- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത ആത്മവിശ്വാസം പാടില്ല; പ്രതിപക്ഷത്തെ ചെറുതായി കാണരുത്; അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രവർത്തിക്കണം; ന്യൂനപക്ഷങ്ങൾ അടക്കം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും തിരഞ്ഞെടുപ്പ് പരിഗണനകളില്ലാതെ ഇറങ്ങി ചെല്ലണം; സിനിമകൾക്ക് എതിരെ ബഹിഷ്‌കരണ പരാമർശങ്ങൾ അരുതെന്നും നരേന്ദ്ര മോദി; നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ കൂടിയാലോചിച്ച് ബിജെപി നിർവാഹക സമിതി യോഗം
ന്യൂഡൽഹി: ന്യൂനപക്ഷങ്ങൾ അടക്കം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും ബിജെപി നേതാക്കളും അണികളും എത്തിച്ചേരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് പരിഗണനകൾ അരുത്. ഡൽഹി എൻ ഡി എം സി കൺവൻഷൻ സെന്ററിൽ നടന്ന ബിജെപി. ദേശീയ നിർവാഹക സമിതി യോഗത്തിലാണ് മോദി ഇങ്ങനെ ആവശ്യപ്പെട്ടത്.
ബൊഹ്‌റ, പസ്മന്ത, സിഖ് തുടങ്ങിയ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ തുറകളിലേക്കും നേതാക്കൾ എത്തിച്ചേരണം. കേന്ദ്ര മന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള 350 മുതിർന്ന നേതാക്കളോടായിരുന്നു മോദിയുടെ അഭ്യർത്ഥന. ഇന്ത്യയുടെ ഏറ്റവും മികച്ച യുഗം വരാനിരിക്കുന്നതേയുള്ളു എന്നും വികസനത്തിനായി നമ്മൾ സ്വയം സമർപ്പിക്കണമെന്നും മോദി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്നും പ്രതിപക്ഷത്തെ ചെറുതായി കാണരുതെന്നും യോഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശം നൽകി. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് വോട്ട് ഉറപ്പാക്കണമെന്നും മോദി നിർദ്ദേശം നൽകി.
ബിജെപി നിലവിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനം മാത്രമല്ല, സാമൂഹിക പ്രസ്ഥാനം കൂടിയാണ്. സാമുഹിക-സാമ്പത്തിക സാഹചര്യങ്ങളെ പരിവർത്തനം ചെയ്യാൻ പ്രയത്‌നിക്കുന്ന സാമുഹിക പ്രസ്ഥാനം. 18 നും 25 നും മധ്യേയുള്ള യുവാക്കൾ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിന് സാക്ഷികളായിട്ടില്ല. മുൻ കേന്ദ്രസർക്കാരുകളുടെ കാലത്ത് ഉണ്ടായ അഴിമതിയും കൊള്ളരുതായ്മകളും അവർക്ക് അറിയില്ല. ഇതിനെ കുറിച്ച് അവരെ ബോധവത്കരിക്കണം. ബിജെപിയുടെ സദ്ഭരണത്തെ കുറിച്ച് അവരുടെയിടയിൽ അവബോധം സൃഷ്ടിക്കണം, പ്രധാനമന്ത്രി പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ സംബന്ധിച്ചാണ് നിർവാഹക സമിതി യോഗത്തിന്റെ ആദ്യ ദിവസം പ്രധാനമായും ചർച്ച നടന്നത്. പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യം വെച്ചുള്ള ഒൻപതിന പ്രമേയങ്ങളും യോഗത്തിൽ ചർച്ചയായി. പ്രചാരണത്തിന് മോദി വന്നാൽ ബിജെപി ജയിക്കുമെന്ന വിധത്തിലുള്ള അമിത ആത്മവിശ്വാസം പാടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാർട്ടി ജയിക്കണമെങ്കിൽ പ്രവർത്തകർ കഠിനാദ്ധ്വാനം ചെയ്യണം. മറിച്ച്, മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നാൽ ജയിക്കുമെന്ന മാനസികനിലയോടെ പ്രവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നേതാക്കൾ നടത്തുന്ന ബഹിഷ്‌കരണ ആഹ്വാനങ്ങളിൽ നരേന്ദ്ര മോദിക്ക് അതൃപ്തി പ്രകടിപ്പിച്ചു. സിനിമകൾക്ക് എതിരെ അനാവശ്യ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് നേതാക്കൾ വിട്ടുനിൽക്കണമെന്ന് ബിജെപി യോഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശം നൽകി. ഷാരൂഖ് ഖാന്റെ പുതിയ ചിത്രം പഠാൻ ഉൾപ്പെടെയുള്ളവയ്ക്ക് എതിരെ ബഹിഷ്‌കരണ ആഹ്വാനവുമായി ബിജെപി-സംഘപരിവാർ നേതാക്കൾ രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ നിർദ്ദേശം.
'ചിലർ സിനിമകൾക്ക് എതിരെ പ്രതികരണം നടത്തുന്നു. ഇത് എല്ലാ ദിവസും ടിവിയിലും പത്രങ്ങളിലും വരുന്നു. അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കണം'- പ്രധാനമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ