- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിയുടെ മാതാവിനെതിരായ പരാമര്‍ശം: രാഹുല്‍ ഗാന്ധിയുടെ വാഹനം വ്യൂഹം തടഞ്ഞ് ബി.ജെ.പി പ്രതിഷേധം; പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കി പോലീസ്
പ്രധാനമന്ത്രിയുടെ മാതാവിനെതിരായ പരാമര്‍ശം: രാഹുല്‍ ഗാന്ധിയുടെ വാഹനം വ്യൂഹം തടഞ്ഞ് ബി.ജെ.പി പ്രതിഷേധം
റായ്ബറേലി: നരേന്ദ്ര മോദിയുടെ മാതാവിനെ വോട്ടര്‍ അധികാര്‍ യാത്രക്കിടെ പാര്‍ട്ടി പ്രവര്‍ത്തകന്‍ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. റായ്ബറേലി ലോക്‌സഭ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് രാഹുലിന് നേരെ പ്രതിഷേധം ഉയര്‍ന്നത്.
രാഹുലിന്റെ വാഹനം കടന്നു പോകുന്ന റോഡില്‍ ബി.ജെ.പി പതാകയുമായി നിന്ന് പ്രവര്‍ത്തകര്‍ രാഹുലിനും കോണ്‍ഗ്രസിനും എതിരെ മുദ്രാവാക്യം വിളിച്ചു. റോഡ് ഉപരോധിക്കാന്‍ ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പിന്നീട് മാധ്യമങ്ങളോട് സംസാരിച്ച രാഹുല്‍ ഗാന്ധി 'വോട്ട് ചോര്‍ ഗദ്ദി ചോര്‍' എന്ന മുദ്രാവാക്യം രാജ്യത്തെമ്പാടും വ്യാപിപ്പിക്കാന്‍ സാധിച്ചെന്നും ഇനിയും ഇക്കാര്യം കൂടുതലായി തെളിയിക്കുമെന്നും പറഞ്ഞു.
വോട്ട് കൊള്ളക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്‍ഡ്യ മുന്നണി ബിഹാറില്‍ നടത്തിയ വോട്ടര്‍ അധികാര്‍ യാത്രക്കിടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നുള്ള ഒരാളാണ് മോദിയുടെ മാതാവിനെതിരെ മോശം പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, പരാമര്‍ശത്തോട് പ്രതികരിച്ച കോണ്‍ഗ്രസ് രാഹുലിനും മാതാവ് സോണിയ ഗാന്ധിക്കും എതിരെ ബി.ജെ.പി നേതാക്കള്‍ മോശം പരാമര്‍ശം നടത്തിയിട്ടുണ്ട് ചൂണ്ടിക്കാട്ടി.
അതേസമയം, മാതാവിനെതിരായ പരാമര്‍ശത്തില്‍ പ്രതികരിച്ച മോദി, രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത, മരിച്ചുപോയ തന്റെ അമ്മയെയാണ് കോണ്‍ഗ്രസും ആര്‍.ജെ.ഡിയും അധിക്ഷേപിച്ചതെന്ന് പറഞ്ഞു. രാജ്യത്തെ മുഴുവന്‍ സ്ത്രീകളെയുമാണ് കോണ്‍ഗ്രസും ആര്‍.ജെ.ഡിയും അപമാനിച്ചത്. ഇത്തരക്കാര്‍ ഭരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് സുരക്ഷയുണ്ടാകില്ലെന്നും മോദി ആരോപിച്ചു.
അധിക്ഷേപകരമായ പരാമര്‍ശം തന്നെയും ബിഹാറിലെ മൊത്തം ജനങ്ങളെയും വേദനിപ്പിച്ചു. മരിച്ചുപോയ തന്റെ അമ്മയെക്കുറിച്ച് ഇത്തരമൊരു അധിക്ഷേപം ചിന്തിക്കാവുന്നതിലും അപ്പുറമാണെന്നായിരുന്നു മോദിയുടെ വാക്കുകള്‍.