ന്യൂഡൽഹി: ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ സംഘർഷം. ഇടതുവിദ്യാർത്ഥി സംഘടനയുടെ നേതാക്കളെ കരുതൽ തടങ്കലിലാക്കി. സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിപ്പിച്ചു. സർവകലാശാല അധികൃതർ ഗേറ്റുകൾ അടച്ച് നിയന്ത്രണം കർശനമാക്കിയതോടെ ഡോക്യുമെന്ററിയുടെ പ്രദർശനം ജാമിയ മിലിയ സർവകലാശാലയിൽ മാറ്റിവെച്ചതായി എസ്എഫ്‌ഐ. നേതൃത്വം അറിയിച്ചു.

ഇന്ന് ആറു മണിക്കായിരുന്നു ബിബിസി ഡോക്യുമെന്ററി പ്രദർശനം തീരുമാനിച്ചിരുന്നത്. ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് മുന്നോടിയായി വിദ്യാർത്ഥി യൂണിയൻ നേതാക്കളെ കരുതൽ തടങ്കലിലാക്കിയതിനെതിരെ സർവകലാശാലയ്ക്ക് മുന്നിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടർന്ന് സർവകലാശാലയിലെ എല്ലാ ഗേറ്റുകളും സുരക്ഷാ ഉദ്യോഗസ്ഥർ അടച്ചു.

സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ്. കോളജ് ഗെയിറ്റിന് സമീപത്തായി കണ്ണീർ വാതകം ഉൾപ്പെടെ പ്രയോഗിക്കാനുള്ള പൊലീസ് വാഹനങ്ങൾ തമ്പടിച്ചു. എസ്എഫ്‌ഐയാണ് ക്യാംപസിൽ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. ക്യാംപസിൽ അനധികൃതമായി യാതൊരു കൂടിച്ചേരലുകളും അനുവദിക്കില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.

ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ സർവകലാശാല അധികൃതർ അനുമതി നിഷേധിച്ചിട്ടും വിദ്യാർത്ഥികൾ സംഘടിച്ചെത്തിയതിനെ തുടർന്നാണ് പൊലീസുമായി സംഘർഷമുണ്ടായത്. എസ്.എഫ്.ഐ, എൻ.എസ്.യു എന്നീ സംഘടനകളാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ അനുമതി തേടിയത്. എന്നാൽ അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു.

തുടർന്ന് ഈ സംഘടനകളുടെ വിദ്യാർത്ഥി നേതാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്.എഫ്.ഐയുടെ നാലു നേതാക്കളും എൻ.എസ്.യുവിന്റെ ഒരു നേതാവും അറസ്റ്റിലായി. അസീസ്, നിവേദ്യ, അഭിരാം, തേജസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നാലു പേർ മലയാളികളാണ്. കസ്റ്റഡിയിൽ എടുത്ത വിദ്യാർത്ഥികളെ മോചിപ്പിക്കണെമന്നും ക്യാമ്പസിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട വിദ്യാർത്ഥികൾ ക്യാമ്പസിൽ പ്രതിഷേധിച്ചിരുന്നു.

നേരത്തെ ജെഎൻയു സർവകലാശാലയിലും ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ലാപ്പ്‌ടോപ്പിലും മൊബൈൽ ഫോണുകളിലുമായി കൂട്ടം കൂടിയിരുന്ന് ഡോക്യുമെന്ററി കണ്ട വിദ്യാർത്ഥികൾക്ക് നേരെ ഒരു വിഭാഗം കല്ലെറിയുകയായിരുന്നു. എബിവിപി പ്രവർത്തകരാണ് കല്ലേറ് നടത്തിയതെന്നാണ് വിദ്യാർത്ഥികൾ ആരംഭിക്കുന്നത്.

കല്ലേറിന് പിന്നാലെ വിദ്യാർത്ഥികൾ പ്രകടനമായി ക്യാംപസിന് പുറത്തേക്ക് പോയി. പ്രധാനമന്ത്രിയെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററിയുടെ ജെഎൻയും ക്യാംപസിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ?ദിവസം രാത്രി 9 മണിക്കാണ് ഡോക്യുമെന്ററി പ്രദർശനം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ എട്ടരയോടെ ക്യാംപസിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.

വിവാദങ്ങൾക്കിടെ പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇറങ്ങിയെങ്കിലും ഡോക്യുമെന്ററിയെ കുറിച്ച് കേന്ദ്ര സർക്കാർ മൗനം തുടരുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ രണ്ടരയ്ക്കാണ് ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം പുറത്തിറക്കിയത്. 2019ൽ മോദി സർക്കാർ രണ്ടാം തവണയും അധികാരത്തിൽ വന്ന ശേഷമുള്ള സംഭവങ്ങളാണ് ഈ ഭാഗത്ത് ചർച്ച ചെയ്യുന്നത്.

കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതും, പൗരത്വ ഭേദഗതി പ്രതിഷേധങ്ങളും, ഡൽഹിയിലുണ്ടായ കലാപവും, ഇതിൽ പരാമർശിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങൾ കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. കേന്ദ്ര നീക്കത്തിൽ പ്രതിഷേധിച്ച് രാജ്യത്തെ ക്യാമ്പസുകളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് എസ്എഫ്‌ഐ തുടരുകയാണ്.