- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബനിഹാൾ തുരങ്കം പിന്നിട്ടതോടെ വലിയ ആൾക്കൂട്ടം രാഹുലിനെ വളഞ്ഞു; നിയന്ത്രിക്കേണ്ട പൊലീസ് പെട്ടെന്ന് മാറിക്കളഞ്ഞെന്നും കോൺഗ്രസ്; സുരക്ഷാ വീഴ്ച എന്ന ആരോപണം നിഷേധിച്ച് ജമ്മു-കശ്മീർ പൊലീസ്; താൽക്കാലികമായി നിർത്തി വച്ച ഭാരത് ജോഡോ യാത്ര നാളെ പുനരാരംഭിക്കും
ശ്രീനഗർ: സുരക്ഷ കണക്കിലെടുത്ത് താൽക്കാലികമായി നിർത്തിവച്ച ഭാരത് ജോഡോ യാത്ര നാളെ പുനരാരംഭിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. നാളെ രാവിലെ ഒമ്പത് മണിക്ക് അനന്ത്‌നാഗ് മേഖലയിൽ നിന്ന് യാത്ര ആരംഭിക്കുമെന്ന് പാർട്ടി വ്യക്തമാക്കി. ജമ്മുവിൽ പര്യടനം തുടരുന്നതിനിടെ ബനിഹാലിൽ വച്ച് ആൾക്കൂട്ടം യാത്രയിൽ ഇരച്ചുകയറിയിരുന്നു. ഇതോടെയാണ് യാത്ര താൽക്കാലികമായി നിർത്തിവച്ചതായി നേതാക്കൾ അറിയിച്ചത്.
സിഎർപിഎഫിന്റെ അടക്കം സുരക്ഷ പെട്ടെന്ന് പിൻവലിക്കുന്ന സാഹചര്യമുണ്ടായെന്നും ഇത് വലിയ സുരക്ഷാ വീഴ്ചയാണെന്നും കോൺഗ്രസ് അറിയിച്ചിരുന്നു. എന്നാൽ സുരക്ഷാവീഴ്ച ഉണ്ടായില്ലെന്നും പാർട്ടി അറിയിച്ചതിലേറെ ആളുകൾ യാത്രയിൽ പങ്കുചേരാൻ എത്തിയതാണ് പ്രശ്‌നങ്ങൾ കാരണമെന്നും അധികൃതർ പ്രതികരിച്ചു. സുരക്ഷയിൽ വീഴ്ചയുണ്ടായിട്ടില്ല. 15 കമ്പനി സിആർപിഎഫിനെയും, 10 കമ്പനി ജമ്മു കശ്മീർ പൊലീസിനെയും വിന്യസിച്ചിരുന്നെന്നാണ് പൊലീസ് വിശദീകരണം. വലിയ ആൾക്കൂട്ടത്തെ യാത്രയിൽ ഉൾപ്പെടുത്തി. എന്നാൽ മുൻകൂട്ടി വിവരം പൊലീസിനെ അറിയിച്ചില്ല. യാത്ര നിർത്തുന്നതിന് മുൻപ് പൊലീസിനോട് ചർച്ച ചെയ്തില്ലെന്നും ജമ്മുകശ്മീർ പൊലീസ് പറയുന്നു.
കശ്മീരിലേക്ക് കടക്കുമ്പോൾ കടുത്ത ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകിയ സുരക്ഷാസേന പാതിവഴിയിൽ രാഹുലിനെ ഉപേക്ഷിച്ചെന്നായിരുന്നു കോൺഗ്രസ് ആരോപിച്ചത്. ബനിഹാളിൽ നിന്ന് അനന്ത് നാഗിലേക്കുള്ള യാത്ര തുടങ്ങി ഒരു കിലോമീറ്റർ പിന്നിട്ടപ്പോഴാണ് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായത്. ബനിഹാൾ തുരങ്കം പിന്നിട്ടതോടെ വലിയ ആൾക്കൂട്ടം രാഹുലിന്റെ അടുത്തേക്ക് എത്തി. അവരെ നിയന്ത്രിക്കേണ്ട പൊലീസ് പെട്ടെന്ന് മാറിക്കളഞ്ഞെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
സുരക്ഷാ ഉദ്യോഗസ്ഥർ പിൻവാങ്ങിയതോടെ തടിച്ച് കൂടിയ ജനക്കൂട്ടത്തിന് നടുവിൽ അര മണിക്കൂറോളം നേരം രാഹുൽ ഗാന്ധിക്ക് അനങ്ങാനായില്ല. ജനക്കൂട്ടത്തിന് നടുവിൽപ്പെട്ട രാഹുൽ ഗാന്ധിക്ക് മുന്നോട്ട് നീങ്ങാനായില്ല. അര മണിക്കൂറോളം നേരം അങ്ങനെ നിൽക്കേണ്ടി വന്നു. രാഹുലിന്റെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കാൻ നന്നേ പാടുപെടേണ്ടി വന്നു. ഏറെ കഷ്ടപ്പെട്ടാണ് രാഹുൽ ഗാന്ധിയെ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറ്റിയതെന്നും കോൺഗ്രസ് ആരോപിച്ചു. ഏറെ സുരക്ഷ ഭീഷണി നിലനിൽക്കുന്ന പ്രദേശത്ത് ആരുടെ നിർദ്ദേശപ്രകാരമാണ് സുരക്ഷ സേന പിന്മാറിയതെന്നായണ് കോൺഗ്രസ് ചോദ്യം.
മറുനാടന്‍ മലയാളി ബ്യൂറോ