ന്യൂഡൽഹി: അയോധ്യ കേസിൽ വിധി പ്രഖ്യാപിച്ച സുപ്രീംകോടതി ബെഞ്ചിലെ ജഡ്ജിമാരിലൊരാളായ എസ്. അബ്ദുൽ നസീറിനെ ആന്ധ്ര പ്രദേശിലെ ഗവർണറായി നിയമിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. 2019 ലെ അയോധ്യ വിധി പ്രഖ്യാപിച്ച ജഡ്ജിമാരിൽ ഒരാളായിരുന്നു അബ്ദുൾ നസീർ. ഇത് തെറ്റായ സമീപനമാണെന്ന് വിമർശനമാണ് കോൺഗ്രസ് ഉയർത്തിയത്.

മോദിക്ക് വേണ്ടി പണിയെടുത്തവരെല്ലം പുതിയ ഗവർണർമാരായെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ വ്യക്തമാക്കി. 'മോദി അദാനിക്ക് വേണ്ടി പണിയെടുക്കുന്നു. മോദിക്ക് വേണ്ടി പണിയെടുത്തവരൊക്കെ പുതിയ ഗവർണർമാരായി. ജനങ്ങൾക്ക് വേണ്ടി പണിയെടുക്കാൻ ആരാണുള്ളത് ഭാരത് മാതാ കി ജയ്' - എന്നായിരുന്നു കോൺഗ്രസ് എംപിയുടെ ട്വീറ്റ്.

പുതിയ നിയമനം സംബന്ധജിച്ച പരാമർശമൊന്നുമില്ലാതെ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അന്തരിച്ച ബിജെപി നേതാവ് അരുൺ ജെയ്റ്റ്‌ലിയുടെ വിഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ജഡ്ജിമാരുടെ നേരത്തെയുള്ള വിരമിക്കൽ അതിനു ശേഷമുള്ള ജോലിയുടെ സ്വാധീനമാണ്' - എന്നായിരുന്നു ജെയ്റ്റ്‌ലി വിഡിയോയിൽ പറയുന്നത്. 2012ലെ വിഡിയോ ആണിത്. കഴിഞ്ഞ മൂന്ന് നാലു വർഷമായി ഇത് ഉറപ്പാക്കുന്നതിനാവശ്യമായ തെളിവുണ്ട് - ജയറാം രമേശ് ട്വീറ്റ് ചെയ്തു.

അതേസമയം കേന്ദ്ര സർക്കാരിന്റേത് തെറ്റായ സമീപനമാണെന്നും ശക്തമായി എതിർക്കുന്നുവെന്നും കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്വിയും പറഞ്ഞു. നസീറിന്റെ നിയമനം ജുഡീഷ്യറിക്കു ഭീഷണിയാണെന്നും സിങ്വി പറഞ്ഞു. അരുൺ ജെയ്റ്റ്‌ലിയുടെ വാക്കുകളും കടമെടുത്താണ് സിങ്വി വിമർശനം ഉന്നയിച്ചത്.

അയോധ്യക്കേസിൽ വിധി പറഞ്ഞ സുപ്രീംകോടതി മുൻ ജഡ്ജി സയ്യിദ് അബ്ദുൽ നസീറിനെ ആന്ധ്രപ്രദേശ് ഗവർണറാക്കി നിയമിച്ചതിനെ സിപിഎം രാജ്യസഭാ അംഗം എ.എ.റഹീമും വിമർശിച്ചിരുന്നു. അയോധ്യക്കേസിലെ ജഡ്ജിമാരിൽ ഒരാളായ അബ്ദുൾ നാസീറിന് ലഭിച്ചിരിക്കുന്ന ഗവർണർ പദവി ഭരണഘടനാ മൂല്യങ്ങൾക്ക് ചേർന്നതല്ല. കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദിൽ സംഘപരിവാർ അഭിഭാഷക സംഘടനയുടെ ചടങ്ങിലും പങ്കെടുത്ത മുൻ ജഡ്ജിയുടെ നിയമനം അപലപനീയമാണ്. കേന്ദ്രസർക്കാർ വാഗ്ദാനം സയ്യിദ് അബ്ദുൽ നസീർ നിരസിക്കണമെന്നും റഹീം സമൂഹമാധ്യമത്തിൽ കുറിച്ചു.

വിരമിക്കലിന് തൊട്ടുപിന്നാലെയാണ് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് എസ്.അബ്ദുൽ നസീറിനെ ആന്ധ്രാപ്രദേശ് ഗവർണറായി രാഷ്ട്രപതി നിയമിച്ചത്. അയോധ്യ ഭൂമി തർക്കക്കേസും മുത്തലാഖ് കേസും പരിഗണിച്ച ഭരണഘടന ബെഞ്ചിലെ അംഗമായിരുന്നു അബ്ദുൽ നസീർ. അയോധ്യയിലെ തർക്കഭൂമി രാമജന്മഭൂമി ട്രസ്റ്റിന് നൽകാൻ വിധി പറഞ്ഞ ഭരണഘടനാബെഞ്ചിലെ ഏക മുസ്‌ലിം അംഗവുമായിരുന്നു ഇദ്ദേഹം.

ഏറ്റവുമൊടുവിൽ നോട്ടുനിരോധനത്തിനെതിരായ ഹർജികൾ തള്ളിയ ഭരണഘടന ബെഞ്ചിന് നേതൃത്വം നൽകിയശേഷമാണ് സുപ്രീംകോടതിയിൽനിന്ന് പടിയിറങ്ങിത്. ഇതു മൂന്നാം തവണയാണ് വിരമിച്ച സുപ്രീംകോടതി ജഡ്ജിമാരെ ഗവർണറാക്കുന്നത്. നേരത്തെ, സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് പി.സദാശിവം കേരള ഗവർണറായും ജസ്റ്റിസ് ഫാത്തിമ ബീവി തമിഴ്‌നാട് ഗവർണറുമായിരുന്നു.

2017ലാണ് ജസ്റ്റിസ് നസീർ സുപ്രീംകോടതിയിലെത്തുന്നത്. കർണാടക ഹൈക്കോടതിയിൽ നിന്നാണ് അദ്ദേഹത്തിന് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനകയറ്റം ലഭിച്ചത്. മുത്തലാഖ്, നോട്ട് നിരോധനം തുടങ്ങി പ്രാധാന്യമർഹിക്കുന്ന പല കേസുകളിലും വിധി പറഞ്ഞ സുപ്രീംകോടതി ബെഞ്ചിൽ ജസ്റ്റിസ് അബ്ദുൽ നസീറുണ്ടായിരുന്നു. സ്വകാര്യതയുമായി ബന്ധപ്പെട്ട പുട്ടുസ്വാമി കേസിലെ വിധി പറഞ്ഞ ജഡ്ജിമാരിലൊരാളായിരുന്നു.

12 ഇടങ്ങളിലേക്കാണ് പുതുതായി ഗവർണർമാരെ നിയമിച്ചത്. ജാർഖണ്ഡ് ഗവർണർ രമേശ് ബയ്‌സിനെ മഹാരാഷ്ട്ര ഗവർണറായി നിയമിച്ചു. മഹാരാഷ്ട്ര ഗവർണർ സ്ഥാനത്തു നിന്നൊഴിയാൻ ഭഗത് സിങ് കോഷിയാരി സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് രമേശ് ബയ്‌സിന്റെ നിയമനം. സി പി രാധാകൃഷ്ണനാണു പുതിയ ജാർഖണ്ഡ് ഗവർണർ. ലഫ്. ജനറൽ കൈവല്യ ത്രിവിക്രം പർനായിക് അരുണാചൽ പ്രദേശിൽ ഗവർണറാകും. ലക്ഷ്മൺ പ്രസാദ് ആചാര്യയാണ് സിക്കിമിന്റെ പുതിയ ഗവർണർ. ഗുലാബ് ചന്ദ് കഠാരിയ അസമിലും ശിവ പ്രതാവ് ശുക്ല ഹിമാചൽ പ്രദേശിലും ഗവർണർമാരാകും.