- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിന്‍ഡേയും ഫഡ്നാവീസും ക്രമസമാധനം പാലിക്കുന്നതില്‍ തകര്‍ന്നു; മുംബൈയില്‍ സമ്പൂര്‍ണ്ണ അരാജകത്വം; അധോലോക സംഘങ്ങളും ഗുണ്ടകളും തെരുവുകളില്‍ യഥേഷ്ടം വിഹരിക്കുന്നുവെന്ന് ചെന്നിത്തല; ബാബാ സിദ്ധിഖിയുടെ കൊല രാഷ്ട്രീയ ചര്‍ച്ചകളിലേക്ക്
തിരുവനന്തപുരം: പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ബാബാ സിദ്ധിഖിയുടെ ദാരുണ മരണം ഞെട്ടിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. എന്റെ യൂത്ത് കോണ്‍ഗ്രസ് കാലം മുതലുള്ള സുഹൃത്തായിരുന്നു. 48 വര്‍ഷം തുടര്‍ന്ന കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് അദ്ദേഹം അടുത്തിടെയാണ് അജിത്ത് പവാര്‍ പക്ഷത്തെ എന്‍സിപിയിലേക്ക്‌യിലേക്ക് കൂറു മാറിയത്. മകന്റെ ഓഫീസില്‍നിന്ന് ഇറങ്ങി കാറില്‍ കയറുമ്പോള്‍ അക്രമികള്‍ റോഡില്‍ വച്ച് വെടിവെച്ചു വീഴ്ത്തുകയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ മരണം മഹാരാഷ്ട്ര രാഷ്ട്രീയത്തിന് തീരാ നഷ്ടമാണെന്ന് ചെന്നിത്തല പ്രതികരിച്ചു.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള നേതാവാണ് ചെന്നിത്തല. ഷിന്‍ഡേ സര്‍ക്കാരിന്റെ കീഴില്‍ മുംബൈയില്‍ അരാജകത്വം നടമാടുകയാണ്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയും ആഭ്യന്തരത്തിന്റെ ചുമതലയുള്ള ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ക്രമസമാധാനം കാത്തു സൂക്ഷിക്കുന്നതില്‍ സമ്പൂര്‍ണ്ണ പരാജയങ്ങളാണ് എന്ന് തെളിയിച്ചിരിക്കുന്നു. ഒരു മുന്‍ മന്ത്രിയുടെ ജീവനു പോലും സംരക്ഷണം ഇല്ലെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും?-ചെന്നിത്തല ചോദിച്ചു.
ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതു മുതല്‍ സെക്രട്ടറിയേറ്റിനുള്ളില്‍ പോലും ഗുണ്ടാ നേതാക്കള്‍ കടന്നുവരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ വിഷയം പലവട്ടം പ്രതിപക്ഷം ഉന്നയിച്ചതാണ്. പോലീസ് സ്റ്റേഷന് അകത്തു വച്ച് ഒരു എംഎല്‍എ എതിര്‍ഭാഗം പാര്‍ട്ടി നേതാവിനെ വെടിവെച്ചിടുന്ന സാഹചര്യം വരെ ഉണ്ടായി. മുംബൈയില്‍ സമ്പൂര്‍ണ്ണ അരാജകത്വം നടമാടുകയാണ്. അധോലോക സംഘങ്ങളും ഗുണ്ടകളും തെരുവുകളില്‍ പട്ടാപ്പകല്‍ യഥേഷ്ടം വിഹരിക്കുന്നു. സിദ്ധിഖിയുടെ മരണത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി എക്‌നാഥ് ഷിന്‍ഡെയും ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രാജിവെച്ചു ഒഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സിനിമാ മേഖലയുമായും ഏറെ അടുപ്പം കാത്തുസൂക്ഷിച്ചയാളായിരുന്നു കഴിഞ്ഞദിവസം വെടിയേറ്റ് കൊല്ലപ്പെട്ട മഹാരാഷ്ട്ര മുന്‍മന്ത്രിയും മുതിര്‍ന്ന എന്‍.സി.പി നേതാവുമായിരുന്ന ബാബാ സിദ്ധിഖി. സല്‍മാന്‍ ഖാന്‍ മുതല്‍ ഷാരൂഖ് ഖാന്‍ സിദ്ധിഖിയുടെ സൗഹൃദവലയത്തില്‍ ഇടംപിടിച്ചിരുന്നു. ശനിയാഴ്ച രാത്രി നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ട സിദ്ദിഖിയെ അവസാനമായി കാണാനായി മുംബൈയിലെ ലീലാവതി ആശുപത്രിയിലെത്തിയ സല്‍മാന്റെ മുഖത്ത് തളംകെട്ടിക്കിടന്ന ദുഖം ഇരുവര്‍ക്കുമിടയിലുണ്ടായിരുന്ന സൗഹൃദത്തിന്റെ വ്യാപ്തി പ്രകടമാക്കുന്നതായിരുന്നു.
ബാബാ സിദ്ദിഖിയുടെ മരണവാര്‍ത്തയറിഞ്ഞ് താന്‍ അവതാരകനായ ബിഗ് ബോസ് റിയാലിറ്റിഷോയുടെ ചിത്രീകരണം നിര്‍ത്തിവെപ്പിച്ചിട്ടാണ് സല്‍മാന്‍ ഖാന്‍ മുംബൈ ലീലാവതി ആശുപത്രിയിലെത്തിയത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സിദ്ധിഖി ബാന്ദ്ര വെസ്റ്റില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. സല്‍മാന്‍ ഖാനുമായുള്ള അടുപ്പമാണ് കൊലപാതകത്തിനുകാരണമെന്നും വിവരമുണ്ട്. സംഭവത്തില്‍ യുപി, ഹരിയാണ സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്.