- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരത് ജോഡോ യാത്രാ പഞ്ചാബ് കടന്ന് ഹിമാചലിലെത്തി; ഒരു ദിവസത്തെ പര്യടനത്തിന് ശേഷം ഇന്ന് കാശ്മീരിലേക്ക് കടക്കും; കശ്മീരിൽ ചില ഭാഗങ്ങളിൽ കാൽനടയാത്ര പാടില്ലെന്ന് രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷ ഏജൻസികൾ
ഷിംല: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ഹിമാചൽപ്രദേശിലെ ഒരു ദിവസത്തെ പര്യടനം പൂർത്തിയാക്കി. 6 ദിവസത്തെ പഞ്ചാബ് പര്യടനത്തിനു ശേഷമാണ് യാത്ര ഹിമാചലിലേക്ക് കടന്നത്. നേരത്തെ തയാറാക്കിയ യാത്രാവഴിയിൽ ഹിമാചൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസം നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സംസ്ഥാനത്ത് ഉജ്വല തിരിച്ചുവരവ് നടത്തിയ പശ്ചാത്തലത്തിൽ ഒരു ദിവസത്തെ യാത്ര ഹിമാചലിലാക്കി. യാത്ര ഇന്ന് കശ്മീരിലേക്ക് കടക്കും.
'സംസ്ഥാനത്ത് കൂടുതൽ ദിവസം വേണ്ടിയിരുന്നു. പക്ഷേ, ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ 30ന് ശ്രീനഗറിൽ എത്തേണ്ടതിനാലാണ് സമയം ചുരുക്കിയത്' ഹിമാചലിലെ മാൻസർ ഗ്രാമത്തിലെ പൊതുയോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു, ഉപ മുഖ്യമന്ത്രി മുകേഷ് അഗ്‌നിഹോത്രി, കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭ സിങ് എന്നിവർ പഞ്ചാബ് അതിർത്തിയായ ഗട്ടോട്ടയിൽ രാഹുലിനെ വരവേറ്റു. പഞ്ചാബ് പിസിസി അധ്യക്ഷൻ അമരിന്ദർ സിങ് രാജ വാറിങ്ങിൽ നിന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു പതാക ഏറ്റുവാങ്ങി. മുഖ്യമന്ത്രിയും 40 എംഎൽഎമാരും രാഹുലിനെ അനുഗമിച്ചു.
കാംഗ്ര ജില്ലയിൽ 24 കിലോമീറ്റർ യാത്ര കടന്നുപോകും. അതേസമയം, കോൺഗ്രസ് ഭാരതത്തെ ഒന്നിപ്പിക്കുകയല്ല പിളർക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേഷ് കശ്യപ് ആരോപിച്ചു. ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കാനിരിക്കെ രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷാ ഏജൻസികൾ. കശ്മീരിലെ ചില ഭാഗങ്ങളിൽ കാൽനടയാത്ര പാടില്ലെന്ന് സുരക്ഷാ ഏജൻസികൾ രാഹുൽ ഗാന്ധിക്ക് നിർദ്ദേശം നൽകിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ശ്രീനഗറിൽ എത്തുമ്പോൾ രാഹുൽ ഗാന്ധിക്കൊപ്പം ആൾക്കൂട്ടം ഉണ്ടാകരുതെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്.അദ്ദേഹത്തെ സുരക്ഷിതമാക്കാൻ വിശദമായ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്, കൂടാതെ ചില ഭാഗങ്ങളിൽ കാൽനടയായി യാത്ര ചെയ്യുന്നത് ഒഴിവാക്കാനും പകരം കാറിൽ യാത്ര ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രിയിൽ തങ്ങേണ്ട സ്ഥലങ്ങളുൾപ്പെടെയുള്ള കാര്യങ്ങളിൽ പരിശോധന നടത്തുന്നുണ്ടെന്നും മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.
ശ്രീനഗറിൽ യാത്ര ചെയ്യുമ്പോൾ ചുരുക്കം ആളുകൾ മാത്രമേ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാവൂ എന്നാണ് സുരക്ഷാ ഏജൻസികൾ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഭാരത് ജോഡോ യാത്ര കശ്മീരിൽ പ്രവേശിക്കുക. ജനുവരി 25 ന് ബനിഹാലിൽ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തും. രണ്ട് ദിവസത്തിന് ശേഷം അനന്ത്‌നാഗ് വഴി ശ്രീനഗറിൽ പ്രവേശിക്കും.
രാഹുൽ ഗാന്ധിക്ക് നിലവിൽ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുണ്ട്. ഒമ്പത് കമാൻഡോകൾ അദ്ദേഹത്തിനൊപ്പം കാവലിന് ഉണ്ടാവാറുണ്ട്. യാത്രാ റൂട്ടിൽ നിരവധി സുരക്ഷാവീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടതിനാൽ അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിക്കണമെന്ന് കോൺഗ്രസ് കഴിഞ്ഞ മാസം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
മറുനാടന് ഡെസ്ക്