ബംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും മുഖ്യമന്ത്രി പദവി പങ്കുവെക്കുമെന്ന് കരാറുണ്ടാക്കിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ എം.ബി പാട്ടീൽ. ഇരു നേതാക്കൾക്കിടയിൽ ഹൈക്കമാൻഡ് അത്തരമൊരു കരാർ ഉണ്ടായെന്ന വാർത്തകൾ സജീവമായിരുന്നു. എന്നാൽ, പരസ്യമായി ഒരു നേതാവും ഇത്തരം ധാരണയുണ്ടെന്ന് പറഞ്ഞതുമില്ല. ഈ സാഹചര്യത്തിലാണ് ടേം വ്യവസ്ഥ ഇല്ലെന്ന് വ്യക്തമാക്കി കർണാടക കോൺഗ്രസ് മന്ത്രിയും പ്രമുഖ ലിംഗായത്ത് നേതാവുമായ എം ബി പാട്ടീൽ രംഗത്തുവന്നത്.

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും ഡി.കെ. ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായും നിയമിച്ചു. എന്നാൽ ഇവർ തമ്മിൽ ടേം അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയാക്കാമെന്ന് തീരുമാനിച്ചിട്ടില്ല. ഹൈകമാൻഡുമായുള്ള ചർച്ചകളിലൊന്നും അത്തരമൊരു നിർശേദം മുന്നോട്ടുവെച്ചിട്ടില്ലെന്നും എം.ബി പാട്ടീൽ വ്യക്തമാക്കി.

സിദ്ധരാമയ്യയും ഡി.കെ ശിവകുമാറുമായി അധികാരം പങ്കുവെക്കലില്ല. ഹൈകമാന്റ് അത്തരമൊരു വിവരം ഞങ്ങളുമായി പങ്കുവെച്ചിട്ടില്ല. അത്തരം പദ്ധതികളുണ്ടെങ്കിൽ, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഞങ്ങളോട് പറയും. അടുത്ത അഞ്ചു വർഷവും സിദ്ധരാമയ്യ തന്നെയായിരിക്കും മുഖ്യമന്ത്രി - സിദ്ധരാമയ്യയുടെ വിശ്വസ്തൻ കൂടിയായ പാട്ടീൽ വ്യക്തമാക്കി.

സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും 2.5 വർഷം വീതം മുഖ്യമന്ത്രിയാകുമെന്ന് സംസാരമുണ്ടായിരുന്നു. അതേസമയം, 2024 ൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിലെ ഫലം കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തെ ബാധിക്കുമെന്നും പൊതു തെരഞ്ഞെടുപ്പിൽ നല്ല നേട്ടം കൊയ്യാനായാൽ കൂടുതൽ ആവശ്യങ്ങൾ ഉന്നയിക്കാനാകുമെന്നുമുള്ള തെരഞ്ഞെടുപ്പ് വിദഗ്ധരുടെ ഉപദേശമാണ് ഡി.കെയുടെ പിടിവാശിയെ ഒതുക്കിയതെന്നും റിപ്പോർട്ടുണ്ട്.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. 224 സീറ്റുകളിൽ 135 സീറ്റുകളിൽ ജയിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് അധികാരത്തിലേറിയത്. എന്നാൽ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തിന് വാശിപിടിക്കുകയായിരുന്നു. അഞ്ചു ദിവസം നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ ഹൈകമാന്റിന്റെ ഇടപെടലിനൊടുവിൽ ഡി.കെ ശിവകുമാർ മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കുകയും സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുകയുമായിരുന്നു. ഡി.കെക്ക് ഉപമുഖ്യമന്ത്രി പദമാണ് നൽകിയിരിക്കുന്നത്.


കർണാടക ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലമാണ് ഇപ്പോഴത്തെ നിലയിൽ ടേം വ്യവസ്ഥയിൽ നിർണായകമാകുക. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 135 സീറ്റ് ലഭിച്ചതുകൊണ്ടു മാത്രം താൻ തൃപ്തനല്ലെന്നും 2024 പാർലമന്റ് തെരഞ്ഞെടുപ്പ് വരെ ഭിന്നതകൾ മാറ്റിവെച്ച് ഊർജസ്വലമായി പ്രവർത്തിക്കണമെന്നും അദ്ദേഹം കോൺഗ്രസ് പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. പ്രവർത്തകർ അച്ചടക്കം പാലിക്കേണ്ടതുണ്ടെന്നും നിർണായക സമയത്ത് ശരിയായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഡി.കെ. ''ഞാൻ നിങ്ങളോട് ഒരു കാര്യം പറയട്ടെ. നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ 135 സീറ്റിൽ ഞാൻ തൃപ്തനല്ല. നമ്മുടെ ശ്രദ്ധ ശരിയായ ദിശയിലായിരിക്കണം. അതാണ് വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ്. ഇനി മുതൽ എല്ലാ വോട്ടെടുപ്പിലും കോൺഗ്രസ് പാർട്ടി മികച്ച പ്രകടനം നടത്തണം. നമ്മൾ എല്ലാവരും കഠിനാധ്വാനം ചെയ്യണം. ഇതൊരു തുടക്കം മാത്രമാണ്, ഒരു ജയം കൊണ്ട് മടിയന്മാരാകരുത്. ' ഡി.കെ പറഞ്ഞു.

പ്രവർത്തകർ ഒരു കാരണവശാലും തന്റെ വീട്ടിലോ സിദ്ധരാമയ്യയുടെ വീട്ടിലോ ഒത്തുകൂടരുത്. സംസ്ഥാനത്ത് സമാധാനം നിലനിർത്തുകയും അടുത്ത അഞ്ച് വർഷത്തേക്ക് ശക്തമായ ഭരണം നൽകുകയും വേണം. ഏത് നേതാവിന് എന്ത് സംഭവിച്ചാലും പാർട്ടിക്ക് പ്രഥമ പരിഗണന നൽകണം. പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നതിലൂടെ മാത്രമേ മതിയായ ഫലം മാത്രമേ ലഭിക്കുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ ഔദ്യോഗിക പ്രഖ്യാപിക്കുന്നതിന് മുമ്പ് ഡി.കെ ശിവകുമാറിനും സിദ്ധരാമയ്യക്കും മുഖ്യമന്ത്രി സ്ഥാനം നൽകണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ ഇവരുടെയും അനുയായികൾ പ്രതിഷേധിച്ചിരുന്നു.