ന്യൂഡൽഹി: 2024-ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യ രൂപവത്കരണത്തിൽ മാറ്റത്തിന്റെ സൂചന നൽകി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ആരു നയിക്കുമെന്നോ ആര് പ്രധാനമന്ത്രിയാകുമെന്നോ ഞാൻ പറഞ്ഞിട്ടില്ലെ്ന്നും വിഘടന ശക്തികൾക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.ഇതോടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ കോൺഗ്രസ് പിടിവാശി ഉപേക്ഷിക്കുമെന്ന സൂചനയാണ് ഖാർഗെ നൽകിയിരിക്കുന്നത്.

റായ്പുരിൽ നടന്ന പ്ലീനറി സമ്മേളനത്തിലുണ്ടായ തീരുമാനത്തിന്റെ ഭാഗമാണ് പാർട്ടിയുടെ ഈ നിലപാട് മാറ്റമെന്നാണ് സൂചന.'വിഘടന ശക്തികൾക്കെതിരെ സമാന ചിന്താഗതിയുള്ള എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണം. ആരു നയിക്കുമെന്നോ ആരു പ്രധാനമന്ത്രിയാകുമെന്നോ ഞാൻ പറഞ്ഞിട്ടില്ല. അതല്ല ചോദ്യം. ഞങ്ങൾ ഒറ്റക്കെട്ടായി പോരാടാൻ ആഗ്രഹിക്കുന്നു, ഇതാണ് ഞങ്ങളുടെ ആഗ്രഹം' ഖാർഗെ പറഞ്ഞു.

തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം.കെ.സ്റ്റാലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചെന്നൈയിൽ നടന്ന പരിപാടിയിലാണ് സുപ്രധാന ചുവടുമാറ്റമെന്ന് കരുതാവുന്ന പ്രസ്താവന ഖാർഗെ നടത്തിയത്.റായ്പുർ പ്ലീനറി സമ്മേളനത്തിൽ പ്രതിപക്ഷ സഖ്യ രൂപവത്കരണത്തിന് കോൺഗ്രസ് വലിയ പ്രധാന്യം നൽകിയിരുന്നു. തമിഴ്‌നാട്ടിലെ കോൺഗ്രസ്-ഡിഎംകെ സഖ്യം 2004, 2009 ലോക്‌സഭാ വിജയങ്ങൾക്കും 2006, 2021 വർഷങ്ങളിൽ നിയമസഭാ വിജയത്തിനും കാരണമായി. ഈ സഖ്യം കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് പോകുകയും 2024 ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് അടിത്തറ പാകുകയും ചെയ്യുമെന്ന് ഖാർഗെ കൂട്ടിച്ചേർത്തു.

ചടങ്ങിൽ കശ്മീർ മുന്മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ള നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായിട്ടാണ് ഖാർഗെ ആര് നയിക്കുമെന്നതിനുള്ള പ്രതികരണം നടത്തിയത്.സ്റ്റാലിൻ പ്രധാനമന്ത്രിയാകുന്നതിൽ എന്താണ് തെറ്റെന്ന് ചോദിച്ച ഫാറൂഖ് അബ്ദുള്ള തമിഴ്‌നാട് മുഖ്യമന്ത്രിയോട് ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവരാനും ചടങ്ങിൽ ആവശ്യപ്പെട്ടു.

'സ്റ്റാലിൻ, സമയമായി, ദേശീയ രംഗത്തേക്ക് വരൂ, നിങ്ങൾ ഈ സംസ്ഥാനം നിർമ്മിച്ചതുപോലെ രാഷ്ട്രവും നിർമ്മിക്കുക. ഖാർഗെ ജിയോട് ഞാൻ പറയും, ആരാണ് പ്രധാനമന്ത്രിയാകാൻ പോകുന്നതെന്ന് നമുക്ക് മറക്കാം. ആദ്യം നമുക്ക് തിരഞ്ഞെടുപ്പിൽ വിജയിക്കാം, പിന്നെ ആരു പ്രധാനമന്ത്രിയാകുമെന്ന് ചിന്തിക്കാം. പ്രധാനമന്ത്രി പ്രശ്നമല്ല, രാജ്യമാണ് പ്രധാനം', ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

'സ്റ്റാലിനോടും മറ്റെല്ലാ നേതാക്കളോടും ആവശ്യപ്പെടുന്നു, ഉണരുക, ഒന്നിക്കുക, നമുക്കെല്ലാവർക്കും ബഹുമാനത്തോടെയും അന്തസ്സോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിയുന്ന ഒരു രാഷ്ട്രം കെട്ടിപ്പടുക്കുക. ഈ രാജ്യത്തെ ശക്തരാക്കുന്നത് ഇന്ത്യയിലെ ജനങ്ങളാണ്. അല്ലാതെ ഒരു സൈന്യവുമല്ല, നമുക്കൊരുമിച്ച് യോജിച്ച് പ്രവർത്തിക്കാം', ഫാറൂഖ് അബ്ദുള്ള തുടർന്നു.

ഇത് തന്റെ ജന്മദിനാഘോഷവേദി മാത്രമല്ല, ഇന്ത്യയിലെ ഒരു വലിയ രാഷ്ട്രീയ ഘട്ടത്തിന്റെ തുടക്കം കൂടിയാണെന്ന് എം.കെ.സ്റ്റാലിൻ പറഞ്ഞു. ഇതുപോലൊരു പൊതുവേദി ഒരുക്കിക്കൊണ്ട് ഏറ്റവും മികച്ച ജന്മദിന സമ്മാനം നൽകിയതിന് അദ്ദേഹം മല്ലികാർജുൻ ഖാർഗെയോട് നന്ദി അറിയിച്ചു. 2024-ലെ തിരഞ്ഞെടുപ്പിൽ ആര് ജയിക്കും എന്നതിനേക്കാൾ ആരെ തോൽപ്പിക്കണം എന്നതിനാണ് പ്രധാന്യമെന്നും സ്റ്റാലിൻ ഓർമപ്പെടുത്തി.

''ബിജെപിയെ തോൽപ്പിക്കാൻ ഭിന്നതകൾക്കതീതമായി രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ച് നിൽക്കണം. മൂന്നാം മുന്നണിയെക്കുറിച്ചുള്ള ചിന്തകൾ അർഥശൂന്യമാണ്. ബിജെപിയെ എതിർക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളോടും ലളിതമായ തിരഞ്ഞെടുപ്പ് ഗണിത യുക്തി മനസ്സിലാക്കാനും ഒറ്റക്കെട്ടായി നിൽക്കാനും ഞാൻ താഴ്മയോടെ അഭ്യർത്ഥിക്കുന്നു'', സ്റ്റാലിൻ പറഞ്ഞു. ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്, എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കളും ചടങ്ങിനെത്തി.