- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തുടനീളമുള്ള 100 ലോക്‌സഭ മണ്ഡലങ്ങളിലായി 72,000 ബൂത്തുകളിൽ പാർട്ടി ദുർബ്ബലം; ഈ വർഷം നടക്കാനിരിക്കുന്ന ഒൻപതു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയം അതിപ്രധാനം; മോദി തന്നെ പ്രധാന പ്രചരണായുധം; കേന്ദ്രത്തിൽ ഹാട്രിക്കിന് കരുതലുമായി ദേശീയ എക്സിക്യൂട്ടീവ്; കേരളവും കർണ്ണാടകവും തമിഴ്‌നാടും നിർണ്ണായകം; ബിജെപി തന്ത്രമൊരുക്കുമ്പോൾ
ന്യൂഡൽഹി: കേന്ദ്രത്തിൽ ഭരണ തുടർച്ചയ്ക്ക് വേണ്ടി ബിജെപി തന്ത്രമൊരുക്കൽ തുടങ്ങി. ഇനി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജയിക്കുകയാണ് ആദ്യ ലക്ഷ്യം. ഇതിന് വേണ്ടി ഡൽഹിയിൽ ബിജെപി നടത്തുന്ന ദ്വിദിന ദേശീയ എക്‌സിക്യൂട്ടീവിൽ കരുതലോടെയാണ് ചർച്ചകൾ നടത്തുന്നത്. 2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ് ഒൻപത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ കാണുന്നതെന്ന് യോഗം വിലയിരുത്തി.
രാജ്യത്തുടനീളമുള്ള 100 ലോക്‌സഭ മണ്ഡലങ്ങളിലായി 72,000 ബൂത്തുകളിലാണ് പാർട്ടി ദുർബലമായിട്ടുള്ളത്്. ഇതെല്ലാം ബിജെപി തിരിച്ചറിയുന്നുണ്ട് ഇവിടെയാണ് എത്തേണ്ടത്. എന്നാൽ 1.3 ലക്ഷം ബൂത്തുകളിലെത്തി പാർട്ടി നയങ്ങൾ പ്രചരിപ്പിച്ചുവെന്നും ബിജെപി വിലയിരുത്തുന്നു. പ്രധാനമന്ത്രിക്കൊപ്പം 35 കേന്ദ്രമന്ത്രിമാരും 12 മുഖ്യമന്ത്രിമാരും 37 പ്രാദേശിക തലവന്മാരും ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 350 പാർട്ടി പ്രവർത്തകരും യോഗത്തിലുണ്ട്. ദേശീയ എക്‌സിക്യൂട്ടീവിന്റെ ആദ്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ റോഡ്‌ഷോയും അരങ്ങേറി.
ഈ വർഷം നടക്കാനിരിക്കുന്ന ഒൻപതു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയമാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യം. '2023 ഞങ്ങൾക്ക് പ്രധാനപ്പെട്ട വർഷമാണ്. അടുത്ത വർഷം ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ വർഷം നടക്കുന്ന ഒൻപത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും വിജയം ഉറപ്പാക്കണമെന്നാണ് ജെ.പി.നഡ്ഡ യോഗത്തിൽ പറഞ്ഞത്. ബുത്തു തലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കും. ഇതിനാണ് തന്ത്രമൊരുക്കൽ. ബിജെപിയുടെ ബൂത്തു തല പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാൻ ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. കേരളവും തമിഴ്‌നാടും അതിനിർണ്ണായകമാണ്. രണ്ടിടത്തും സംഘടനാ പ്രവർത്തനം ശക്തമാക്കും. കർണ്ണാടകയിലും ഭരണതുടർച്ചയ്ക്ക് കരുതലുകളെടുക്കും. ഇതെല്ലാം കേന്ദ്ര ഭരണത്തിന് നിർണ്ണായകമാണെന്നാണ് വിലയിരുത്തൽ.
മോദി സർക്കാരിനു കീഴിൽ ഇന്ത്യ പല മേഖലകളിലും കുതിച്ചു കൊണ്ടിരിക്കുകയാണെന്ന് വാർത്താസമ്മേളനത്തിൽ മുതിർന്ന നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. 'ഇംഗ്ലണ്ടിനെപ്പോലും പിന്തള്ളി ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറി. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊൈബൽ ഫോൺ നിർമ്മാതാക്കളാണ് ഇന്ത്യ. മൊബൈൽ ഫോണുകൾ ഇറക്കുമതി ചെയ്യുന്ന 2013-14 ൽ നിന്ന് അവ കയറ്റുമതി ചെയ്യുന്ന തലത്തിലേക്ക് നാം എത്തിയിരിക്കുന്നു.'-രവിശങ്കർ പറഞ്ഞു.
പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം തകർന്നടിഞ്ഞെന്ന് ധനമന്ത്രി നിർമല സീതാരാമനും ആരോപിച്ചു. പെഗസസ്, റഫാൽ, സെൻട്രൽ വിസ്ത, സംവരണം, നോട്ടുനിരോധിക്കൽ...ഇവയൊക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ. എന്നാൽ ഇവയെല്ലാം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും നിർമല പറഞ്ഞു. മോദി സർക്കാരിനെതിരെ പ്രതിപക്ഷം തരംതാണ നിലവാരത്തിലാണ് ആരോപണമുന്നയിക്കുന്നതെന്നു രാഷ്ട്രീയ പ്രമേയം കുറ്റപ്പെടുത്തി.
പെഗസസ്, റഫാൽ, ഇഡിക്ക് കൂടുതൽ അധികാരം, സെൻട്രൽ വിസ്റ്റ പദ്ധതി, നോട്ട് നിരോധനം എന്നിവയിൽ പ്രതിപക്ഷ ആരോപണങ്ങൾ സുപ്രീം കോടതി തന്നെ തള്ളിക്കളഞ്ഞതായി രാഷ്ട്രീയ പ്രമേയത്തിൽ പറഞ്ഞു. നിയമമന്ത്രി കിരൺ റിജിജുവാണ് പ്രമേയം അവതരിപ്പിച്ചത്. ഹിമാചലിൽ ഭരണത്തുടർച്ചയ്ക്കുള്ള ശ്രമത്തിൽ വിജയിക്കാനായില്ലെന്നു ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ സമ്മതിച്ചു. 5 വർഷം കൂടുമ്പോൾ ഭരണമാറ്റമെന്ന പാരമ്പര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു.
കേരളത്തിൽ നിന്ന് ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടി, മന്ത്രി വി.മുരളീധരൻ, സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, നിർവാഹക സമിതി അംഗങ്ങളായ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, സംസ്ഥാന ഭാരവാഹികളായ എം.ഗണേശ്, കെ.സുഭാഷ് തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ