- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് എതിരായ വാര്‍ത്തകള്‍ക്ക് പിന്നില്‍ ബി ജെ പി യിലെ ഒരു വിഭാഗം നേതാക്കള്‍ എന്ന സംശയവും കേന്ദ്ര നേതൃത്വത്തിന് മുന്നിലേക്ക്; ഇരു എന്സിപികളുടേയും ലയന ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ വെട്ടിലാകുന്നത് ആര്?
കവരത്തി : ടെന്റ് സിറ്റി നിര്‍മ്മാണം , ജീവനക്കാരുടെ പിരിച്ച് വിടല്‍ , പണ്ടാര ഭൂമി ഏറ്റെടുക്കല്‍ അങ്ങനെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനെ ലക്ഷ്യമിട്ടുള്ള വാര്‍ത്തകള്‍ക്ക് പിന്നില്‍ ബി ജെ പി യിലെ തന്നെ ഒരു വിഭാഗം നേതാക്കളാണെന്ന ആരോപണം ദേശീയ നേതൃത്വത്തിന്റെ മുന്നിലേക്ക്. പാര്‍ട്ടി വിട്ട് പോയ യുവമോര്‍ച്ച മുന്‍ അദ്ധ്യക്ഷന് വേണ്ടി മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കിയത് പാര്‍ട്ടിയിലെ പ്രധാനിയാണെന്നാണ് സൂചന. കര്‍ഷക മോര്‍ച്ച മുന്‍ ജനറല്‍ സെക്രട്ടറി ഷംസുദീന് നേതൃത്വം മീഡിയാ കണ്‍വീനറുടെ ചുമതല നല്‍കിയത് ഈ പശ്ചാത്തലത്തിലാണ്.
എന്‍സിപി ശരത് പവാര്‍ വിഭാഗത്തിന് ഒപ്പം ചേര്‍ന്ന മുന്‍ യുവമോര്‍ച്ച അദ്ധ്യക്ഷന്‍ മഹദ ഹുസൈന്‍ ബി ജെ പി യിലെ തന്റെ ബന്ധുക്കളെ ഒപ്പം നിര്‍ത്തിയാണ് അഡ്മിനിസ്‌ട്രേഷനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതെന്നാണ് ആരോപണം. സേവ് ലക്ഷദ്വീപ് സമരം മുതല്‍ പാര്‍ട്ടിക്ക് വേണ്ടി പ്രതിരോധം തീര്‍ക്കാന്‍ പരാജയപ്പെട്ടവര്‍ ഇപ്പോള്‍ ആസൂത്രിതമായി ബി ജെ പി ക്കെതിരെ രംഗത്തു വരികയാണ് എന്നാണ് സൂചന. പാര്‍ട്ടിയില്‍ നിന്ന് നേടാവുന്നതൊക്കെ നേടിയ ഇവരുടെ ചതി തിരിച്ചറിയണമെന്നാണ് ഒരു വിഭാഗം ബി ജെ പി നേതാക്കള്‍ പറയുന്നത്.
കൊച്ചിയിലെ ഹോട്ടലുകള്‍ മാധ്യമ പ്രവര്‍ത്തകനായി ബുക്ക് ചെയ്ത് ചില ബി ജെ പി നേതാക്കള്‍ നടത്തിയ ആഘോഷവും ചില നേതാക്കളുടെ ഡല്‍ഹി യാത്രയും എന്തിനായിരുന്നെന്ന സംശയവും ബി ജെ പി നേതാക്കള്‍ പ്രകടിപ്പിക്കുന്നു. അതേസമയം അജിത് പവാര്‍ പക്ഷ എന്‍സിപിയും ശരത് പവാര്‍ പക്ഷ എന്‍സിപിയും ലയന ചര്‍ച്ചകളിലേക്ക് കടക്കുന്നത് ദ്വീപിലെ ശരത് പവാര്‍ പക്ഷ നേതാക്കളെയും ബിജെപി നേതാക്കളെയും ഒരു പോലെ വെട്ടിലാക്കുകയാണ്. എന്നാല്‍ ലയനം സാധ്യമായാല്‍ ദ്വീപിലെ എന്‍ഡിഎയിലെ വലിയ പാര്‍ട്ടിയായി എന്‍ സി പി മാറുകയും ചെയ്യും.
ലയനം സാധ്യമായാല്‍ മുന്‍ എം പി മുഹമ്മദ് ഫൈസല്‍ അടക്കമുള്ളവര്‍ എന്ത് നിലപാട് സ്വീകരിക്കും എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. അതേസമയം പുനസംഘടനയിലേക്ക് കടന്ന ബിജെപിയില്‍ കുടുംബ വാഴ്ച്ചയാണ് പ്രധാന ചര്‍ച്ചാ വിഷയം . പിതാവ് പ്രസിഡന്റ് ,മകന്‍ ജില്ലാ പ്രസിഡന്റ് , മകള്‍ക്കും മരുമകനും പദവികളും സ്ഥാനമാനങ്ങളും വേണ്ടപ്പെട്ടവര്‍ക്ക് ദ്വീപ് യാത്രകള്‍ അങ്ങനെ ചുമതലകളും അധികാരങ്ങളും സ്ഥാനമാനങ്ങളും പങ്കിട്ട് നല്‍കുന്ന ഇടപാട് ഇനി അനുവദിക്കില്ലെന്നുമാണ് ഒരു വിഭാഗം
പ്രവര്‍ത്തകര്‍ പറയുന്നത്.
പാര്‍ട്ടിക്ക് ഒരു വിദ്യാസമ്പന്നനും വിശ്വാസ്യതയുമുള്ള, യുവജനങ്ങളെ പ്രചോദിപ്പിക്കാന്‍ കഴിവുള്ള , ദ്വീപിന്റെ സംസ്‌ക്കാരത്തെയും പൈതൃകത്തേയും സംരക്ഷിക്കുന്ന ഒറ്റുകാരനല്ലാത്ത ഒരു നേതാവാണ് ആവശ്യമെന്നാണ് ചിലരുടെ നിലപാട്. വിവാദങ്ങളില്‍ കുടുങ്ങിയ ആളെ ഇനിയും നേതൃത്വത്തില്‍ വേണമോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. കൊച്ചിയില്‍ ഒഡീഷക്കാരിയായ വീട്ട് വേലക്കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ആള്‍ എങ്ങനെ ബി ജെ പി പരിപാടിക്കെത്തി എന്ന് വ്യക്തമാക്കണമെന്നും
ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നു.
കൊച്ചി കേന്ദ്രീകരിച്ചുള്ള അധികാര കേന്ദ്രങ്ങളുടെ പാര്‍ട്ടിയെ നിയന്ത്രിക്കുന്ന വഴിവിട്ട ബന്ധങ്ങളും നടപടികളും ഇനി അനുവദിക്കില്ലെന്നും ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. കേന്ദ്ര നേതൃത്വം ഇതില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതികരണത്തിനാണ് ഒരു വിഭാഗം നേതാക്കള്‍ തയ്യാറെടുക്കുന്നത് .