ശ്രീനഗർ: തന്റെ കുടുംബവും, ഗാന്ധിജിയും പഠിപ്പിച്ച ജീവിത പാഠങ്ങൾ പങ്കുവച്ച് ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം. ' എന്റെ കുടുംബവും ഗാന്ധിജിയും പഠിപ്പിച്ചത് ഭയരഹിതനായി ജീവിക്കാനാണ്, അതല്ലെങ്കിൽ എന്തുജീവിതം? ഞാൻ പ്രതീക്ഷിച്ചത് പോലെ കശ്മീരിലെ ജനങ്ങൾ എനിക്ക് ഗ്രനേഡ് അല്ല സ്‌നേഹമാണ് നൽകിയത്.

കശ്മീരിലേക്ക് കടന്നപ്പോൾ സുരക്ഷാ സൈനികർ എന്നോട് പദ യാത്ര അരുത്, വാഹനത്തിൽ സഞ്ചരിക്കണമെന്ന് നിർദ്ദേശിച്ചു. കാൽനടയായി സഞ്ചരിച്ചാൽ എനിക്ക് നേരേ ഗ്രനേഡ് എറിയുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നെ വെറുക്കുന്നവർക്ക് ഒരവസരം നൽകാൻ ഞാൻ തീരുമാനിച്ചു. എന്നാൽ, കശ്മീരിലേക്ക് കടന്നപ്പോൾ വീട്ടിൽ എത്തിയത് പോലെയായിരുന്നു, രാഹുൽ പറഞ്ഞു. രാജീവ് ഗാന്ധിയും ഇന്ദിരാ ഗാന്ധിയും തന്റെ കുടുംബത്തിനെ പിരിഞ്ഞുപോയപ്പോഴുണ്ടായ അനുഭവവും രാഹുൽ പങ്കുവച്ചു.

'3500 കിലോമീറ്റർ പിന്നിടാനാകുമെന്ന് ഉറപ്പില്ലായിരുന്നു. ജനങ്ങളുടെ പിന്തുണയാണ് യാത്ര പൂർത്തിയാക്കാൻ കാരണം. ജനങ്ങൾ നൽകിയ സ്‌നേഹം തന്നെ പലപ്പോഴും വികരാധീനനാക്കി.'' കനത്ത മഞ്ഞുവീഴ്ചയെ അവഗണിച്ച ശ്രീനഗറിൽ നടന്ന സമാപന സമ്മേളനത്തിൽ രാഹുൽ പറഞ്ഞു.

യാത്രയിലുടനീളം ജനം ഒപ്പമുണ്ടായതാണ് തനിക്ക് ഊർജമായതെന്ന് രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞു. രാജ്യത്തിന്റെ ശക്തി നിങ്ങളോടൊപ്പമുണ്ട്, ഒരാൾക്കും തണുക്കുകയോ നനയുകയോ ഇല്ല, രാഹുൽ പറഞ്ഞു. ഇന്ത്യ മുഴുവൻ പദയാത്ര നടത്തുന്നത് ഒരു പ്രശ്നമായി തോന്നിയില്ല. ഒട്ടേറെ മനുഷ്യരുടെ അനുഭവങ്ങളിലൂടെ കടന്നുപോയി. എത്രയോ സ്ത്രീകൾ കരഞ്ഞുകൊണ്ട് അവരുടെ ജീവിതം വിവരിച്ചു, രാഹുൽ കൂട്ടിച്ചേർത്തു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ശ്രീനഗറിലെ കോൺഗ്രസ് ഓഫിസിൽ പതാക ഉയർത്തി സമാപന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മെഗാറാലിയിൽ വിവിധ പ്രതിപക്ഷ കക്ഷി നേതാക്കൾ പങ്കെടുത്തു. സിപിഎം വിട്ടുനിന്നപ്പോൾ സിപിഐയെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി ഡി.രാജ പങ്കെടുത്തു. കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി, ആർഎസ്‌പിയിൽനിന്ന് എൻ.കെ.പ്രേമചന്ദ്രൻ എന്നിവരും മറ്റ് പ്രതിപക്ഷകക്ഷികളിലെ അംഗങ്ങളും സമാപന സമ്മേളനത്തിൽ പങ്കെടുത്തു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും റാലിയിൽ സംസാരിച്ചു.

കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ശ്രീനഗർ ജമ്മു ദേശീയപാത അടച്ചു. വിമാന സർവീസുകളെയും ബാധിച്ചു. സമാപന സമ്മേളനത്തിന് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന പല പ്രതിപക്ഷ നേതാക്കൾക്കും എത്തിച്ചേരാനായില്ല. ഡൽഹിയിൽനിന്നു ശ്രീനഗറിലേക്കുള്ള രണ്ട് വിമാനങ്ങളും വിസ്താര എയർലൈൻസ് റദ്ദാക്കി. ചടങ്ങിലേക്ക് 21 പാർട്ടികളെ ക്ഷണിച്ചിരുന്നുവെങ്കിലും ചിലർ സുരക്ഷാ കാരണങ്ങളാൽ പങ്കെടുക്കുന്നില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, ടിഡിപി തുടങ്ങിയ പാർട്ടികളാണ് പങ്കെടുക്കാത്ത പ്രമുഖ കക്ഷികൾ.