കൊല്‍ക്കത്ത: ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്‍ പാസാക്കുന്നതിന് നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. അടുത്തയാഴ്ച നിയമസഭാ സമ്മേളനം വിളിച്ച് പത്ത് ദിവസത്തിനുള്ളില്‍ ബില്‍ പാസാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയില്‍ ബില്‍ പാസാക്കിയ ശേഷം ഗവര്‍ണര്‍ സി.വി ആനന്ദ ബോസിന്റെ അംഗീകാരത്തിനായി അയക്കും. എന്നാല്‍ ബില്‍ പാസാക്കുമോയെന്നതില്‍ സംശയമുണ്ട്. അല്ലാത്തപക്ഷം രാജ്ഭവന് പുറത്ത് പ്രതിഷേധിക്കുമെന്നും അദ്ദേഹത്തിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും മമത പറഞ്ഞു.

ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പാസാക്കുന്ന ബില്‍ ഗവര്‍ണര്‍ക്ക് അയക്കും. ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ താന്‍ കുത്തിയിരിക്കുമെന്നും മമത അറിയിച്ചു. കൊല്‍ക്കത്തയിലെ റാലിയിലായിരുന്നു മമത ബാനര്‍ജിയുടെ പ്രഖ്യാപനം.

കൊല്‍ക്കത്തയില്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മമത ബാനര്‍ജി ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. രാജ്യത്ത് സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളിലും പീഡനങ്ങളിലും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേഗത്തിലെടുക്കാന്‍ പ്രത്യേക നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് മമത ബാനര്‍ജി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു.

രാജ്യത്ത് ഓരോ ദിവസവും 90 പീഡനങ്ങള്‍ നടക്കുന്നുണ്ടെന്നും സ്ഥിതി അശങ്കാജനകമാണെന്നുമാണ് കത്തില്‍ മമത ബാനര്‍ജി പറയുന്നത്. അതേസമയം, ഒരു വശത്ത് കുറ്റവാളികളെ സംരക്ഷിക്കുന്ന മമതയുടെ ഇരട്ടത്താപ്പാണിതെന്നാണ് ബിജെപിയുടെ വിമര്‍ശനം.

ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിഷയത്തില്‍ പശ്ചിമബംഗാളില്‍ ബി.ജെ.പി. ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുകയാണ്. ചൊവ്വാഴ്ചത്തെ കൊല്‍ക്കത്ത സെക്രട്ടേറിയേറ്റ് മാര്‍ച്ചിനു നേര്‍ക്കുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി. ബുധനാഴ്ച സംസ്ഥാനത്ത് 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുമണിവരെയാണ് ബന്ദ്.

വിവിധ മേഖലകളില്‍ ബിജെപി പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി. പുലര്‍ച്ചെ മുതല്‍ റോഡുകളും റെയില്‍വേ ട്രാക്കുകളും പ്രതിഷേധക്കാര്‍ തടഞ്ഞു. മുന്‍ രാജ്യസഭാ എംപി രൂപ ഗാംഗുലി, എംഎല്‍എ അഗ്‌നിമിത്ര പോള്‍ ഉള്‍പ്പെടെ നിരവധി ബിജെപി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്..