- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മൾ കഠിനാധ്വാനം ചെയ്യുന്നതിനിടെ നമുക്കിടയിലെ ചിലർ അനാവശ്യമായി സിനിമകളെപ്പറ്റിയും മറ്റും വിവാദ പ്രസ്താവനകൾ നടത്തുന്നു; പിന്നീട് മാധ്യമങ്ങളിലെല്ലാം നിറഞ്ഞുനിൽക്കുന്നത് ആ വിവാദമായിരിക്കും; പഠാൻ പ്രതിഷേധം മോദിക്കും ഇഷ്ടമായില്ല; യുവാക്കളെ അടുപ്പിക്കാൻ വേണ്ടത് വിവാദമല്ലെന്ന് പ്രധാനമന്ത്രി; ഇനി 'ബിജപി ജോഡോ അഭിയാൻ'
ന്യൂഡൽഹി: കേന്ദ്ര ഭരണത്തിൽ ഹാട്രിക്കാണ് പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യം. ഇതിന് വേണ്ടി 18നും 25നും ഇടയിൽ പ്രായമുള്ളവരെ ഒപ്പം നിർത്തണമെന്ന് ബിജെപി തിരിച്ചറിയുന്നു. ഇതിനുള്ള ഊർജിത ശ്രമങ്ങൾ ബിജെപി തുടങ്ങും. ഇതിനുള്ള കർമ്മ പദ്ധതിയിലേക്ക് കടക്കാൻ ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗം നിർദ്ദേശിച്ചു. അകന്നുനിൽക്കുന്ന ജനവിഭാഗങ്ങളെ പാർട്ടിയോട് അടുപ്പിക്കാനായി 'ബിജപി ജോഡോ അഭിയാൻ' ആരംഭിക്കും. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുമ്പോഴാണ് ബിജെപിയും അതേ പേരിൽ രാഷ്ട്രീയ പ്രചരണവുമായി എത്തുന്നത്.
അനാവശ്യ വിവാദങ്ങളിലൂടെ സർക്കാരിന്റെയും പാർട്ടിയുടെയും ജനക്ഷേമനടപടികൡനിന്നു ശ്രദ്ധ തിരിക്കുന്നതിനെതിരെ ബിജെപി നിർവാഹക സമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനവും ഉണ്ടായി. സമീപകാലത്ത് 'പഠാൻ' സിനിമയ്‌ക്കെതിരെയുണ്ടായ ബഹിഷ്‌കരണാഹ്വാനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പരാമർശം. ''നമ്മൾ കഠിനാധ്വാനം ചെയ്യുന്നതിനിടെ നമുക്കിടയിലെ ചിലർ അനാവശ്യമായി സിനിമകളെപ്പറ്റിയും മറ്റും വിവാദ പ്രസ്താവനകൾ നടത്തുന്നു. പിന്നീട് മാധ്യമങ്ങളിലെല്ലാം നിറഞ്ഞുനിൽക്കുന്നത് ആ വിവാദമായിരിക്കും'' മോദി പറഞ്ഞു.
ബിജെപി നേതാക്കൾ നടത്തുന്ന ബഹിഷ്‌കരണ ആഹ്വാനങ്ങളിൽ നരേന്ദ്ര മോദിക്ക് അതൃപ്തി പ്രകടിപ്പിച്ചു. സിനിമകൾക്ക് എതിരെ അനാവശ്യ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് നേതാക്കൾ വിട്ടുനിൽക്കണമെന്ന് ബിജെപി യോഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശം നൽകി. ഷാരൂഖ് ഖാന്റെ പുതിയ ചിത്രം പഠാൻ ഉൾപ്പെടെയുള്ളവയ്ക്ക് എതിരെ ബഹിഷ്‌കരണ ആഹ്വാനവുമായി ബിജെപി-സംഘപരിവാർ നേതാക്കൾ രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ നിർദ്ദേശം. 'ചിലർ സിനിമകൾക്ക് എതിരെ പ്രതികരണം നടത്തുന്നു. ഇത് എല്ലാ ദിവസും ടിവിയിലും പത്രങ്ങളിലും വരുന്നു. അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കണം'- പ്രധാനമന്ത്രി പറഞ്ഞു.
ഇത്തരം വിവാദങ്ങൾ യുവാക്കളെ പാർട്ടിയിൽ നിന്ന് അകറ്റുമോ എന്ന ഭയം മോദിക്കുണ്ട്. അതുകൊണ്ടാണ് വിവാദം വേണ്ടെന്ന് പ്രധാനമന്ത്രി പറയുന്നത്. ബിജെപി സർക്കാർ അധികാരത്തിൽ വരുമ്പോൾ ചെറുപ്രായക്കാരായിരുന്ന ഇവരെ പാർട്ടിയുടെ സദ്ഭരണവും മുൻസർക്കാരുകളുടെ ദുർഭരണവും പറഞ്ഞുപഠിപ്പിക്കണമെന്നു നിർവാഹക സമിതിയുടെ സമാപന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു.ന്യൂനപക്ഷങ്ങളടക്കമുള്ളവരെ ബിജെപിയുടെ കർമപദ്ധതിയിൽ അണിചേർക്കാൻ മോദി ആഹ്വാനം ചെയ്തത് 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാനൂറിലേറെ സീറ്റുകൾ ലക്ഷ്യമിട്ടാണ്. ഏകീകൃത സിവിൽ കോഡ് അടക്കമുള്ള ലക്ഷ്യം നേടാൻ 400ൽ അധികം സീറ്റ് വേണമെന്നാണ് മോദിയുടെ നിർദ്ദേശം.
സ്വാതന്ത്ര്യത്തിന്റെ 100ാം വാർഷികം വരെയുള്ള കാലയളവിൽ രാഷ്ട്രീയ പാർട്ടി എന്നതിലപ്പുറം സമൂഹത്തിന്റെ ചാലകശക്തി എന്ന നിലയ്ക്ക് ബിജെപി മാറണമെന്നായിരുന്നു മോദിയുടെ ആഹ്വാനം. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പാർട്ടി സജീവമാകണം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു പ്രത്യേക ശ്രദ്ധ നൽകണമെന്നും ഭാഷാഭേദമില്ലാതെ എല്ലാവരെയും മുഖ്യധാരയിലേക്കു ചേർത്തുനിർത്തണമെന്നും മോദി പറഞ്ഞു. പാർട്ടിയുടെ പ്രാഥമിക അംഗത്വമുള്ളവരുടെ സമ്മേളനങ്ങൾ എല്ലാ ജില്ലകളിലും വിളിച്ചു ചേർക്കാനും തീരുമാനമുണ്ടായി.
ദുർബലമായ അവസ്ഥയിൽനിന്ന് ലോകത്തിലെ അഞ്ചാമത്തെ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിയെന്നു ഫഡ്‌നാവിസ് അവതരിപ്പിച്ച സാമ്പത്തികസാമൂഹിക പ്രമേയത്തിൽ പറയുന്നു. മോദി ഭരണം സമാനതകളില്ലാത്ത മുന്നേറ്റമുണ്ടാക്കിയതായി പ്രമേയത്തെ പിന്തുണച്ചു പ്രസംഗിച്ച വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ന്യൂനപക്ഷങ്ങൾ അടക്കം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും ബിജെപി നേതാക്കളും അണികളും എത്തിച്ചേരണമെന്നാണ് മോദിയുടെ നിർദ്ദേശം.
ബൊഹ്റ, പസ്മന്ത, സിഖ് തുടങ്ങിയ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ തുറകളിലേക്കും നേതാക്കൾ എത്തിച്ചേരണം. കേന്ദ്ര മന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള 350 മുതിർന്ന നേതാക്കളോടായിരുന്നു മോദിയുടെ അഭ്യർത്ഥന. ഇന്ത്യയുടെ ഏറ്റവും മികച്ച യുഗം വരാനിരിക്കുന്നതേയുള്ളു എന്നും വികസനത്തിനായി നമ്മൾ സ്വയം സമർപ്പിക്കണമെന്നും മോദി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്നും പ്രതിപക്ഷത്തെ ചെറുതായി കാണരുതെന്നും യോഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശം നൽകി. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും അവരുടെ പ്രശ്‌നങ്ങളിൽ ഇടപെട്ട് വോട്ട് ഉറപ്പാക്കണമെന്നും മോദി നിർദ്ദേശം നൽകി.
ബിജെപി നിലവിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനം മാത്രമല്ല, സാമൂഹിക പ്രസ്ഥാനം കൂടിയാണ്. സാമുഹിക-സാമ്പത്തിക സാഹചര്യങ്ങളെ പരിവർത്തനം ചെയ്യാൻ പ്രയത്നിക്കുന്ന സാമുഹിക പ്രസ്ഥാനം. 18 നും 25 നും മധ്യേയുള്ള യുവാക്കൾ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിന് സാക്ഷികളായിട്ടില്ല. മുൻ കേന്ദ്രസർക്കാരുകളുടെ കാലത്ത് ഉണ്ടായ അഴിമതിയും കൊള്ളരുതായ്മകളും അവർക്ക് അറിയില്ല. ഇതിനെ കുറിച്ച് അവരെ ബോധവത്കരിക്കണം. ബിജെപിയുടെ സദ്ഭരണത്തെ കുറിച്ച് അവരുടെയിടയിൽ അവബോധം സൃഷ്ടിക്കണം, പ്രധാനമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ