- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് പ്ലീനറി സമ്മേളനം ഫെബ്രുവരി 24 മുതൽ റായ്പൂരിൽ; പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കും; 25 അംഗ പ്രവർത്തക സമിതിയിൽ 12 പേരെയാണ് തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കും; മറ്റു 11 പേരെ പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യും; കേരളത്തിൽ നിന്നും പ്രവർത്തക സമിതിയിൽ നോട്ടമിട്ട് ചെന്നിത്തല, തരൂർ, കൊടിക്കുന്നിൽ, കെ.മുരളീധരൻ തുടങ്ങിയവർ
ന്യൂഡൽഹി: കോൺഗ്രസ് പ്ലീനറി സമ്മേളനം അടുത്ത മാസം നടത്താൻ തീരുമാനം. ഫെബ്രുവരി 24,25,26 തീയതികളിലായി റായ് പൂരിൽ വച്ചാണ് സമ്മേളനം നടക്കുക. പുതിയ എഐസിസി ഭാരവാഹികളെ നിശ്ചയിക്കുക അടക്കമുള്ള കാര്യങ്ങളാണ് ഈ സമ്മേളനത്തിൽ നടക്കാനുള്ളത്. ആറു വിഷയങ്ങളിൽ ചർച്ച നടക്കും. പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.
മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ കോൺഗ്രസ് പ്ലീനറി സമ്മേളനമാണിത്. ഖാർഗെയെ പാർട്ടി പ്രസിഡന്റായി തെരഞ്ഞെടുത്തത് സമ്മേളനം അംഗീകാരം നൽകും. പുതിയ പ്രവർത്തക സമിതിയെയും, പാർട്ടി ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുക്കും.
25 അംഗ പ്രവർത്തക സമിതിയാണ് തൂപീകരിക്കുക. ഇതിൽ പാർട്ടി പ്രസിഡന്റ്, കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് (സോണിയ ഗാന്ധി) എന്നിവർക്ക് പുറമേയുള്ളവരിൽ 12 പേരെയാണ് തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കുക. ബാക്കി 11 പേരെ പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യും.
25 വർഷം മുൻപ് കൊൽക്കത്ത പ്ലീനറിയിലാണ് ഇതിനു മുൻപ് സമിതിയിലേക്കു തെരഞ്ഞെടുപ്പ് നടന്നത്. രമേശ് ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, കെ.മുരളീധരൻ എന്നിവർ കേരളത്തിൽ നിന്നും പ്രവർത്തക സമിതിയിലേക്ക് ഇടം തേടി രംഗത്തുണ്ട്. കെ സി വേണുഗോപാൽ പ്രവർത്തക സമിതിയിൽ തുടർന്നേക്കും.
അതേസമം നിരവിൽ എ കെ ആന്റണി, ഉമ്മൻ ചാണ്ടി എന്നിവർ പ്രവർത്തകസമിതി അംഗത്വം ഒഴിഞ്ഞാൽ, ഇരുവരേയും സ്ഥിരം ക്ഷണിതാക്കളായി നിലനിർത്തിയേക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഖാർഗെയ്ക്കെതിരെ മത്സരിച്ച ശശി തരൂരിനെ ഉൾപ്പെടുത്തുമോ എന്നതും പ്രവർത്തകർ ഉറ്റുനോക്കുന്നു. കെ സി വേണുഗോപാൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി തുടരുമോ എന്നതും ശ്രദ്ധേയമാണ്.
പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആളായതിനാൽ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഹിന്ദി ഹൃദയഭൂമിയിൽ നിന്നുള്ള ആളാകണമെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് കൂടി വരാനിരിക്കുന്ന സാഹചര്യത്തിൽ, ഉത്തരേന്ത്യയിൽ നിന്നും ആരെങ്കിലും കെ സി വേണുഗോപാലിന് പകരം വരാനിടയുണ്ട്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജനുവരി 26 ന് അവസാനിക്കുകയാണ്. ഈ യാത്രയുടെ വിജയം സമ്മേളനം വിലയിരുത്തും. ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി ജനുവരി 26 മുതൽ 2 മാസം നീളുന്ന 'ഹാത്ത് സേ ഹാത്ത് ജോഡോ' യജ്ഞത്തിന് കോൺഗ്രസ് തുടക്കമിടുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.