- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം; മുന്നാം മുന്നണി വോട്ട് ഭിന്നിപ്പിക്കുമെന്ന ചർച്ച സജീവമാക്കും; ലക്ഷ്യം ബിജെപി ഇതര വിശാല മുന്നണി; ജാതി സെൻസസും രോഹിത് വെമുല നിയമവും വോട്ടുറപ്പിക്കാനുള്ള ലക്ഷ്യം; ആറ് ലക്ഷം വരെയുള്ള കാർഷിക വായ്പകൾ എഴുതിത്ത്ത്തള്ളുമെന്ന പ്രഖ്യാപനവും ഭരണം പിടിക്കാൻ; രാഹുൽ വീണ്ടും യാത്രയ്ക്ക്; കോൺഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ
റായ്പുർ: മഹാറാലിയോടെ കോൺഗ്രസിന്റെ 85-ാം പ്ലീനറി സമ്മേളനത്തിന് റായ്പൂരിൽ സമാപനം. പ്രതിപക്ഷ ഐക്യത്തിനുള്ള ആഹ്വാനവും പാർട്ടി സമിതികളിലെ അൻപത് ശതമാനം സംവരണവുമാണ് റായ്പൂർ പ്ലീനറി സമ്മേളനത്തിന്റെ പ്രധാന പ്രത്യേകതകൾ. റായ്പൂർ: ഭാരത് ജോഡോ യാത്രയുടെ 'തപസ്യ' തുടരാനായി രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ നിന്ന് പടിഞ്ഞാറേക്ക് യാത്ര നടത്താനും കോൺഗ്രസിൽ ധാരണയായി. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഇത്തരമൊരു യാത്ര നടത്താൻ തന്നെയാണ് നീക്കമെന്ന് മുതിർന്ന നേതാവ് ജയ്‌റാം രമേഷ് അറിയിച്ചു. പ്ലീനറി സമ്മേളനവും പൂർത്തീകരിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ് കോൺഗ്രസ്. ബിജെപി വിരുദ്ധരെ എല്ലാം ഒരുമിപ്പിക്കാൻ ശ്രമിക്കും. മൂന്നാം മുന്നണിയുടെ ഭീഷണിയും പ്രതിപക്ഷത്തെ ബോധ്യപ്പെടുത്തും.
ബ്രീട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ പരാജയപ്പെടുത്തിയപോലെ അദാനിക്കമ്പനിക്കെതിരേയും പോരാട്ടം നടത്തുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. അദാനിക്കും കേന്ദ്ര സർക്കാരിനും എതിരായ പോരാട്ടത്തിൽ രാഹുലിനൊപ്പം അണിനിരക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആഹ്വാനം ചെയ്തു. അഞ്ച് പ്രമേയങ്ങൾക്ക് പ്രകടന പത്രികയുടെ സ്വഭാവമായിരുന്നു. രാജ്യത്താകെ ജാതി സെൻസസ് നടത്തും, ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം, എസ് സി എസ്ടി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശവും അന്തസും സംരക്ഷിക്കാൻ രോഹിത് വെമുല എന്ന പേരിൽ നിയമം കൊണ്ടുവരും എന്നീ പ്രഖ്യാപനങ്ങളും പാർട്ടി സമിതികളിലെ 50 ശതമാനം സംവരണവും ദളിത് പിന്നാക്ക, ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിടുന്നു.
ആറ് ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകൾ എഴുതിത്ത്ത്തള്ളുകയാണ് കാർഷിക രംഗത്തെ രക്ഷിക്കാൻ ആദ്യം ചെയ്യേണ്ട കാര്യം എന്ന് കോൺഗ്രസ് വ്യക്തമാക്കുന്നു. പാർട്ടി അധികാരത്തിലെത്തിയാൽ കർഷകരുടെ വസ്തുക്കൾ ജപ്തി ചെയ്യില്ല, താങ്ങ് വില നിയമപരമായ അവകാശമാക്കും എന്ന് കാർഷിക പ്രമേയം. സമ്മേളനം അവസാനിക്കുന്നതിന് തൊട്ടു മുൻപ് സംസാരിച്ച രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ആവർത്തിച്ചു. അദാനിയും മോദിയും ഒന്നാണ്, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയേപ്പോലെ അദാനിക്കമ്പനി ഇന്ത്യയുടെ സമ്പത്ത് ഊറ്റിയെടുക്കുന്നു എന്ന് രാഹുൽ. അതിനെതിരായ പോരാട്ടത്തിൽ ഓരോ കോൺഗ്രസുകാരും അണി ചേരണം എന്നും രാഹുൽ ആവശ്യപ്പെട്ടു.
കോൺഗ്രസിന്റെ പ്രവർത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള കൂടിയാലോചനകൾ ഇനി ഡൽഹിയിൽ നടക്കും. ശശി തരൂർ അടക്കമുള്ള സാധ്യതാ പട്ടികയിലുണ്ട്. എല്ലാവരേയും ചേർത്ത് നിർത്തി കോൺഗ്രസ് പുനരുജ്ജീവനമാണ് ലക്ഷ്യമിടുന്നത്. അരുണാചൽ പ്രദേശിലെ പാസിഘട്ടിൽ നിന്ന് ആരംഭിച്ച് ഗുജറാത്തിലെ പോർബന്ദറിൽ അവസാനിക്കുന്ന രീതിയിലാകും യാത്ര ക്രമീകരിക്കുക. ജോഡോ യാത്രയിൽ നിന്ന് വ്യത്യസ്തമായി അതിവേഗം പര്യടനം നടത്തുന്ന രീതിയിലാകും പുതിയ യാത്ര. വനങ്ങളും പുഴകളും നിറഞ്ഞ പ്രദേശമായതിനാൽ പൂർണമായും പദയാത്ര നടത്താൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ. ജൂൺ - നവംബർ മാസങ്ങൾക്കിടിയിലായിരിക്കും യാത്രയെന്നും കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്പായി ഇത് പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കശ്മീർ വരെ നടത്തി ഭാരത് ജോഡോ യാത്ര വൻ വിജയമാണെന്ന് വിലയിരുത്തിയാണ് കോൺഗ്രസ് നേതൃത്വം 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റൊരു യാത്രയ്ക്ക് കൂടി പദ്ധതിയിടുന്നത്. ഭാരത് ജോഡോ യാത്രയെ പോലുള്ള വൻസന്നാഹങ്ങളൊന്നും പുതിയ യാത്രയ്ക്ക് ഉണ്ടാകാനിടയില്ല. കൂടാതെ യാത്രികരുടെ എണ്ണത്തിലും കുറവ് വന്നേക്കും. കിഴക്ക്-പടിഞ്ഞാറ് പാത കാടുകളും നദികളും ധാരാളം ഉള്ള സാഹചര്യത്തിൽ ഇതൊരു മൾട്ടി മോഡൽ യാത്രയാകാം. എന്നാൽ പദയാത്ര തന്നെയാകും ഇതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് കൂട്ടിച്ചേർത്തു.
ഏപ്രിൽ, നവംബർ മാസങ്ങളിൽ ചില സംസ്ഥാന തിരഞ്ഞെടുപ്പുകൾ നടക്കുന്നതിനാൽ ജൂണിന് മുമ്പോ നവംബറിന് മുമ്പോ യാത്ര നടത്തേണ്ടി വരുമെന്നാണ് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നത്. അടിത്തട്ടിലുള്ള പ്രവർത്തനം വിപുലപ്പെടുത്താനും ബിജെപിക്കെതിരെ സമാന ചിന്താഗിതിയുള്ള പാർട്ടികളുമായി സഖ്യത്തിന് ആഹ്വാനം ചെയ്തുമാണ് പ്ലീനറി സമ്മേളനം സമാപിച്ചത്. മൂന്നാം മുന്നണിയുണ്ടായാൽ ബിജെപി ഇതര വോട്ടുകൾ ഭിന്നിപ്പിക്കും. അത് ബിജെപിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ