ന്യൂഡൽഹി: ബിബിസിയുടെ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി വലിയ വിവാദമായിരിക്കുകയാണ്. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്നതാണ് ഡോക്യുമെന്ററി എന്നാണ് കേന്ദ്ര സർക്കാർ നിലപാട്. ഡോക്യുമെന്ററിയുടെയും അതുമായി ബന്ധപ്പെട്ട വീഡിയോകളുടെയും ട്വിറ്ററിലെയും യൂടൂബിലെയും ലിങ്കുകൾ എടുത്തുമാറ്റാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടിരിക്കുകയാണ്. ഡോക്യുമെന്ററിയുടെ ആദ്യ എപ്പിസോഡാണ് കഴിഞ്ഞ ചൊവ്വാഴ്ച ബിബിസി സംപ്രേഷണം ചെയ്തത്.

യൂടൂബ് വീഡിയോകൾ ബ്ലോക്ക് ചെയ്യുന്നത് കൂടാതെ ഈ വീഡിയോകളുടെ ലിങ്കുകൾ അടങ്ങുന്ന 50 ലേറെ ട്വീറ്റുകൾ ബ്ലോക്ക് ചെയ്യാനും ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊരു അജണ്ട വച്ചുള്ള ഡോക്യുമെന്ററി എന്നാണ് വിദേശകാര്യ മന്ത്രാലയം വിമർശിച്ചത്. ആഭ്യന്തര മന്ത്രാലയത്തിലെയും, വിദേശമന്ത്രാലയത്തിലെയും, വാർത്താവിനിമയ മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ ഡോക്യുമെന്ററി പരിശോധിച്ചിരുന്നു. സുപ്രീംകോടതിയുടെ അധികാരത്തെയും, വിശ്വാസ്യതയെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

ഇന്ത്യയുടെ പരമാധികാരത്തെയും, അഖണ്ഡതയെയും ചെറുതാക്കി കാണിക്കുന്നതാണ് ഡോക്യുമെന്ററി. രാജ്യത്തെ പൊതുക്രമസമാധാന നിലയെ ബാധിക്കാവുന്നതും, വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെ മോശമായി ബാധിക്കാവുന്നതുമായ ഉള്ളടക്കമാണ് ഡോക്യുമെന്ററിയിലെന്നും കേന്ദ്ര സർക്കാർ വിലയിരുത്തുന്നു. ഏതായാലും ഇന്ത്യ: ദി മോദി ക്വസ്റ്റിയൻ മൈക്രോ ബ്ലോഗിങ്, വീഡിയോ ഷെയറിങ് വെബ് സൈറ്റുകളിൽ പ്രത്യക്ഷപ്പെടുന്നില്ല എന്നുറപ്പാക്കുകയാണ് സർക്കാർ.

തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രിയൻ അടക്കം ചില പ്രതിപക്ഷ നേതാക്കൾ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ട്വീറ്റുകൾ ഇട്ടിരുന്നു. ഇവയെല്ലാം നീക്കം ചെയ്തു. ലക്ഷങ്ങൾ നിരീക്ഷിച്ച തന്റെ ട്വീറ്റ് നീക്കം ചെയ്‌തെന്നും ഇത് സെൻസർഷിപ്പാണെന്നും ഒബ്രിയൻ ആരോപിച്ചു.

2021 ലെ ഐടി നിയമപ്രകാരം, അടിയന്തര സാഹചര്യങ്ങളിൽ പ്രയോഗിക്കാവുന്ന അധികാരം ഉപയോഗിച്ചാണ് കേന്ദ്ര സർക്കാർ ഉത്തരവ്. യൂടൂബും ട്വിറ്ററും ഉത്തരവ് പാലിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഡോക്യുമെന്ററി എടുത്തു കളഞ്ഞ ശേഷവും ആരെങ്കിലും, പുതുതായി ലിങ്കുകൾ അപ്ലോഡോ, ട്വീറ്റോ ഇട്ടാൽ നീക്കം ചെയ്യാൻ യൂടൂബിനോടും ട്വിറ്ററിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രിട്ടനെ ഔദ്യോഗികമായി പ്രതിഷേധം അറിയിക്കും

ഡോക്യുമെന്ററി നീണ്ട നാളത്തെ ഗവേഷണത്തിന് ശേഷം തയ്യാറാക്കിയതാണെന്ന വാദത്തിൽ ബിബിസി ഉറച്ചുനിൽക്കുമ്പോൾ, ഇന്ത്യ ശക്തമായ പ്രതിഷേധത്തിലാണ്. വിഷയം സർക്കാർതലത്തിൽ ഉന്നയിക്കാനാണ് തീരുമാനം. ജനാധിപത്യ സർക്കാറിനെയും പാർലമെന്റിനെയും അവഹേളിക്കുന്നതാണ് ബിബിസിയുടെ നടപടിയെന്ന് കേന്ദ്രസർക്കാർ ബ്രിട്ടനെ ഔദ്യോഗികമായി അറിയിക്കും.

നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാാനിരിക്കെ, മോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബിബിസി ഡോക്യമെന്ററി ആഗോള തലത്തിൽ തന്നെ കേന്ദ്ര സർക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ബിജെപി വിലയിരുത്തുന്നു. ഇന്ത്യ ജി20 അധ്യക്ഷ സ്ഥാനത്തിരിക്കെ പുറത്തിറങ്ങിയ ഡോക്യുമെന്ററി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കാൻ ലക്ഷ്യമിട്ടാണെന്നും കേന്ദ്രസർക്കാർ കരുതുന്നു.

ബ്രിട്ടനിലെ ഇന്ത്യൻ വംശജരായ പ്രമുഖരും ഇതിനോടകം സർക്കാറിനെയും ബിബിസിയെയും കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. യുകെ പാർലമെന്റംഗവും വ്യവസായിയുമായ ലോർഡ് റാമി റേഞ്ചറാണ് ബിബിസി ഡയറക്ടർ ജനറൽ ടിം ഡെയ്വിന് കത്തയച്ചത്. ജി20യുടെ പശ്ചാത്തലത്തിൽ ഇന്ത്യയും ബ്രിട്ടനും നിർണായ ചച്ചകൾക്ക് തുടക്കമിടാനിരിക്കെ പുറത്തുവന്ന ഡോക്യുമെന്ററി വ്യാപാര ബന്ധങ്ങളെയടക്കം ബാധിക്കുമെന്ന് കത്തിൽ മുന്നറിയിപ്പുണ്ട്,.

അതേസമയം ഡോക്യുമെന്ററി ഇന്ത്യയിൽ സംപ്രേഷണം ചെയ്യാൻ നിലവിൽ ആലോചനയില്ലെന്ന് ബിബിസി അറിയിച്ചു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദമായ പശ്ചാത്തലത്തിൽ, ബിബിസി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട വിഷയങ്ങൾ ഉയർത്തിക്കാട്ടാൻ പ്രതിജ്ഞാബദ്ധരാണ് തങ്ങൾ എന്ന് ബിബിസി പറഞ്ഞു. ഡോക്യുമെന്ററി ചിത്രീകരണത്തിൽ ഇന്ത്യൻ സർക്കാരിന്റെ മറുപടി തേടിയിരുന്നു. എന്നാൽ, സർക്കാർ അത് നിഷേധിച്ചു. ബിജെപി നേതാക്കളുടെ അഭിപ്രായം ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തി. വിശദമായ ഗവേഷണങ്ങൾക്കൊടുവിലാണ് ഡോക്യുമെന്ററി തയാറാക്കിയതെന്നുമാണ് ബിബിസിയുടെ വിശദീകരണം.

രണ്ടുഭാഗങ്ങളായുള്ള ഡോക്യുമെന്ററിയുടെ ആദ്യം ഭാഗം ചൊവ്വാഴ്ച സംപ്രേഷണം ചെയ്തിരുന്നു. രണ്ടാം ഭാഗം അടുത്ത ചൊവ്വാഴ്ച സംപ്രേഷണം ചെയ്യും. ആദ്യ എപ്പിസോഡിൽ, മോദിയുടെ രാഷ്ട്രീയത്തിലേക്കുള്ള ചുവട് വയ്പ്, ബിജെപിയിലെ ഉയർച്ച, ഗുജറാത്ത് മുഖ്യമന്ത്രി ആയുള്ള നിയമനം എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ബ്രിട്ടീഷ് വിദേശകാര്യ വകുപ്പിൽ നിന്നും ബിബിസിക്ക് ലഭ്യമായ ഇതുവരെ പുറത്തുവിടാത്ത റിപ്പോർട്ടിനെ ആധാരമാക്കിയാണ് ഡോക്യുമെന്ററി. ഗുജറാത്ത് കലാപത്തിനിടെയുള്ള നരേന്ദ്ര മോദിയുടെ പ്രവർത്തികളെ ചോദ്യം ചെയ്യുന്ന തരത്തിലാണ് ഡോക്യുമെന്ററി. 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി പരമ്പരയുടെ ആദ്യ ഭാഗമാണ് ബി.ബി.സി പുറത്തിറക്കിയത്. എന്നാൽ, മോദിക്കെതിരെ ആരോപണമുന്നയിക്കുന്ന ഡോക്യുമെന്ററിക്കെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. ഡോക്യുമെന്ററി പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും മുൻവിധിയോടെയുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ഗുജറാത്ത് കലാപത്തെ കുറിച്ച് ബ്രിട്ടീഷ് സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ടിലെ കാര്യങ്ങൾ ഇത്രയും കാലം പുറത്തുവിട്ടിരുന്നില്ല. ഇതിലെ വിവരങ്ങളാണ് തങ്ങൾ പുറത്തുവിടുന്നതെന്ന് ബി.ബി.സി ഡോക്യുമെന്ററിയിൽ അവകാശപ്പെടുന്നു. ബ്രിട്ടീഷ് സർക്കാറിലെ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്നവർ റിപ്പോർട്ടിനെ കുറിച്ച് സംസാരിക്കുന്നുണ്ട്.

ഗുജറാത്ത് കലാപത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ഗുജറാത്തിലേക്ക് അയച്ചുവെന്നും വിശദമായ റിപ്പോർട്ട് ഇവർ സമർപ്പിച്ചുവെന്നും 2001-2006 കാലത്തെ ബ്രിട്ടീഷ് വിദേശ സെക്രട്ടറി ജാക് സ്ട്രോ ഡോക്യുമെന്ററിയിൽ പറയുന്നു. അതേസമയം, ഇന്ത്യയിൽ പ്രദർശിപ്പിക്കാത്ത ഈ ഡോക്യുമെന്ററി വ്യക്തമായ അജണ്ടയുടെ ഭാഗമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ. മുൻവിധിയും വസ്തുനിഷ്ഠതയില്ലായ്മയും കൊളോണിയൽ മാനസികാവസ്ഥയും വ്യക്തമായി കാണാം. ഈയൊരു ആഖ്യാനം പ്രചരിപ്പിക്കുന്ന ആളുകളുടെയും ഏജൻസികളുടെയും താൽപര്യങ്ങളുടെ പ്രതിഫലനമാണ് ഡോക്യുമെന്ററി. ഇതിന്റെ ഉദ്ദേശ്യത്തെ കുറിച്ചും ഇതിന് പിന്നിലെ അജണ്ടയെ കുറിച്ചും ആലോചിക്കുമ്പോൾ അദ്ഭുതം തോന്നുകയാണ്. ഇത്തരം സംഭവങ്ങളെ മുഖവിലക്കെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യൻ സർക്കാർ ബിബിസിയുടെ മോദി ഡോക്യുമെന്ററിയെ വിമർശിക്കുന്നു എന്ന തലക്കെട്ടിൽ ബിബിസി ഓൺലൈനിൽ വാർത്തയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.