പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ അത്ഭുതപ്പെടാനില്ലെന്നും, ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ദേശീയ അജണ്ട നടപ്പിലാക്കുകയായിരുന്നെന്നും ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ അതേ മാതൃകയാണ് ബിഹാറിലും കണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിഹാറിൽ അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ച സഖ്യത്തിന് 50 സീറ്റിൽ താഴെയാണ് ലഭിച്ചതെന്നും റാവത്ത് കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 'മുഖ്യമന്ത്രി മഹിളാ റോസ്ഗാർ യോജന' (എംഎംആർവൈ) പദ്ധതിയിലൂടെ 75 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10,000 രൂപ വീതം നിക്ഷേപിച്ചത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചതായി കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് ആരോപിച്ചു. തെരഞ്ഞെടുപ്പ് കാലയളവിൽ ഇത്തരത്തിൽ പണം വിതരണം ചെയ്തപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശബ്ദ കാഴ്ചക്കാരായി നിന്നെന്നും അദ്ദേഹം വിമർശിച്ചു. ഇത് വോട്ട് മോഷ്ടിക്കുന്നതിന് തുല്യമാണെന്ന് ഗെഹ്ലോട്ട് കുറ്റപ്പെടുത്തി.