- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണവില കുതിച്ചുയരാൻ കാരണം ബി.ജെ.പി നേതാക്കൾ; 'ഇരുമ്പ് ഇരട്ട എഞ്ചിൻ' സ്വർണമായി മാറിയെന്ന് പരിഹാസം; അഴിമതിപ്പണം സ്വർണമടക്കം വിലയേറിയ ലോഹങ്ങളിലേക്ക് മാറ്റിയെന്ന് അഖിലേഷ് യാദവ്
ന്യൂഡൽഹി: രാജ്യത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി നിൽക്കുന്നതിന് പിന്നിൽ ബി.ജെ.പി നേതാക്കളുടെ കള്ളപ്പണ ഇടപാടുകളാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷനും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. സാധാരണക്കാരുടെ സ്വർണ്ണാഭരണങ്ങളോടുള്ള വർദ്ധിച്ച ആവശ്യകത കാരണമല്ല, മറിച്ച് ബി.ജെ.പി നേതാക്കളുടെ വൻതോതിലുള്ള പൂഴ്ത്തിവയ്പാണ് വിലക്കയറ്റത്തിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു.
എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലാണ് അഖിലേഷ് യാദവ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ നടക്കുന്നത് 'സ്വർണ്ണവൽക്കരണ'മാണെന്നും, ബി.ജെ.പി നേതാക്കൾ അഴിമതിപ്പണം സ്വർണമടക്കം വിലയേറിയ ലോഹങ്ങളിലേക്ക് സുരക്ഷിതമായി മാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു. "ബി.ജെ.പി ഭരണത്തിൽ സ്വർണ്ണ വില കുതിച്ചുയരുന്നതിന്റെ കാരണം സാധാരണക്കാർക്കിടയിൽ സ്വർണ്ണത്തിന്റെ ആവശ്യകത വർദ്ധിച്ചതല്ല; മറിച്ച്, അഴിമതിക്കാരായ ബി.ജെ.പി അംഗങ്ങൾ അവരുടെ ദ്രവരൂപത്തിലുള്ള കള്ളപ്പണം ഖര ആസ്തികളാക്കി മാറ്റുന്ന 'സ്വർണ്ണവൽക്കരണ' പ്രക്രിയയാണ് കാരണം," യാദവ് പറഞ്ഞു.
ബി.ജെ.പിയുടെ 'ഇരുമ്പ് ഇരട്ട എഞ്ചിൻ' യഥാർത്ഥത്തിൽ സ്വർണ്ണമായി മാറിയോ എന്നും അദ്ദേഹം പരിഹസിച്ചു. അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കിടയിലും രാജ്യത്ത് ആഡംബര ലോഹങ്ങളുടെ വില ഉയരുന്നത് എന്തുകൊണ്ടാണെന്ന് സർക്കാർ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് സ്വർണവില അനിയന്ത്രിതമായി കുതിച്ചുയരുന്നത് സാധാരണക്കാരുടെ പരമ്പരാഗത വിവാഹച്ചടങ്ങുകളെപ്പോലും സാരമായി ബാധിക്കുന്നുണ്ട്. ചൊവ്വാഴ്ച 10 ഗ്രാമിന് 1,17,561 രൂപയായിരുന്ന സ്വർണ്ണ വില ബുധനാഴ്ച ഡൽഹിയിൽ 1,18,790 രൂപയായി ഉയർന്നു. ഇനിയും വില വർദ്ധിക്കാനുള്ള സാധ്യതകൾ നിലനിൽക്കെ, സർക്കാർ ഇത് സംബന്ധിച്ച് വിശദീകരണം നൽകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.