ന്യൂഡൽഹി: ബിൽ പാസാക്കി നാലുവർഷത്തിന് ശേഷം പൗരത്വ ഭേദഗതി നിയമം യാഥാർഥ്യമായി. പൗരത്വ ഭേദഗതി നിയമം നടപ്പാക്കികൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. 2019 ൽ വൻ പ്രതിഷേധങ്ങൾക്കിടയാണ് പാർലമെന്റ് നിയമം പാസാക്കിയത്. അന്നുണ്ടായ അക്രമങ്ങളിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടിരുന്നു. ബിജെപി ഇതര സംസ്ഥാനങ്ങളും, പ്രതിപക്ഷ കക്ഷികളും വലിയ എതിർപ്പാണ് നിയമം നടപ്പാക്കുന്നതിന് എതിരെ ഉയർത്തിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സിഎഎ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. ഈ ആഴ്ച തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന് അഭ്യൂഹങ്ങൾ പരക്കവെയാണ് കേന്ദ്രസർക്കാരിന്റെ നിർണായക പ്രഖ്യാപനം പുറത്തുവന്നത്.

പൗരത്വ നിയമഭേദഗതിയുടെ ചട്ടങ്ങളാണു നിലവിൽ വന്നത്. കേരളം, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകളുടെ എതിർപ്പുകൾ നിലനിൽക്കെയാണു നിർണായക പ്രഖ്യാപനം. അസമിൽ വൻതോതിലുള്ള സുരക്ഷാ കവചം ഒരുക്കിയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അവധിയിലുള്ള പൊലീസുകാരെ ഡ്യൂട്ടിയിലേക്കു തിരിച്ചുവിളിപ്പിച്ചാണ് സിഎഎ പ്രഖ്യാപനം നടത്തിയത്. വ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമെന്നു സിഎഎ പ്രാബല്യത്തിൽ വന്നതിനുപിന്നാലെ മമത ബാനർജി പ്രതികരിച്ചു.

2019ൽ പാർലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങളാണ് കേന്ദ്ര സർക്കാർ ഇന്ന് വിജ്ഞാപനം ചെയ്തത്. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള നടപടികൾ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പൗരത്വത്തിനുള്ള അപേക്ഷകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ സ്വീകരിച്ചുതുടങ്ങും.

2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്‌സഭ പാസ്സാക്കിയത്. 2020 ജനുവരി 10-ന് നിയമം നിലവിൽ വന്നെങ്കിലും ചട്ടങ്ങൾ രൂപവത്കരിക്കാത്തതിനാൽ നടപ്പാക്കിയിരുന്നില്ല. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ എത്തിയ ഹിന്ദു, സിഖ്, ജെയിൻ, ക്രിസ്ത്യൻ, ബുദ്ധ, പാർസി മതവിശ്വാസികൾക്ക് പൗരത്വം നൽകുന്നതിനുള്ള നിയമഭേദഗതിയാണ് പാർലമെന്റ് പാസ്സാക്കിയിരുന്നത്. 2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിൽ എത്തിയവർക്കാണ് പൗരത്വത്തിനായി അപേക്ഷ നൽകാൻ കഴിയുകയെന്നാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

സിഎഎ നടപ്പിലാക്കില്ലെന്ന് കേരളവും ബംഗാളും ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങൾ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓൺലൈൻ വഴിയാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഇതിനായി പ്രത്യേക പോർട്ടൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. പൗരത്വത്തിന് അപേക്ഷിക്കുന്നവർ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വർഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരിൽനിന്ന് രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

സിഎഎ നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകളും വിവിധ മുസ്ലിം സംഘടനകളും രാജ്യവ്യാപക പ്രതിഷേധം നടത്തിയിരുന്നു. മുസ്ലിം ലീഗ് ഉൾപ്പടെ നൽകിയ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സിഎഎ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. ഈ ആഴ്ച തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ പരക്കവെയാണ് കേന്ദ്ര സർക്കാരിന്റെ നിർണായക പ്രഖ്യാപനം പുറത്തുവരുന്നത്. 2019 ഡിസംബറിലാണ് സിഎഎ നിയമം പാർലമെന്റിൽ പാസാക്കിയത്.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത് മുഖ്യ പ്രചാരണ വിഷയങ്ങളിൽ ഒന്നായി ഉയർത്തിക്കാട്ടാൻ കൂടി ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് സിഎഎ നടപ്പാക്കുമെന്നും ആർക്കും അക്കാര്യത്തിൽ സംശയം വേണ്ടെന്നും നേരത്തെ അമിത് ഷാ പറഞ്ഞിരുന്നു.