- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുതര പരാമർശങ്ങളുമായി 'ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ'; ബിബിസി ഡോക്യുമെന്ററിയെ അപലപിച്ച് ഇന്ത്യ; 'കൊളോണിയൽ മാനസികാവസ്ഥ'; അജണ്ടയുടെ ഭാഗമെന്നും വിദേശകാര്യ മന്ത്രാലയം; ബ്രിട്ടീഷ് പാർലമെന്റിലെ ചർച്ചയിൽ മോദിയെ പിന്തുണച്ച് ഋഷി സുനക്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററിയെ അപലപിച്ച് ഇന്ത്യ. 'അപകീർത്തികരമായ ആഖ്യാനങ്ങൾക്കായി തയാറാക്കിയ പ്രചാരണ സാമഗ്രി' എന്നാണ് കേന്ദ്ര സർക്കാർ വിഷയത്തിൽ പ്രതികരിച്ചത്. സാമ്രാജ്യത്വ മാനസികാവസ്ഥ വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രിക്കെതിരേയുള്ള ഡോക്യുമെന്ററിയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ആരോപിച്ചു.
ഇത് പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും ഡോക്യുമെന്ററി വസ്തുതകൾക്ക് നിരക്കാത്തതും മുൻവിധിയോടെയുള്ളതുമാണെന്നും വിദേശകാര്യ വക്താവ് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
''ഇന്ത്യയിൽ പ്രദർശിപ്പിച്ചിട്ടില്ലാത്ത സീരീസ് ആണിത്. അപകീർത്തികരമായ ആഖ്യാനങ്ങൾക്കായി തയാറാക്കിയ പ്രചാരണ സാമഗ്രി ആണെന്നാണു മനസ്സിലാക്കുന്നത്. പക്ഷപാതപരമായും വസ്തുനിഷ്ഠമല്ലാതെയും കൊളോണിയൽ മാനസികാവസ്ഥയിലും തയാറാക്കിയതാണെന്നു വ്യക്തമാണ്'' വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എന്ത് പറഞ്ഞുവെന്നത് ഇന്ത്യയെ ബാധിക്കുന്ന കാര്യമല്ലെന്നും ഡോക്യുമെന്ററിക്ക് ഇന്ത്യയിൽ സംപ്രേഷണം ഇല്ലെന്നത് ബിബിസിയുടെ തീരുമാനമാണെന്നും ബാഗ്ചി വിശദീകരിച്ചു. ഡോക്യുമെന്ററിയുടെ ഉദ്ദേശ്യത്തെക്കുറിച്ചും ഇതിനുപിന്നിലെ അജണ്ടയെക്കുറിച്ചും ആലോചിക്കുമ്പോൾ അത്ഭുതം തോന്നുകയാണെന്നും ഇത്തരം കാര്യങ്ങളെ മുഖവിലക്കെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
ഗുജറാത്ത് കലാപത്തെക്കുറിച്ച് ബ്രിട്ടീഷ് സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ടിലെ കാര്യങ്ങൾ ഇത്രയും കാലം പുറത്തുവിട്ടിരുന്നില്ല. ഇതിലെ വിവരങ്ങളാണ് തങ്ങൾ പുറത്തുവിടുന്നതെന്നാണ് ബിബിസി ഡോക്യുമെന്ററിയിൽ അവകാശപ്പെടുന്നത്.
അതിനിടെ, ബിബിസി ഡോക്യുമെന്ററിയെക്കുറിച്ച് ബ്രിട്ടീഷ് പാർലമെന്റിലുണ്ടായ ചർച്ചയിൽ നരേന്ദ്ര മോദിയെ പിന്തുണച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നിലപാട് സ്വീകരിച്ചു. പരമ്പരയിൽ മോദിയെ ചിത്രീകരിച്ച രീതി അംഗീകരിക്കുന്നില്ലെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പാർലമെന്റിൽ വ്യക്തമാക്കി.
നരേന്ദ്ര മോദിയെക്കുറിച്ചുള്ള 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി സീരീസ് കഴിഞ്ഞ ദിവസമാണ് ബിബിസി സംപ്രേഷണം ചെയ്തുതുടങ്ങിയത്. രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയുടെ അടുത്ത ഭാഗം ജനുവരി 24-നാണ് സംപ്രേഷണം ചെയ്യുക.
'ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ' എന്ന രണ്ടു ഭാഗങ്ങളുള്ള സീരീസിലാണു ഗുരുതര പരാമർശങ്ങളുള്ളത്. ''ആയിരത്തോളം പേർക്കു ജീവൻ നഷ്ടമായ 2022ലെ ഗുജറാത്ത് കലാപത്തിൽ മോദിക്കുണ്ടെന്നു പറയപ്പെടുന്ന പങ്കും പ്രധാനമന്ത്രിയും ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷവും തമ്മിലുള്ള അന്തഃസംഘർഷങ്ങളുമാണ്'' പരമ്പരയുടെ വിവരണത്തിൽ സൂചിപ്പിക്കുന്നത്.
കലാപവേളയിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്കെതിരായി തെളിവുകളൊന്നുമില്ലെന്നു സുപ്രീംകോടതി നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. കലാപത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘവും മോദിക്ക് യാതൊരു പങ്കുമില്ലെന്നാണു കണ്ടെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ