മുംബൈ: തിരഞ്ഞെടുപ്പിൽ 400 ന് മേലേ സീറ്റുകൾ നേടാനാണ് എൻഡിഎ ലക്ഷ്യമിടുന്നത്. ബിജെപി ഒറ്റയ്ക്ക് 370 സീറ്റും. പരമാവധി സീറ്റുകൾ നേടാനുള്ള ബിജെപിയുടെ പരിശ്രമം മഹാരാഷ്ട്രയിൽ അനുഗ്രഹമാകുന്നത് സമീപകാലത്ത് രാഷ്ട്രീയ മറവിയിലാണ്ട മഹാരാഷ്ട്ര നവനിർമ്മാൺ സേനയ്ക്കാണ്( എം എൻ എസ്). ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ വെല്ലുവിളി നേരിടാൻ രാജ് താക്കറെയുടെ പാർട്ടിയെ കൂട്ടുപിടിക്കുകയാണ് ബിജെപി. ഇതിന്റെ ഭാഗമായി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി രാജ് താക്കറെ കൂടിക്കാഴ്ച നടത്തി. മകൻ അമിത് താക്കറെയ്‌ക്കൊപ്പമാണ് അദ്ദേഹം ഡൽഹിയിലെത്തിയത്.

' ഡൽഹിയിലേക്ക് വരാൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് വന്നത്. നമുക്ക് കാണാം' എന്ന് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് പറഞ്ഞ രാജ് താക്കറെ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചില്ല. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഉടൻ അറിയിക്കാമെന്ന് എംഎൻഎസ് നേതാവ് സന്ദീപ് ദേശ്പാണ്ഡെ പറഞ്ഞു. ദക്ഷിണ മുംബൈ, ഷിർദി, നാസിക് എന്നീ മൂന്ന് സീറ്റുകൾ താക്കറെ തന്റെ പാർട്ടിയായ എംഎൻഎസിന് വേണ്ടി ആവശ്യപ്പെട്ടുവെന്നാണ് സൂചന.

എന്തുകൊണ്ട് ബിജെപി എം എൻ എസുമായി അടുക്കുന്നു?

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയിലെ രാഷ്ട്രീയാന്തരീക്ഷം ആകെ മാറി. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ ശിവസേനയും ബിജെപിയും ഒന്നിച്ചാണ് നേരിട്ടത്. 48 സീറ്റുകളിൽ 41 എണ്ണം നേടാൻ സഖ്യത്തിന് സാധിച്ചു. മാസങ്ങൾക്ക് ശേഷം നിയമസഭാ തിരഞ്ഞെടുപ്പിലും വൻവിജയം നേടാനായി. എന്നാൽ അധികാരത്തെ ചൊല്ലിയുള്ള തർക്കത്തിൽ ശിവസേന എൻഡിഎ വിടുകയായിരുന്നു.

ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന വിഭാഗം പിന്നീട് എൻസിപി-കോൺഗ്രസ് കൂട്ടുകെട്ടിൽ സർക്കാരുണ്ടാക്കി. എന്നാൽ, നാടകം അവസാനിച്ചില്ല. 2022 ൽ സേന നേതാവ് ഏക്‌നാഥ് ഷിൻഡെയുടെ കലാപത്തിൽ ഉദ്ധവ് താക്കറെ സർക്കാർ വീണു. ഷിൻഡെ ബിജെപിക്ക് കൈ കൊടുത്ത് സർക്കാരുണ്ടാക്കി. നിയമപോരാട്ടത്തിൽ ഉദ്ധവ് താക്കറെയ്ക്ക് പാർട്ടി പേരും ചിഹ്നവും നഷ്ടമായി. ശിവസേന ഉദ്ധവ് ബാലസാഹേബ് താക്കറെ എന്നായി പുതിയ പേര്.

സമാനരീതിയിൽ ശരദ് പവാറിന്റെ എൻസിപിയെയും ബിജെപി പിളർത്തി. അജിത് പവാർ പക്ഷം ഔദ്യോഗിക എൻസിപിയായി. എൻസിപി ശരത്ചന്ദ്ര പവാറായി പഴയ ഔദ്യോഗിക പക്ഷത്തിന് തൃപ്തിപ്പെടേണ്ടി വന്നു. 2019ലെ നേരിട്ടുള്ള പോരാട്ടത്തിന് പകരം ഇപ്പോൾ പല തട്ടിലെ യുദ്ധമാണ്. ബിജെപി, എൻസിപി അജിത് പവാർ, ശിവസേന ഷിൻഡെ വിഭാഗങ്ങൾ ഒരുവശത്തും, കോൺഗ്രസ്, ശരദ് പവാർ, ഉദ്ധവ് താക്കറെ വിഭാഗങ്ങൾ മറുവശത്തും.

ഈ പശ്ചാത്തലത്തിൽ റിസ്‌ക് എടുക്കാൻ ബിജെപി തയ്യാറല്ല. 370 സീറ്റ് നേടുക എന്ന ലക്ഷ്യത്തിൽ ഉദ്ധവ് താക്കറെ ഘടകത്തെ നേരിടാൻ കസിൻ രാജ് താക്കറെയുടെ സഹായം തേടിയിരിക്കുകയാണ്.

എംഎൻസ് മോഹിക്കുന്നത് വലിയ തിരിച്ചുവരവ്

ഉദ്ധവുമായി തെറ്റി പിരിഞ്ഞ് 2006 ലാണ് രാജ് താക്കറെ എംഎൻഎസ് രൂപീകരിക്കുന്നത്. 2009 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 13 സീറ്റുമായി മികച്ച പ്രകടനം കാഴ്ച വച്ചു. എന്നാൽ, 2014 ൽ വലിയ തോൽവി നേരിട്ടു. ഒരുസീറ്റ് മാത്രം. 2019 ലും ഈ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല.

പിന്നീട് ചില വിവാദ പ്രസ്താവനകൾ ഒക്കെ പുറത്തുവിട്ട് രാഷ്ട്രീയത്തിൽ ശ്രദ്ധയാകർഷിക്കാൻ രാജ് താക്കറെ പാടുപെടുകയായിരുന്നു. ശിവസേന പിളർന്നപ്പോൾ ഉദ്ധവിന് എതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഷിൻഡെയുമായി അടുക്കാനും രാജ് ശ്രമിച്ചു. ബിജെപിയുമായി സീറ്റ് ധാരണയിൽ എത്തിയാൽ, എംഎൻഎസിന് അതൊരു തിരിച്ചുവരവിനുള്ള ലോട്ടറിയാകും.