- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴനാട്ടിൽ ബിഹാറുകാരായ തൊഴിലാളികൾ അക്രമിക്കപ്പെട്ടുവെന്ന് പ്രചാരണം; തമിഴ്‌നാട് ബിജെപി അധ്യക്ഷനെതിരെ കേസെടുത്ത് പൊലീസ്; രണ്ട് വിഭാഗങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കുന്ന തരത്തിൽ പ്രകോപനമെന്ന പേരിൽ കേസ്; തന്റേടമുണ്ടെങ്കിൽ അറസ്റ്റു ചെയ്യാൻ അണ്ണാമലൈയുടെ വെല്ലുവിളി
ചെന്നൈ: തമിഴ്‌നാട്ടിൽ ബിഹാറുകാരായ തൊഴിലാളികൾ അക്രമിക്കപ്പെട്ടുവെന്ന പ്രചാരണവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് വിഭാഗങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കുന്ന തരത്തിൽ പ്രകോപനം നടത്തിയെന്നതിന്റെ പേരിലാണ് അണ്ണാമലൈക്കെതിരെ തമിഴ്‌നാട് ക്രൈംബ്രാഞ്ചിന്റെ സൈബർ വിഭാഗം കേസെടുത്തിരിക്കുന്നത്.
അടുത്തിടെ ഡിഎംകെയുടെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെ തുടർന്നാണ് തമിഴ്‌നാട്ടിൽ കുടിയേറ്റ തൊഴിലാളികളോടുള്ള വിവേചനം ആരംഭിച്ചതെന്ന് അണ്ണമാലൈ തമിഴ്‌നാട് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ നടത്തിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. നിരവധി ഡിഎംകെ മന്ത്രിമാരെയും എംഎൽഎമാരെയും എംപിമാരെയും അദ്ദേഹം പേരെടുത്തു പരാമർശിച്ചിരുന്നു. സംഭവം വിവാദമായതോടെ തമിഴ്‌നാട് സർക്കാർ തുടർ നടപടികളുമായി മുന്നോട്ടു പോയി.
ഉത്തരേന്ത്യൻ തൊഴിലാളികൾ തമിഴ്‌നാട്ടിൽ അക്രമിക്കപ്പെട്ടുവെന്ന വാർത്ത തെറ്റാണെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പൊലീസ് മേധാവിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതരസംസ്ഥാന തൊഴിലാളികൾ ഭയപ്പെടേണ്ടതില്ല. തമിഴ്‌നാട് സർക്കാരും ജനങ്ങളും അവരെ സഹോദരങ്ങളായിക്കണ്ട് സംരക്ഷിക്കുമെന്നും സ്റ്റാലിൻ പറയുകയുണ്ടായി. ഇതിനിടെ ബിഹാറുകാരായ തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന വാർത്തയെത്തുടർന്ന് ബിഹാർ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ ശനിയാഴ്ച തമിഴ്‌നാട്ടിലെത്തിയിരുന്നു. ചെന്നൈയിൽ സംസ്ഥാന തൊഴിൽക്ഷേമ വകുപ്പ് കമ്മിഷണറുമായി കൂടിക്കാഴ്ചനടത്തി. ഉത്തരേന്ത്യൻ തൊഴിലാളികൾ തമിഴ്‌നാട്ടിൽ സമാധാനപരമായി ജോലിചെയ്യുന്നുണ്ടെന്ന് തൊഴിൽവകുപ്പ് കമ്മിഷനെ അറിയിച്ചു.
ബിഹാർ സ്വദേശികൾ കൂടുതലായി ജോലിചെയ്യുന്ന തിരുപ്പൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളും കമ്മിഷൻ സന്ദർശിക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമ സംരക്ഷണത്തിനായി തമിഴ്‌നാട് സർക്കാർ ഹെൽപ്പ്ലൈൻ നമ്പറും പുറത്തിറക്കിയിട്ടുണ്ട്. അതേസമയം കേസെടുത്തതിന് പിന്നാലെ ഡിഎംകെ സർക്കാരിനെതിരെ അണ്ണാമലൈ രംഗത്തെത്തി. 'നിങ്ങൾക്ക് ഞാൻ 24 മണിക്കൂർ സമയം തരാം. തമിഴ്‌നാട് പൊലീസിന് എന്നെ കൊടാൻ ധൈര്യമുണ്ടോ, വ്യാജ കേസുകൾ കെട്ടിച്ചമച്ച് ജനാധിപത്യത്തെ അടിച്ചമർത്താം എന്ന് നിങ്ങൾ കരുതുന്നുണ്ടോ' എന്ന് അണ്ണാമലൈ ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 153 എ(1)(എ), 505(1)(ബി), 505(1)(സി) എന്നീ വകുപ്പുകൾ പ്രകാരമാണ് ബിജെപി നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്. ഉത്തരേന്ത്യക്കാർ ചെയ്യുന്ന ജോലിയെ പരിഹസിക്കാനുള്ള ഡിഎംകെയുടെ ശ്രമമാണ് വ്യാജവാർത്തകൾ ഇത്ര പെട്ടെന്ന് പ്രചരിക്കാൻ കാരണമെന്ന് അണ്ണാമലൈ പറഞ്ഞു. ഡിഎംകെയുടെ ഉത്ഭവം മുതൽ അവർ ഒരു പ്രത്യേക സമുദായത്തിനെതിരെ വിദ്വേഷം പടർത്തുകയാണ്. ഡിഎംകെ അധികാരത്തിൽ വന്നതിനുശേഷം പാർട്ടിയുടെ മന്ത്രിമാരും എംപിമാരും അവരുടെ പ്രസംഗങ്ങളിൽ എണ്ണമറ്റ തവണ (ഉത്തരേന്ത്യക്കാരെ) പരിഹസിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന പ്രചരണത്തിൽ നാല് പേർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചവർ രാജ്യത്തിന് എതിരായി പ്രവർത്തിക്കുന്നവരാണെന്നും കേവല രാഷ്ട്രീയത്തിനു വേണ്ടിയുള്ള ഇത്തരം പ്രവർത്തികളെ ശക്തമായി അപലപിക്കുന്നുവെന്നുവെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ