാരവും തകരും', പ്രധാനമന്ത്രി പറഞ്ഞു.

വിവാദങ്ങൾക്കിടെ ഇന്നാണ് ദ കേരള സ്റ്റോറി പ്രദർശനത്തിനെത്തിയത്. ചിത്രത്തിന്റെ പ്രദർശനം തടയേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. 'ദ കേരള സ്റ്റോറി' മതേതര സ്വഭാവമുള്ള കേരളം സ്വീകരിക്കുമെന്ന് ഹൈക്കോടതി. ചിത്രം പ്രദർശിപ്പിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല. സാങ്കൽപ്പിക ചിത്രമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ചിത്രത്തിന്റെ പ്രദർശനാനുമതി തടയണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

കേരള സ്റ്റോറി എന്ന സിനിമക്കെതിരായ വാദങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനിടെ സിനിമ പ്രദർശിപ്പിക്കുന്നതിന് എന്താണ് തടസ്സമെന്ന് കോടതി ചോദിച്ചു. കൂടാതെ സാങ്കൽപികമായ കാര്യങ്ങളാണ് സിനിമക്കുള്ളിലുള്ളതെന്നും അത് എന്തിന് എതിർക്കണമെന്നും ഹൈക്കോടതി ചോദിച്ചു. സെൻസർ ബോർഡ് വിശദമായ പരിശോധനകൾക്ക് ശേഷമാണ് സിനിമക്ക് പ്രദർശനാനുമതി നൽകിയിരിക്കുന്നത്. അതിൽ ഇടപെടേണ്ടുന്നതിന്റെ ആവശ്യമെന്താണെന്നാണ് കോടതി ചോദിക്കുന്നത്.

മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രത്തെ സ്വീകരിച്ചോളും. ചിത്രം പ്രദർശിപ്പിക്കുന്നതു കൊണ്ട് ഒന്നും സംഭവിക്കില്ല. ചിത്രത്തിന്റെ ടീസർ ഇറങ്ങിയത് നവംബറിലാണ്. ആരോപണവുമായി വരുന്നത് ഇപ്പോഴല്ലേയെന്നും കോടതി ചോദിച്ചു. അതേസമയം നിഷ്‌കളങ്കരായ ജനങ്ങളുടെ മനസ്സിൽ വിഷം കുത്തിവയ്ക്കുകയാണ് ചിത്രത്തിലൂടെയെന്ന് ഹർജിക്കാർ വാദിച്ചു. കുറ്റകരമായ എന്താണ് ചിത്രത്തിലുള്ളതെന്ന് ഹർജിക്കാരോട് കോടതി ചോദിച്ചു.

അല്ലാഹുവാണ് ഏകദൈവം എന്ന് ചിത്രത്തിൽ പറയുന്നതിൽ എന്താണ് തെറ്റ് ഒരാൾക്ക് തന്റെ മതത്തിലും ദൈവത്തിലും വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും ഉള്ള അവകാശം രാജ്യം പൗരന് നൽകുന്നുണ്ട്. കുറ്റകരമായ എന്താണ് ട്രെയിലറിലുള്ളതെന്ന് ഹർജിക്കാരോട് കോടതി ചോദിച്ചു. ചിത്രത്തിന്റെ ടീസറും ,ട്രെയിലറും ഹൈക്കോടതി പരിശോധിച്ചു. ഇസ്ലാം മതത്തിനെതിരെ ചിത്രത്തിന്റെ ട്രെയിലറിൽ പരാമർശം ഒന്നും ഇല്ല. ഐഎസിനെതിരെയല്ലെ പരാമർശം ഉള്ളതെന്നു കോടതി ചോദിച്ചു.

ഇത്തരം ഓർഗനൈസേഷൻസിനെപ്പറ്റി എത്രയോ സിനിമകളിൽ ഇതിനകം വന്നിരിക്കുന്നു. ഹിന്ദു സന്യാസിമാർക്കെതിരെയും ക്രിസ്ത്യൻ വൈദികർക്കെതിരെയും മുൻപ് പല സിനിമകളിലും പരാമർശങ്ങളും മറ്റും ഉണ്ടായിട്ടുണ്ടല്ലോയെന്ന് കോടതി ചോദിച്ചു. ഫിക്ഷൻ എന്ന രീതിയിലല്ലേ ഇതിനെയൊക്കെ കണ്ടത്. ഇപ്പോൾ മാത്രമെന്താണ് ഇത്ര പ്രത്യേകതഈ സിനിമ ഏതു തരത്തിലാണ് സമൂഹത്തിൽ വിഭാഗീയതയും സംഘർഷവും സൃഷ്ടിക്കുന്നതെന്നും കോടതി ചോദിച്ചു. കേരളത്തിൽ ലൗജിഹാദ് ഉണ്ടെന്ന് ഇതുവരെ ഒരു ഏജൻസിയും കണ്ടെത്തിയിട്ടില്ലെന്ന് ഹരജിക്കാർ വാദിച്ചു.