ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ സംഭവങ്ങൾ ബിജെപിക്ക് തിരിച്ചടിയാകുമോ? വ്യക്തമായ ഭൂരിപക്ഷത്തിലാണ് കോർപറേഷനിൽ ആംആദ്മി അധികാരത്തിലെത്തിയത്. എന്നിട്ടും ബിജെപി പ്രശ്‌നമുണ്ടാക്കുന്നുവെന്നാണ് ആരോപണം. ബിജെപി എഎപി അംഗങ്ങൾ തമ്മിൽ സംഘർഷം പതിവാകുമ്പോൾ അത് ദേശീയ തലത്തിൽ തന്നെ ചർച്ചയാകുന്നു. സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെയാണ് കൂട്ടത്തല്ല്. അംഗങ്ങൾ പരസ്പരം ചെരുപ്പൂരി അടിക്കുകയും മർദിച്ച്, നിലത്തിട്ടു ചവിട്ടുകയും ചെയ്തു. മർദനത്തിൽ ചിലർ ബോധരഹിതരായി വീണു.

242 അംഗങ്ങളാണ് കൗൺസിൽ ഹാളിൽ ഹാജരായത്. കോൺഗ്രസിന്റെ അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. നേരത്തെ തന്നെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടായിരുന്നു. വീണ്ടും വോട്ടെണ്ണാനുള്ള നിർദ്ദേശം മേയർ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വോട്ടെണ്ണൽ നടന്നത്. എന്നാൽ വീണ്ടും കൗൺസിൽ ഹാളിൽ ജനാധിപത്യ വിരുദ്ധമായ നാടകീയ രംഗങ്ങൾ അരങ്ങേറുകയായിരുന്നു. ആംആദ്മിക്ക് ഭൂരിപക്ഷമുള്ള സ്ഥലത്ത് ഇതിന്റെ ആവശ്യമുണ്ടോ എന്നതാണ് ഉയരുന്ന സംശയം. അതിനിടെ കുറുമാറ്റവും നടക്കുന്നുണ്ട്.

ആം ആദ്മി പാർട്ടി കൗൺസിലർ പവൻ സെഹ്‌റാവത്ത് ബിജെപിയിൽ ചേർന്നിരുന്നു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ആദ്യ ദിവസം കൂട്ടത്തല്ല് കാരണം നടന്നിരുന്നില്ല. ഇതിനിടയിലാണ് എ.എ.പി. അംഗം ബിജെപി. പാളയത്തിലെത്തിയത്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ ബഹളമുണ്ടായത് തന്നെ കടുത്ത സമ്മർദ്ദത്തിലാക്കിയതായും ആം ആദ്മി രാഷ്ട്രീയം തന്നെ ശ്വാസം മുട്ടിക്കുന്നതായും പവൻ സെഹ്‌റാവത്ത് പറഞ്ഞു.

കോടതി നിർദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് നടത്താൻ ശ്രമിച്ചതിനാലാണ് രാത്രിയിലും സഭ തുടർന്നതെന്ന് മേയർ ഷെല്ലി ഒബ്രോയ് പറഞ്ഞു. ബിജെപി. അംഗങ്ങൾ തന്നെ ആക്രമിച്ചു. കഴിഞ്ഞ രണ്ടര മാസം അനധികൃതമായി കോർപ്പറേഷൻ ഭരിക്കാനാണ് ബിജെപി. ശ്രമിച്ചതെന്നും ഇപ്പോഴും അവർ പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും അവർ ആരോപിച്ചു. കോർപ്പറേഷനിൽ ഭൂരിപക്ഷവും മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളും ഉറപ്പിക്കാനായെങ്കിലും സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പ് ആം ആദ്മി പാർട്ടിക്ക് നിർണായകമാണ്. കോർപ്പറേഷന്റെ ഭരണ നിർവഹണാധികാരം സ്റ്റാൻഡിങ് കമ്മറ്റികൾക്കാണ്.

18 പേരുള്ള സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കുള്ള ആറ് അംഗങ്ങളെയാണ് കൗൺസിലിൽ തിരഞ്ഞെടുക്കുന്നത്. ബാക്കി 12 പേരെ വാർഡ് കമ്മിറ്റികളാണ് തിരഞ്ഞെടുക്കുന്നത്. 250 വാർഡുകളുള്ള ഡൽഹി നഗരസഭയിൽ 134 സീറ്റുള്ള ആം ആദ്മി പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിക്ക് 104 അംഗങ്ങളും കോൺഗ്രസിന് ഒമ്പത് അംഗങ്ങളുമാണുള്ളത്. ആറു സ്റ്റാൻഡിങ് കമ്മിറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒരു വോട്ട് അസാധുവായെന്ന് മേയർ ഷെല്ലി ഒബ്രോയ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബിജെപി-എഎപി കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടിയത്. ബിജെപി കൗൺസിലർമാർ മേയറെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് എഎപി ആരോപിച്ചു. സംഘർഷത്തിനിടെ എഎപി കൗൺസിലർ കുഴഞ്ഞുവീണു.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്കിടെ ബിജെപി കൗൺസിലർമാർ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് മേയർ ഷെല്ലി ഒബ്രോയ് ആരോപിച്ചു. അതേസമയം എഎപി കൗൺസിലർമാർ തങ്ങളെ ചെരിപ്പുകൊണ്ടടക്കം മർദിച്ചുവെന്ന് ബിജെപി അംഗങ്ങളും ആരോപിച്ചു. സംഘർഷത്തെ തുടർന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കി സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു. ആറ് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളിലേക്ക് തിങ്കളാഴ്ച വീണ്ടും തെരഞ്ഞെടുപ്പ് നടക്കുമെന്ന് മേയർ അറിയിച്ചു. തെരഞ്ഞെടുപ്പിൽ ഒരു വോട്ട് അസാധുവായെന്ന് മേയർ പ്രഖ്യാപിച്ചതിനെതിരെ ബിജെപി അംഗങ്ങൾ രംഗത്തെത്തുകയായിരുന്നു. വോട്ടെണ്ണൽ തടസപ്പെടുത്തിയ ബിജെപി അംഗങ്ങൾ മേയർ അസാധവുമായി പ്രഖ്യാപിച്ച വോട്ട് സാധുവാണെന്ന് അവകാശപ്പെട്ടു.

എന്നാൽ അസാധവുമായ വോട്ട് ഒഴിവാക്കിയേ ഫലം പ്രഖ്യാപിക്കൂവെന്ന് മേയർ നിലപാടെടുത്തു. തുടർന്നാണ് വാക്ക്‌പോര് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് എത്തിയത്. കൗൺസിലർമാർ തമ്മിൽ പരസ്പരം ഇടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 250 അംഗ കൗൺസിലിൽ 242 പേരാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് തോന്നിയപ്പോൾ ബിജെപി അംഗങ്ങൾ പ്രകോപിതരായി മേയറെ ആക്രമിക്കുകയായിരുന്നുവെന്ന് എഎപി എംഎൽഎ അതിഷി മർലേന ആരോപിച്ചു.