- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഭാവനകൾ കൂമ്പാരമായി എത്തിയത് ബിജെപിയുടെ പണപ്പെട്ടിയിൽ; രാഷ്ടീയ പാർട്ടികൾക്കുള്ള ഇലക്ടറൽ ബോണ്ടുകളിൽ പകുതിയിൽ ഏറെയും ഒഴുകിയത് ബിജെപിയിലേക്ക്; രാജ്യം ഭരിക്കുന്ന കക്ഷിക്ക് 5270 കോടി കിട്ടിയപ്പോൾ കോൺഗ്രസിന് കിട്ടിയത് 964 കോടി മാത്രം; മൂന്നാമത് മമതയുടെ തൃണമൂലും
ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള കടപത്രങ്ങളാണ് ഇലക്ടറൽ ബോണ്ടുകൾ. ആരാണ് പണം നൽകുന്നത് എന്ന് പാർട്ടികൾ വെളിപ്പെടുത്തേണ്ടതില്ല. ഭരണകക്ഷിയായ ബിജെപിക്കാണ് പകുതിയിൽ അധികം ഇലക്ടറൽ ബോണ്ടുകൾ കിട്ടിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്. 2018 മാർച്ചിനും 2022 നും മധ്യേയുള്ള കണക്കാണിത്.
ഇലക്ടറൽ ബോണ്ടുകളിൽ 57 ശതമാനവും നേടിയത് ബിജെപിയാണ്. 10 ശതമാനം മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. ഇലക്ടറൽ ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് ആകെ ലഭിച്ചത് 9,208 കോടി രൂപയാണ്. ഇതിൽ 57 ശതമാനം വരുന്ന 5,270 കോടി ലഭിച്ചത് ബിജെപിക്കാണ്. 964 കോടി രൂപയാണ് കോൺഗ്രസിന് ലഭിച്ചത്. മൂന്നാമതുള്ള തൃണമൂൽ കോൺഗ്രസിന് എട്ടുശതമാനം വരുന്ന 767 കോടി രൂപ ലഭിച്ചു.
ബിജെപി 2022 മാർച്ചുവരെയുള്ള സാമ്പത്തിക വർഷം 1,033 കോടി, 2021ൽ 22.38 കോടി, 2020ൽ 2,555 കോടി, 2019ൽ 1450 കോടി എന്നിങ്ങനെയാണ് നേടിയത്. 2022 സാമ്പത്തിക വർഷം 253 കോടി രൂപയാണ് കോൺഗ്രസ് നേടിയത്. 2021ൽ പത്ത് കോടി, 2020 ൽ 317 കോടി, 2019ൽ 383 കോടി എന്നിങ്ങനെയാണ് നേടിയത്. തൃണമൂൽ കോൺഗ്രസിന് 2022 മാർച്ച് വരെയുള്ള സാമ്പത്തിക വർഷം 528 കോടി, 2021ൽ 42 കോടി, 2020ൽ 100 കോടി, 2019ൽ 97 കോടി എന്നിങ്ങനെയാണ് ലഭിച്ചത്.
എന്താണ് ഇലക്ടറൽ ബോണ്ടുകൾ?
പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളിൽ നിന്നും നിശ്ചിതതുകയ്ക്കുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങാം. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇത്തരത്തിൽ സംഭാവനകൾ നൽകാം. ആയിരം, പതിനായിരം, ഒരു ലക്ഷം പത്ത് ലക്ഷം എന്നിങ്ങനെയാണ് ബോണ്ടുകളുടെ മൂല്യം. ഓരോ തുകയുടെയും ഗുണിതങ്ങളായി എത്ര രൂപ വേണമെങ്കിലും സംഭാവന ചെയ്യാം.
ആരാണ് പണം നൽകുന്നത് എന്ന് പാർട്ടികൾ വെളിപ്പെടുത്തേണ്ടതില്ല. പാർട്ടികൾക്ക് അവരുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകൾ വഴി സംഭാവന ചെയ്യപ്പെട്ട തുക പിൻവലിക്കാം. 2017ൽ അരുണ ജെയ്റ്റ്‌ലിയാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്. പലിശ രഹിതമാണ് എന്നതിന് പുറമേ നിലവിലെ സാഹചര്യത്തിൽ ബോണ്ടുകൾ തിരിച്ചു നൽകി പണം വാങ്ങാനും സാധിക്കില്ല. ഓരോ സാമ്പത്തിക പാദത്തിന്റെയും ആദ്യ പതിനഞ്ച് ദിവസമാണ് ഇലക്ടറൽ ബോണ്ടുകളുടെ കാലാവധി. ഇതിനുള്ളിൽ ബോണ്ടുകൾ പണമാക്കി മാറ്റണം. 2018 മാർച്ച് 18 -നാണ് ഈ ഫിനാൻസ് ബിൽ ഒരു ചർച്ചയുമില്ലാതെ പാസാക്കിയത്. രാജ്യസഭയെ മറികടന്ന് മണി ബില്ലാക്കിയായിരുന്നു ഇത്.
വിമർശനം
രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നത് ആരെന്ന് വെളിപ്പെടുത്തേണ്ടത് ഇല്ലാത്തതിനാൽ, അധികാര ദുർവിനിയോഗത്തിലേക്കും, അഴിമതിയിലേക്കും ഈ സംവിധാനം നയിക്കാമെന്നാണ് പൊതുവെയുള്ള വിമർശനം. കള്ളപ്പണം വെളുപ്പിക്കാനും ഇലക്ടറൽ ബോണ്ടുകളെ കരുവാക്കാം. രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യത ഇല്ലാതാക്കുന്നതാണ് ഇലക്ടറൽ ബോണ്ടുകളെന്നും, സമ്പന്നരായ ഫണ്ട് ദാതാക്കൾക്ക് അന്യായ ആനുകൂല്യം നൽകുന്നതാണെന്നും വിമർശകർ പറയുന്നു. ഇലക്ടറൽ ബോണ്ടുകൾക്കെതിരെയുള്ള ഒരുകൂട്ടം ഹർജികൾ സുപ്രീം കോടതി ഈ മാസാവസാനം പരിഗണിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ