- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാർട്ടി ബിജെപി, ആസ്തി 6,046 കോടി! മറ്റു ദേശീയ പാർട്ടികൾക്കെല്ലാംകൂടി 2780 കോടിയും; കോൺഗ്രസിന് 805 കോടി; കേരളത്തിൽ മാത്രമേ ഭരണമുള്ളൂവെങ്കിലും സിപിഎമ്മിന്റെ ആസ്തി 735 കോടിയിൽ
ന്യൂഡൽഹി: രാജ്യത്തെ രാഷ്ട്രീയ പാർട്ടികളുടെ സമ്പദ് വിവരങ്ങൾ പുറത്തുവരുമ്പോൾ കേന്ദ്രത്തിലെയും ബഹുഭൂരിപക്ഷം വരുന്ന സംസ്ഥാനങ്ങളിലും അധികാരം കൈയാളുന്ന ബിജെപി സമ്പത്തിലും മുന്നിൽ. മറ്റു ദേശീയ പാർട്ടികളെ അപേക്ഷിച്ചാണ് ബിജെപിയുടെ ആസ്തി ഏറ്റവും ഉയർന്നു നിൽക്കുന്നത്. 2021-'22-ൽ ബിജെപി. വെളിപ്പെടുത്തിയതുപ്രകാരം അവർക്ക് 6046 കോടി രൂപയുടെ ആസ്തിയാണെങ്കിൽ മറ്റ് ഏഴ് ദേശീയപ്പാർട്ടികൾക്കെല്ലാംകൂടി ആകെയുള്ളത് 2780 കോടിയാണ്. ഇത് ബിജെപി.യുടെ ആസ്തിയുടെ 46 ശതമാനമേ വരൂം.
2020-'21-ൽ രാജ്യത്തെ എട്ട് ദേശീയപ്പാർട്ടികളുടെ ആകെ ആസ്തി 7297 കോടിയായിരുന്നത് 2021-'22-ൽ 8829 കോടിയായി. ഇക്കാലയളവിൽ ബിജെപി.യുടെ ആസ്തി 4990 കോടിയിൽനിന്ന് 21 ശതമാനം വർധനയോടെ 6046 കോടിയായി ഉയർന്നു. ആസ്തിയിൽ രണ്ടാംസ്ഥാനത്തുള്ള കോൺഗ്രസിന്റേത് 691 കോടിയിൽനിന്ന് 16.5 ശതമാനം വർധിച്ച് 805 കോടിയായി.
പതിറ്റാണ്ടുകൾ രാജ്യംഭരിച്ച കോൺഗ്രസിന്റെ തൊട്ടുപിന്നിൽത്തന്നെ സിപിഎമ്മുമുണ്ട്. കേരളത്തിൽ മാത്രം ഭരണം ഉള്ളൂവെങ്കിലും സിപിഎം ആസ്തിയിൽ അത്രയ്ക്ക് പിന്നിലല്ല. സിപിഎമ്മിന്റെ ആസ്തി മേൽപ്പറഞ്ഞ കാലയളവിൽ 654 കോടിയിൽനിന്ന് 735 കോടിയായി ഉയർന്നു. പാർട്ടികൾ വെളിപ്പെടുത്തിയ ആസ്തി പരിശോധിച്ച് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ.) തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ദേശീയപ്പാർട്ടികളിൽ ആസ്തി കുറഞ്ഞത് മായാവതിയുടെ ബി.എസ്‌പി.ക്കു മാത്രമാണ്. ബി.എസ്‌പി.ക്ക് 732 കോടിയിൽനിന്ന് 5.74 ശതമാനം കുറഞ്ഞ് 690 കോടിയായി. വർധന നിരക്ക് ഏറ്റവും കൂടുതൽ തൃണമൂൽ കോൺഗ്രസിനാണ്. അവരുടെ ആസ്തി ഒരുവർഷംകൊണ്ട് 182 കോടിയിൽനിന്ന് 151 ശതമാനം ഉയർന്ന് 458 കോടിയായി.
എൻ.സി.പി.യുടെ ആസ്തി 31 കോടിയിൽനിന്ന് 74.5 കോടിയായും സിപിഐ.യുടേത് 14 കോടിയിൽനിന്ന് 15.7 കോടിയായും ഉയർന്നു. സിപിഐ.ക്ക് പിന്നീട് ദേശീയപ്പാർട്ടി പദവി നഷ്ടപ്പെട്ടു. എൻ.സി.പി.യിൽനിന്ന് പുറത്താക്കപ്പെട്ട പി.എ. സാങ്മ രൂപവത്കരിച്ച നാഷണൽ പീപ്പിൾസ് പാർട്ടി (ഇന്ത്യ)യുടെ ആസ്തി 1.74 കോടിയിൽനിന്ന് 1.82 കോടിയായി വർധിച്ചു.
വാണിജ്യ, വ്യാവസായിക, ബിസിനസ് സ്ഥാപനങ്ങളുടെ ആസ്തി കണക്കാക്കുന്ന മാനദണ്ഡമല്ല ഇവയുടെ കീഴിൽവരാത്ത രാഷ്ട്രീയപ്പാർട്ടികളുടെ കാര്യത്തിൽ സ്വീകരിക്കുന്നത്. തിരഞ്ഞെടുപ്പുകമ്മിഷൻ അഭ്യർത്ഥിച്ചപ്രകാരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.) 2012ൽ തയ്യാറാക്കിയ മാർഗരേഖയനുസരിച്ചാണ് പാർട്ടികളുടെ ആസ്തി കണക്കാക്കുന്നത്.
പാർട്ടികളും ആസ്തിയും
ബിജെപി 6,046.81 കോടി
കോൺഗ്രസ് 805.68 കോടി
സിപിഎം 735 കോടി
ബിഎസ്‌പി 690.71 കോടി
തൃണമൂൽ കോൺഗ്രസ് 458.10 കോടി




