കവരത്തി: ലക്ഷദ്വീപ് ബിജെപിയിലെ ഭിന്നത പുതിയ തലത്തിലേക്ക്. യുവമോര്‍ച്ച മുന്‍ അദ്ധ്യക്ഷന്‍ മഹദാ ഹുസൈന്‍ ശരത് പവാര്‍ നയിക്കുന്ന എന്‍സിപിയില്‍ ചേര്‍ന്നു. ഇതോടെ മഹദക്കായ് പണിയെടുത്ത മീഡിയാ കണ്‍വീനറടക്കമുള്ളവരെ പുറത്താക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യംഉന്നയിക്കുന്നുണ്ട്. മഹദാ ഹുസൈന് സമരവഴികളിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതമെന്ന് മുന്‍ എം.പി മുഹമ്മദ് ഫൈസല്‍ പ്രതികരിക്കുകയും ചെയ്തു. ലക്ഷദ്വീപിലെ എന്‍സിപിയിലെ പ്രമുഖനാണ് മുഹമ്മദ് ഫൈസല്‍.

പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് എന്നും അടിത്തറ ജനമുന്നേറ്റങ്ങളാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയമല്ല പ്രസ്ഥാനം അന്നും ഇന്നും മുന്നോട്ട് വെക്കുന്നത്. നീതി നിഷേധങ്ങള്‍ക്കെതിരെ, അവകാശ ലംഘനങ്ങള്‍ക്കെതിരെ, അര്‍ഹമായവ നേടി എടുക്കാന്‍ വേണ്ടി, ബ്യൂറോക്രസിയുടെ അപ്രമാദത്തിന് എതിരെ, തെറ്റായ, ജനഹിതമല്ലാത്ത സര്‍ക്കാര്‍ നയരൂപീകരണത്തിന് എതിരെ, തൂലിക കൊണ്ടും, നിയമം കൊണ്ടും, സമരം കൊണ്ടും പോരാടുക, പൊരുതുക എന്നതാണ് രാഷ്ട്രീയ ലക്ഷ്യം എന്ന് പഠിപ്പിച്ച നേതാവിന്റെ അനുയായികള്‍ ഇന്നും അത് ചോര്‍ന്ന് പോവാതെ കാത്ത് സംരക്ഷിച്ചു നിര്‍ത്തുന്നുമെന്ന് പറഞ്ഞ് കൊണ്ടാണ് ഫൈസല്‍ മഹദയെ സ്വാഗതം ചെയ്യുന്ന ചിത്രം പങ്ക് വെച്ചത്.

തിരഞ്ഞെടുപ്പിന്റെ വിജയപരാജയങ്ങള്‍ക്കപ്പുറം ആശയത്തിലും പ്രവര്‍ത്തനത്തിലും ആകൃഷ്ടരായി ജനങ്ങളും, ജന നേതാക്കളും പാര്‍ട്ടിയിലേക്ക് വരുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ യുവ നേതാവ് മഹദ ഈ പ്രസ്ഥാനത്തിലേക്ക് കടന്ന് വരുന്നത്. കെട്ടകാലത്തിന്റെ രാഷ്ട്രീയ ജാഗ്രതയില്‍ മുന്നോട്ട് പോകുന്ന നമുക്ക് ഈ കടന്ന് വരവ് വലിയ ഊര്‍ജ്ജമാകുമെന്നും പോരാടാനും, പോരാട്ടങ്ങള്‍ക്ക് ശക്തി പകരാനും ജനാബ് മഹദാ ഹുസൈനെ പ്രസ്ഥാനത്തിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു വെന്നാണ് ഫൈസല്‍ കുറിച്ചത്.

എന്നാല്‍ അച്ചടക്ക നടപടി എടുത്ത് പുറത്താക്കിയ മഹദ ഹുസൈന്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലടക്കം എന്‍സിപി ശരത് പവാര്‍ വിഭാഗത്തിനൊപ്പമാണ് നിലകൊണ്ടതെന്നും ഇയ്യാള്‍ക്കായി പണിയെടുത്ത ഒറ്റുകാരാണ് ഇനി പുറത്താകേണ്ടതെന്നുമാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ പ്രതികരണം. പുറത്താക്കിയിട്ടും ഇയ്യാള്‍ക്കായി പണിയെടുത്ത മീഡിയാ കണ്‍വീനര്‍ അടക്കമുള്ളവര്‍ പ്രസ്ഥാനത്തോട് മാപ്പ് പറയണമെന്നും ഒരു വിഭാഗം ബിജെപി നേതാക്കള്‍ ആവശ്യപ്പെടുന്നു. ബിജെപി യിലെ ചേരിപ്പോര് പുതിയ തലത്തിലേക്ക് എത്തിയതോടെ ദേശീയ നേതൃത്വവും നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്.

കുലം കുത്തികളും ഒറ്റുകാരുമാണ് പുറത്ത് പോയതെന്നും ചിലര്‍ ഫൈസലിനെ കാണാന്‍ നടത്തിയ ഡല്‍ഹി യാത്രകളുടെ വിവരങ്ങളാണ് ഇനി പുറത്ത് വരാനുള്ളതെന്നും ബിജെപി ശുദ്ധീകരണത്തിന്റെ പാതയിലാണെന്നും ചില നേതാക്കള്‍ പറയുന്നു. ലക്ഷദ്വീപിലെ പ്രശ്‌നങ്ങളെ ഗൗരവത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം എടുക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ വിഷയങ്ങളെ ഗൗരവത്തിലെടുത്തിട്ടുണ്ട്.