കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തുടർഭരണം ജനങ്ങൾക്ക് മടുത്തു തുടങ്ങിയോ? ബിജെപി മുന്നേറ്റത്തിനും ഏതാണ്ട് അവസാനം ആയെങ്കിലു കോൺഗ്രസും ഇടതു ശക്തികളും വീണ്ടും കരുത്തുകാട്ടുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. അടുത്തിടെ മമത ബാനർജിക്ക് തിരിച്ചടിയായി തുടർതോൽവികൾ ഉണ്ടാകുന്നത്. ഇത് മമതെയെ അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്നു.

തൃണമൂൽ കോൺഗ്രസ് ശക്തികേന്ദ്രമായിരുന്ന സാഗർദിഘി നിയമസഭാ സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തതിന് പിന്നാലെ മറ്റൊരു വിജയം കൂടി നേടി കോൺഗ്രസ്. ഹാൽദിയ ഡോക്ക് മാനേജ്മെന്റ് കമ്മിറ്റി തിരഞ്ഞെടുപ്പ് ഇടത്-കോൺഗ്രസ് സഖ്യം തൂത്തുവാരിയിരിക്കുകയാണ്. 19-ൽ 19 സീറ്റുകളും സഖ്യം നേടി. പശ്ചിമ ബംഗാളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആസന്നമായിനിൽക്കെ ഇടത്-കോൺഗ്രസ് സഖ്യത്തിന്റെ തുടർച്ചയായ രണ്ടു ജയങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ആഴ്ചകൾക്ക് മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പരോക്ഷ പിന്തുണയോടെ കോൺഗ്രസ് സാഗർദിഘി പിടിച്ചെടുത്തതിന് പിന്നാലെ മണ്ഡലത്തിലെ പാർട്ടി നേതൃത്വത്തെ മമത പിരിച്ചുവിടുകയും തോൽവി അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇതിനിടെ മമതയുടെ തലവേദന ഇരട്ടിപ്പിക്കുന്നതാണ് ഇപ്പോഴത്തെ വിജയം.

അതേസമയം തൃണമൂൽ കോൺഗ്രസ് പഠിച്ചപണി പതിനെട്ടും ഇവിടെയും പയറ്റിയിരുന്നു. വലിയ സംഘർഷങ്ങൾക്കും പിരിമുറുക്കങ്ങൾക്കുമിടെ വെള്ളിയാഴ്ചയാണ് ഹാൽദിയ തുറമുഖം കെ ഡോക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാനേജ്‌മെന്റ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നത്. തുറമുഖത്തെ സ്ഥിരം തൊഴിലാളികളും ജീവനക്കാരും ഉദ്യോഗസ്ഥരും സംസ്ഥാന പൊലീസിന്റെയും സിഐഎസ്എഫിന്റെയും വലയത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. തൃണമൂൽ, ഇടത്- കോൺഗ്രസ് സഖ്യവും ബിജെപിയും തമ്മിൽ ത്രികോണ മത്സരമാണ് നടന്നത്.

മൂന്ന് പാനലുകളിലുമായി ആകെ 58 സ്ഥാനാർത്ഥികളാണ് ഉണ്ടായിരുന്നത്. ഓരോ പാനലിലും 18 മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും വൈസ് ചെയർമാനുമടക്കം 19 സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നു. ഇതിന് പുറമെ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും മത്സരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഈ ഫലം പ്രധാനമാണെന്നതിനാൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ശനിയാഴ്ച തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

ബംഗാളിൽ സിപിഎമ്മും കോൺഗ്രസും ഔദ്യോഗികമായി മുന്നണി രൂപീകരിച്ചിട്ടില്ലെങ്കിലും അടുത്തകാലത്തായി പല തിരഞ്ഞെടുപ്പുകളിലും പരസ്പരം സഹകരിച്ചാണ് മത്സരിക്കുന്നത്. തൃണമൂലിന്റെ പ്രധാന വോട്ട് ബാങ്കായ മുസ്ലിംവോട്ടുകളിൽ വിള്ളൽ വീണതിന് സൂചനയാണ് സാഗർദിഘിയിലെ കോൺഗ്രസ് വിജയമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഇതാണ് ഇവിടുത്തെ പരാജയം മമതയെ അത്രമാത്രം അസ്വസ്ഥയാക്കുന്നത്.