റായ്പുർ: മൂന്നാം മുന്നണി രൂപീകരണത്തിനുള്ള ബിആർഎസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ നീക്കങ്ങളെ എതിർത്ത് കോൺഗ്രസ് നേതൃത്വം രംഗത്ത്. മൂന്നാം മുന്നണി യാഥാർഥ്യമായാൽ അത് ബിജെപിയെ മാത്രമാണ് സഹായിക്കുകയെന്ന് ഛത്തീസ്‌ഗഢിലെ റായ്പുരിൽ നടക്കുന്ന പ്ലീനറി സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു.

മൂന്നാം മുന്നണി രൂപീകരിക്കാതെ ഒന്നിക്കണമെന്നും കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു. ഭിന്നിച്ചു നിന്ന് ബിജെപിക്ക് നേട്ടമുണ്ടാക്കരുത്. സമാനപ്രത്യയശാസ്ത്രം ഉൾക്കൊള്ളുന്ന പ്രതിപക്ഷ പാർട്ടികളെല്ലാം ഒരു കുടക്കീഴിൽ വരണം. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ വിദ്വേഷകുറ്റകൃത്യങ്ങൾക്കെതിരെ നിയമം കൊണ്ടുവരുമെന്നും രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു.

ബിജെപി ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്യുന്നു. ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കാൻ ശ്രമിക്കുന്നു. ഇതിനെ തടയേണ്ടതുണ്ടെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.

മതേതര, സോഷ്യലിസ്റ്റ് കക്ഷികളുടെ ഒരുമ, യോജിക്കാൻ കഴിയുന്ന പ്രാദേശിക കക്ഷികളുമായുള്ള സഹകരണം. ഇവ രണ്ടുമാണ് 2024-ലേക്കുള്ള രാഷ്ട്രീയ സഖ്യങ്ങളുടെ അടിത്തറയായി കോൺഗ്രസ് പ്ലീനറി സമ്മേളനം ഉയർത്തിക്കാട്ടുന്നത്. പഴയകാലത്തിലേതിന് സമാനമായ സഖ്യത്തിന് കോൺഗ്രസ് തയ്യാറെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്ലീനറി സമ്മേളന വേദിയിൽ പ്രഖ്യാപിച്ചു. രാഷ്ട്രീയ പ്രമേയം മുന്നോട്ടുവെക്കുന്ന വിഷയങ്ങൾ 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണ്.

മൂന്നാം മുന്നണി യാഥാർത്ഥ്യമായാൽ അത് കോൺഗ്രസിനെക്കൂടിയാണ് കാര്യമായി ബാധിക്കുക. കേന്ദ്ര സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിക്കും, പ്രതിപക്ഷം രണ്ട് തട്ടിൽ തന്നെ നിൽക്കും. അത് ബിജെപിയെ മാത്രം സഹായിക്കുന്നതാകുമെന്ന വിലയിരുത്തൽ ചൂണ്ടിക്കാട്ടിയാണ് പഴയ കാലങ്ങളിലേതിന് സമാനമായ സഖ്യത്തിന് കോൺഗ്രസ് തയ്യാറാണെന്ന് മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയത്.

പ്ലീനറി സമ്മേളനത്തിൽ കോൺഗ്രസ് ഭരണഘടനയിൽ 85 സുപ്രധാന ഭേദഗതികളും വരുത്തി. പാർട്ടി കമ്മറ്റികളിൽ കൂടുതൽ നേതാക്കൾക്ക് അവസരം നൽകാൻ കരുതിക്കൂടിയുള്ളതാണ് ഭരണഘടനാ ഭേദഗതി. പ്രവർത്തക സമിതി മുതൽ താഴേയ്ക്ക് എല്ലാ സമിതികളിലും 50 ശതമാനം സംവരണം നൽകും. ദളിത്, യുവജന, അദിവാസി, ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങൾക്ക് പരിഗണന ലഭിക്കും.

പ്രവർത്തകസമിതി അംഗങ്ങളുടെ എണ്ണം 35 ആക്കി. മുൻ പ്രധാനമന്ത്രിമാരും മുൻ അധ്യക്ഷന്മാരും രാജ്യസഭാ, ലോക്സഭാ കക്ഷി നേതാക്കളും പ്രവർത്തക സമിതിയിൽ സ്ഥിരാംഗങ്ങളാകും. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ആജീവനാന്തം കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുന്നതിനും ഭരണഘടനാ ഭേദഗതി അവസരമൊരുക്കും.

രാജ്യത്താകെ ബൂത്ത് കമ്മിറ്റികളും ഗ്രാമങ്ങളിൽ പഞ്ചായത്ത് കമ്മറ്റിയും നഗരങ്ങളിൽ വാർഡ് കമ്മിറ്റികളും നിലവിൽവരും. സൗജന്യ ചികിത്സ ഇന്ത്യയിലെ ജനങ്ങളുടെ അവകാശമാക്കും എന്നതാണ് സാമ്പത്തിക പ്രമേയത്തിലെ പ്രധാന നിർദ്ദേശം.

1991-ന് സമാനമായ വലിയ പരിഷ്‌കരണം സാമ്പത്തിക രംഗത്ത് നിർദ്ദേശിക്കുന്ന കോൺഗ്രസ്, ഭരണത്തിലെത്തിയാൽ ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്ന് സാമ്പത്തിക പ്രമേയത്തിൽ പറയുന്നുണ്ട്. അദാനിമാർക്ക് വെള്ളവും വളവും നൽകില്ലെന്നും ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ഇല്ലാതാക്കുമെന്നും കോൺഗ്രസ് റായ്പൂരിൽ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നയത്തിൽ കാതലായ മാറ്റം വേണമെന്നും പ്ലീനറി സമ്മേളനം ആവശ്യപ്പെടുന്നു.