ന്യൂഡൽഹി: അഴിമതി ആരോപണം നേരിടുന്ന രാഷ്ട്രീയക്കാർ സ്വന്തം പാർട്ടി വിട്ടു ബിജെപിയിൽ ചേർന്നാൽ വെളുപ്പിച്ചെടുക്കുന്ന പരിപാടിയെ പ്രതിപക്ഷം വാഷിങ്‌മെഷീൻ എന്നാണ് പരിഹസിക്കാറുള്ളത്. 2014 ന് ശേഷം ഇത്തരത്തിൽ 23 വെളുപ്പിക്കലുകൾ നടന്നു എന്ന അന്വേഷണം നടത്തി ദി ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചപ്പോൾ ബിജെപിക്കെതിരേ വാഷിങ് മെഷീൻ പരസ്യവുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. അഴിമതിക്കാരെ വെളുപ്പിച്ചെടുക്കുന്ന വാഷിങ് മെഷീനാണ് ബിജെപി എന്നാണ് പരസ്യം അർഥമാക്കുന്നത്. വാഷിങ് മെഷീന്റെ അകത്തുനിന്ന് പുറത്തുവരുന്ന ബിജെപി നേതാവിന്റെ ചിത്രമാണ് പരസ്യത്തിൽ. ദേശീയ ദിനപത്രങ്ങളിലാണ് പരസ്യം നൽകിയിരിക്കുന്നത്.

മാർച്ച് 30 ന് എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളന വേദിയിൽ കോൺഗ്രസ് പ്രതീകാത്മകമായി വാഷിങ് മെഷീൻ പ്രദർശിപ്പിച്ചിരുന്നു. പ്രഫുൽ പട്ടേലിന് എതിരായ അഴിമതി കേസിൽ സിബിഐ ക്ലീൻ ചിറ്റ് നൽകിയപ്പോഴാണ് ബിജെപിയെ കോൺഗ്രസ് പരിഹസിച്ചത്. ബിജെപിയിൽ ചേർന്നാൽ, കേസ് അവസാനിച്ചു എന്ന തത്വം അനുസരിച്ച് പ്രവർത്തിക്കുന്ന ഫുള്ളി ഓട്ടോമാറ്റിക് വാഷിങ് മെഷീൻ എന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. മോദി വാഷിങ് പൗഡർ ഉപയോഗിച്ചാണ് അഴിമതി വെളുപ്പിക്കുന്നതെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര അന്ന് കളിയാക്കിയിരുന്നു.

10 വർഷത്തിനിടെ, അഴിമതി കേസുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിട്ട 25 പ്രമുഖ രാഷ്ട്രീയ നേതാക്കൾ ബിജെപി പക്ഷത്ത് ചേർന്നതായി ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യത്തിൽ പാർട്ടിഭേദമൊന്നുമില്ല. കോൺഗ്രസിൽ നിന്ന് 10 പേരും, എൻസിപി, ശിവസേന പാർട്ടികളിൽ നിന്ന് നാലും, ടിഎംസിയിൽ നിന്ന് മൂന്നും, ടിഡിപിയിൽ നിന്ന് രണ്ടും, എസ്‌പി, വൈഎസ്ആർസിപി പാർട്ടികളിൽ നിന്ന് ഓരോന്നും. 25 ൽ 23 കേസുകളിലും ശിക്ഷ ഒഴിവാക്കി കൊടുത്തു എന്നാണ് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ടിൽ പറയുന്നത്.

മൂന്നുകേസുകൾ അവസാനിപ്പിച്ചു. 20 എണ്ണം നിർത്തി വയ്ക്കുകയോ, കോൾഡ് സ്റ്റോറേജിലോ ആണ്. പട്ടികയിലുള്ള ആറ് രാഷ്ട്രീയക്കാർ പൊതുതിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് ബിജെപിയിൽ ചേർന്നവരാണ്. ഇഡിയോ, സിബിഐയോ നടപടി സ്വീകരിച്ച പ്രമുഖ
രാഷ്ട്രീയ നേതാക്കളിൽ 95 ശതമാനവും പ്രതിപക്ഷത്ത് നിന്നുള്ളവരാണ്. അതുകൊണ്ടാണ് പ്രതിപക്ഷം ഈ പരിപാടിയെ വാഷിങ് മെഷീൻ എന്നുവിളിക്കുന്നത്.

ഇതി ബിജെപിയുടെ മാത്രം കഥയല്ല. 2009 ൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ യുപിഎ രാജ്യം ഭരിക്കുമ്പോൾ, എസ്‌പിയെയും, ബിഎസ്‌പിയെയും കോൺഗ്രസ് അടുപ്പിച്ച് നിർത്തുമ്പോൾ, അവർക്കെതിരായ അഴിമതി കേസുകളുടെ ദിശ മാറിയിരുന്നതായി ഇന്ത്യൻ എക്സ്‌പ്രസ് പറയുന്നു.

കേന്ദ്ര ഏജൻസി നടപടികൾ കൂടുതൽ മഹാരാഷ്ട്രയിൽ

2022-23 കാലത്ത് മഹാരാഷ്ട്രയിലെ രാഷ്ട്രീയ ചാഞ്ചാട്ടങ്ങളുടെ സമയത്താണ് നേതാക്കളെ തേടി കേന്ദ്ര ഏജൻസികൾ കൂടുതൽ എത്തിയത്. 2022 ൽ ശിവസേനയെ ബിജെപി പിളർത്തിയപ്പോൾ ഏക്നാഥ് ഷിൻഡെ വിഭാഗം ബിജെപിക്കൊപ്പം സർക്കാരുണ്ടാക്കി. ഒരുവർഷത്തിന് ശേഷം എൻസിപി പിളർന്നപ്പോൾ അജിത് പവാർ പക്ഷം എൻഡിഎയിൽ ചേർന്നു. എൻസിപിയുടെ രണ്ട് ഉന്നത നേതാക്കളായ അജിത് പവാറിനും പ്രഫുൽ പട്ടേലിനും എതിരായ കേസുകൾ പിന്നീട് അവസാനിപ്പിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള 12 പ്രമുഖർ 25 അംഗ പട്ടികയിൽ ഉൾപ്പെടുന്നു.അതിൽ 11 പേർ 2022 ലോ അതിന് ശേഷമോ ബിജെപിയിലേക്ക് മാറിയവരാണ്. എൻസിപി, ശിവസേന, കോൺഗ്രസ് കക്ഷികളിൽ നിന്നുള്ള നാല് വീതം പേരും പട്ടികയിൽ ഉൾപ്പെടുന്നു.

2020 ഒക്ടോബറിൽ, മഹാവികാസ് അഘാടി സർക്കാരിന്റെ കാലത്ത് അജിത് പവാറിന് എതിരായ കേസ്, മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അവസാനിപ്പിച്ചെങ്കിലും, ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ വീണ്ടും തുറന്നു. എന്നാൽ, അജിത് വീണ്ടും എൻഡിഎയിൽ ചേർന്നതോടെ, ഈ വർഷം മാർച്ചിൽ ഫയൽ വീണ്ടും ക്ലോസ് ചെയ്തു. അജിതിന് എതിരായ ഇഡി കേസും അതോടെ അസാധുവായി.

പേരിന് വേണ്ടി തുറന്നുവയ്ക്കുകയും, കാര്യമായ പുരോഗതി ഇല്ലാതിരിക്കുകയും ചെയ്യുന്ന കേസുകളുണ്ട്. നാരദ സ്റ്റിങ് ഓപ്പറേഷൻ സംഭവത്തിൽ, പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കെതിരെ കേസെടുക്കാൻ 2019 മുതൽ സിബിഐ ലോക്സഭാ സ്പീക്കറുടെ അനുമതിക്ക് കാത്തിരിക്കുകയാണ്. സംഭവം നടക്കുമ്പോൾ സുവേന്ദു എംപിയായിരുന്നു. 2020 ൽ സുവേന്ദു ടിഎംസി വിട്ട് ബിജെപിയിൽ ചേർന്നു.

അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയ്ക്കും, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാനും എതിരായ കേസുകളും കോൾഡ് സ്റ്റോറേജിലാണ്. ശാരദ ചിറ്റ് ഫണ്ട് കേസിൽ 2014 ൽ ഹിമന്ദയെ സിബിഐ ചോദ്യം ചെയ്യുകയും റെയ്ഡുകൾ നടത്തുകയും ചെയ്തിരുന്നു. 2015 ൽ ഹിമന്ദ ബിജെപിയിൽ ചേർന്ന ശേഷം കേസിന് അനക്കമേയില്ല. അശോക് തവാൻ ഈ വർഷമാണ് ബിജെപിയിൽ ചേർന്നത്. ആദർശ് ഭവന നിർമ്മാണ കേസിലെ സിബിഐ, ഇഡി നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

25 പേരുടെ പട്ടികയിൽ, മുൻ കോൺഗ്രസ് എംപി ജ്യോതി മിർദ്ധയ്ക്കും, മുൻ ടിഡിപി എംപി വൈ എസ് ചൗധരിക്കും എതിരായ കേസുകളിൽ മാത്രം ഇഡി ഇതുവരെ വിടുതൽ നൽകിയിട്ടില്ല. ഇരുനേതാക്കളും ബിജെപിയിൽ ചേർന്നെങ്കിലും ശാപമോക്ഷമില്ല.

സിബിഐയും ഇഡിയും പറയുന്നത്

അതേസമയം, തങ്ങളുടെ കേസന്വേഷണം തെളിവുകളെ അടിസ്ഥാനമാക്കിയെന്നാണ് സിബിഐ പറയുന്നത്. ചില കേസുകളിൽ പല കാരണങ്ങളാൽ നടപടി വൈകുന്നതാണെന്നും ഏജൻസി പറയുന്നു. മറ്റ് ഏജൻസികൾ ഇടുന്ന എഫ്ഐആർ പ്രകാരമാണ് തങ്ങളുടെ കേസുകളെന്ന് ഇഡി പറയുന്നു. മറ്റ് ഏജൻസികൾ കേസുകൾ അവസാനിപ്പിച്ചാൽ ഇഡിക്ക് മുന്നോട്ട് പോകാൻ കഴിയാതാകും. എന്നിരുന്നാലും പല കേസുകളിലും കുറ്റപത്രം സമർപ്പിച്ചെന്നും, അന്വേഷണം തുടരുന്ന കേസുകളിൽ ആവശ്യം വരുമ്പോൾ നടപടിയെടുക്കും എന്നുമാണ് ഇഡിയുടെ പ്രതികരണം.

വിവിധ നേതാക്കൾ പാർട്ടി മാറിയത് അനുസരിച്ച് അന്വേഷണ ഏജൻസികൾ ദിശ മാറ്റിയതിന്റെ സമയക്രമവും ഇന്ത്യൻ എക്സ്‌പ്രസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.