ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ താനായിരുന്നെങ്കിൽ പ്രതിപക്ഷ ഐക്യത്തിന്റെ സംഘാടനച്ചുമതല ഏറ്റെടുക്കാൻ ചെറുപാർട്ടികളിലൊന്നിനെ പ്രേരിപ്പിച്ചേനെ എന്ന ശശി തരൂരിന്റെ പ്രസ്താവനയ്ക്ക് ചെവികൊടുക്കാതെ കോൺഗ്രസ്. തരൂരിന്റെ പ്രസ്താവന കണ്ടില്ലെന്ന് നടക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ പാർട്ടിയെയും പ്രതിപക്ഷ ഐക്യത്തെയും പരിപോഷിപ്പിക്കാനുള്ള പ്രവർത്തനത്തിലാണിപ്പോഴെന്നു മാത്രമാണ് നേതൃത്വത്തിന്റെ പ്രതികരണം. ഖാർഗെയോട് മത്സരിച്ചുതോറ്റ തരൂർ നേതൃത്വത്തിന്റെ നിലപാടിനെ പരസ്യമായി തള്ളുന്ന പ്രസ്താവനയായിരുന്നു നടത്തിയത്. അതേസമയം രാഹുൽ ഗാന്ധിക്ക് അയോഗ്യത വന്നപ്പോൾ മാത്രമാണ് പ്രതിപക്ഷത്ത് നേരിയ ഐക്യം ഉണ്ടായതും. ഇക്കാര്യം തരൂരും ചൂണ്ടിക്കാട്ടിയിരുന്നു.

പ്രതിപക്ഷ ഐക്യത്തിനായി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറായിത്തന്നെയാണ് കോൺഗ്രസ് എന്നാണ് നേതൃത്വം പറയുന്നത്. നേതൃസ്ഥാനവും ആവശ്യപ്പെട്ടിട്ടില്ല. ശിവസേനയെയും ഒപ്പംനിർത്താൻ വി.ഡി. സവർക്കറുടെ പേരുന്നയിക്കുന്നതിൽനിന്ന് വിട്ടുനിൽക്കാൻ പോലും രാഹുൽ സമ്മതിച്ചു. ഈ വേളയിലാണ് തരൂരിന്റെ പ്രസ്താവന വന്നത്. പാർട്ടി വേദികളിലല്ലാതെയുള്ള ഇത്തരം പൊതു പ്രസ്താവനകൾക്ക് വിലകൊടുക്കേണ്ട സമയമല്ല ഇതെന്നാണ് നേതൃത്വത്തിന്റെ പക്ഷം.

അതേസമയം പ്രവർത്തക സമിതി പോലും പുനഃസംഘടിപ്പിക്കാതെയാണ് കോൺഗ്രസിന്റെ മുന്നോട്ടു പോക്ക്. തരൂർ വിഷയത്തിലാണ് പുനഃസംഘടന നടപ്പിലാക്കാത്തത് എന്നതും വ്യക്തമാണ്. തരൂരിന് വലിയ പിന്തുണ തന്നെ പാർട്ടിയിൽ ലഭിക്കുന്നുണ്ട്. ഇത് മുതിർന്ന നേതാക്കളെ വല്ലാതെ അലോസരപ്പെടുത്തുകയും ചെയ്യുന്നു.

അതേസമയം പാർട്ടിയിൽ വലിയ കലാപക്കൊടി ഉയർത്തിയെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു നിന്നും വീണ്ടും മത്സരിക്കുമെന്ന് സൂചന നൽകി ശശി തരൂർ രംഗത്തുണ്ട്. ദേശീയ-സംസ്ഥാന നേതൃത്വത്തിനെതിരായ വിമർശനത്തോടുള്ള അണികളുടെ സമീപനമാകും തരൂർ ഇത്തവണ നേരിടുന്ന പ്രധാന വെല്ലുവിളി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി വിളിച്ച യോഗങ്ങളിൽ ചില പ്രാദേശിക നേതാക്കൾ എതിർപ്പ് ഉന്നയിച്ചിരുന്നു.

2009ൽ രാഷ്ട്രീയത്തിലേക്കിറങ്ങിയ വിശ്വപൗരനെ തിരുവനന്തപുരത്തെ കോൺഗ്രസ്സുകാർ സ്വീകരിച്ചത് കോലം കത്തിച്ചും എതിർത്തുള്ള മുുദ്രാവാക്യം വിളിച്ചുമായിരുന്നു. വിമർശകരെയടക്കം കൂടെ നിർത്തി മൂന്ന് തെരഞ്ഞെടുപ്പുകളിൽ തരൂർ മാജിക് കണ്ടു. പാർട്ടിയുടേയും തരൂരിന്റെയും സഞ്ചാരം എന്നും രണ്ട് വഴിക്കാണ്. എല്ലാ നെഗറ്റീവുകളെയും മറികടക്കുന്ന വലിയ പോസിറ്റീവ് ഘടകമായി തരൂരിന്റെ മികച്ച പ്രതിച്ഛായ. ഹൈക്കമാൻഡിനെയും കെപിസിസിയുടെ ഒരുപോലെ വെല്ലുവിളിച്ച തരൂർ നാലാമൂഴത്തിനിറങ്ങുമോ എന്ന ആകാംക്ഷയുണ്ടായിരുന്നു. എന്നാൽ വീണ്ടും അങ്കം കുറിക്കാനൊരുങ്ങുകയാണ് തരൂർ. വിവിധ നിയമസഭാ മണ്ഡലങ്ങളിലെ മുന്നൊരുക്ക യോഗങ്ങളിൽ മുൻപന്തിയിൽ തന്നെ തരൂർ പങ്കെടുത്തു.

തരൂർ ഏറ്റുമുട്ടിയ എ-ഐ ഗ്രൂപ്പുകളുടേയും കെസി വിഭാഗത്തിലെയും നേതാക്കൾ ഒപ്പമുണ്ടായിരുന്നു. പക്ഷെ അപസ്വരങ്ങൾ ഉയർന്നത് മണ്ഡലം പ്രസിഡണ്ടുമാരിൽ നിന്ന്. കഴക്കൂട്ടം മണ്ഡലം യോഗത്തിൽ രണ്ട് മണ്ഡലം പ്രസിഡണ്ടുമാർ പാർട്ടി നേതൃത്വത്തിനെതിരെ തരൂർ ഉന്നയിച്ച വിമർശനം ശരിയായില്ലെന്ന് കുറ്റപ്പെടുത്തി. ഡിസിസി ഓഫീസിലെ സെൻട്രൽ മണ്ഡലയോഗത്തിന് ശേഷം ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷും തരൂരിന്റെ സ്റ്റാഫും തമ്മിലുണ്ടായത് കയ്യാങ്കളി. അതിനും കാരണം എഐസിസിക്കെതിരായ തരൂർ വിമർശനത്തിൽ സതീഷ് തുടങ്ങിയ ആരോപണങ്ങൾ.

ഗ്രൂപ്പുകളൊന്നടങ്കം പിൻവാങ്ങിയാൽ നാലാമൂഴം തരൂരിന് വലിയകടമ്പയാകും. പ്രത്യേകിച്ച് തരൂരിന്റെ വോട്ട് ബാങ്കായിരുന്ന ലത്തീൻ സഭ വിഴിഞ്ഞം സമരത്തെ തുണക്കാത്തതിനാൽ ഉടക്കിനിൽക്കുക കൂടി ചെയ്യുന്ന സാഹചര്യത്തിൽ. എന്നാൽ എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് മത്സരമടക്കം പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടിയെന്നാണ് തരൂർ അനുകൂലികളുടെ വിശദീകരണം.