ഡൽഹി:രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനായി നടത്തുന്നതല്ല ഭാരത് ജോഡോ യാത്രയെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. അത്തരത്തിൽ മാത്രമുള്ള പ്രചരണ നടത്തി യാത്രയുടെ മൂല്യത്തെ വില കുറച്ച് കാണിക്കരുതെന്നും രാജ്യത്ത് ആര് പ്രധാനമന്ത്രിയാകണമെന്ന് ജനം തീരുമാനിക്കുമെന്നും കെ.സി പറഞ്ഞു.രാജസ്ഥാൻ വിഷയം പാർട്ടി നേതൃത്വം രമ്യമായി പരിഹരിക്കും.രാജസ്ഥാനിൽ 'കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നും എഐസിസി ജനറൽ സെക്രട്ടറി വ്യക്തമാക്കി.

അതേ സമയം ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്കെത്തുമ്പോൾ സംസ്ഥാനത്തെ കോൺഗ്രസ്സിൽ പൊട്ടിത്തെറിയുടെ സാഹചര്യമാണ് നിലനിൽക്കുന്നത്.സച്ചിൻ പൈലറ്റും അശോക് ഗഹ്ലോട്ടും തമ്മിലുള്ള വാക്‌പോരും വെല്ലുവിളിയും പരസ്യമായി തുടരുകയാണ്.രാജസ്ഥാനിൽ അശോക് ഗെലോട്ടിനും സച്ചിൻ പൈലറ്റിനും ഇടയിലെ തർക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇടപെടുന്നുവെന്നാണ് വിവരം.തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ മല്ലികാർജ്ജുൻ ഖർഗെ കാണും.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ തന്നെ വിഷയത്തിൽ ഇടപെടുന്നത് സോണിയ ഗാന്ധിയുടെ കൂടി നിലപാടറിഞ്ഞാണ്. അധ്യക്ഷനാകുന്നതിന് മുൻപ് രാജസ്ഥാൻ വിഷയം പരിഹരിക്കാൻ നിയോഗിച്ച സംഘത്തിൽ മല്ലികാർജ്ജുൻ ഖാർഗെയും ഉണ്ടായിരുന്നു. എന്നാൽ നിരീക്ഷകർ വിളിച്ച യോഗത്തിന് ഗലോട്ട് പക്ഷ എംഎൽഎമാർ എത്തുകപോലും ചെയ്യാതിരുന്നതോടെ ഖർഗെയ്ക്കും സംഘത്തിനും മടങ്ങേണ്ടി വന്നിരുന്നു.ഇതിന് ശേഷം ഇത് ആദ്യമായാണ് ഖർഗെ വിഷയത്തിൽ ഇടപെടുന്നത്.രാജസ്ഥാനിലെ തർക്കങ്ങൾ നിഷേധിക്കുന്ന കെ സി വേണുഗോപാലും ഈ മാസം 29ന് രാജസ്ഥാനിലെത്തും.

രാജസ്ഥാനിലെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച ചതിയന് മുഖ്യമന്ത്രിയാകാനാകില്ലെന്ന അശോക് ഗെലോട്ടിന്റെ പരാമർശം കോൺഗ്രസിലെ തർക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിന്റെ സൂചന നൽകുന്നതാണ്.നിയമസഭ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വർഷം മാത്രം ശേഷിക്കെ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിപദത്തിനായുള്ള ചരടുവലികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് അശോക് ഗലോട്ട് തുറന്നടിച്ചത്.ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് എത്തുന്നതിന് മുമ്പ് പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്നത് തടയാനാണ് നേതൃത്വത്തിന്റെ ശ്രമം.