ന്യൂഡൽഹി: സുപ്രീംകോടതി വിധിയെ മറികടക്കാൻ കേന്ദ്രസർക്കാർ പുതിയ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത് വിവാദമായിരിക്കയാണ്. ഇത് കടുത്ത എതിർപ്പാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. ഇതിനിടെ ബിജെപിയെ വെട്ടിലാക്കാൻ മുമ്പ് എൽ കെ അദ്വാനി അയച്ച കത്ത് പുറത്തുവിട്ടു കോൺഗ്രസ് രംഗത്തുവന്നു. സമിതിയിൽ ചീഫ് ജസ്റ്റിസ് വേണമെന്ന് പറയുന്ന കത്താണ് പുറത്തുവിട്ടത്.

മുഖ്യതെരഞ്ഞെടുപ്പ് കമീഷണറയെും തെരഞ്ഞെടുപ്പ് കമീഷണർമാരെയും നിയമിക്കാനുള്ള സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിനെ ഒഴിവാക്കാൻ കേന്ദ്ര സർക്കർ ശ്രമം തുടങ്ങിയിരിക്കയാണ്. 2012-ൽ ബിജെപി പാർലമെന്ററി പാർട്ടി അധ്യക്ഷനായിരുന്ന എൽ.കെ അദ്വാനി അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന് അയച്ച കത്താണ് കോൺഗ്രസ് പുറത്തുവിട്ടത്.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും മറ്റംഗങ്ങളെയും തെരഞ്ഞെടുക്കേണ്ടത് അഞ്ചംഗങ്ങളുള്ള സമിതിയോ, കൊളീജിയമോ ആയിരിക്കണമെന്ന് നിർദേശിച്ചാണ് അദ്വാനി കത്തയച്ചിരിക്കുന്നത്. പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പാർലമെന്റിലെ ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കൾ, നിയമമന്ത്രി എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പാനലാണ് കത്തിൽ നിർദേശിച്ചിരുന്നത്.

പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളെ രാഷ്ട്രപതി നിയമിക്കുന്ന നിലവിലെ സംവിധാനം ജനങ്ങൾക്കിടയിൽ വിശ്വാസം ഉളവാക്കുന്നില്ലെന്നും 2012 ജൂൺ രണ്ടിനെഴുതിയ കത്തിൽ അദ്വാനി പറയുന്നു. മോദി സർക്കാർ കഴിഞ്ഞ ദിവസം രാജ്യസഭയിൽ അവരതിപ്പിച്ച ബിൽ അദ്വാനിയുടെ നിലപാടിനും സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കും എതിരാണെന്ന് കത്തു ട്വീറ്റു ചെയ്തുകൊണ്ട് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന്റെ നിയന്ത്രണം കൈപ്പിടിയിലാക്കുക ലക്ഷ്യമിട്ടാണ് മോദി സർക്കാരിന്റെ നീക്കമെന്നും ജയ്‌റാം രമേശ് കുറ്റപ്പെടുത്തി.

സുപ്രീം കോടതി വിധി പ്രകാരം ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട സമിതിക്കാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കാനുള്ള അധികാരം ഉണ്ടായിരുന്നത്. ഈ ഉത്തരവ് അസാധുവാക്കുന്ന ബില്ലാണ് കേന്ദ്ര നിയമ മന്ത്രി രാജ്യസഭയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ മാർച്ച് മാസമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്നത് സംബന്ധിച്ച് സുപ്രധാന ഉത്തരവ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചത്.

പ്രധാനമന്ത്രിയും മന്ത്രിസഭയും നാമനിർദ്ദേശം ചെയ്യുന്ന ആളെ രാഷ്ട്രപതി നിയമിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷ പ്രവർത്തനത്തെ ബാധിക്കുമെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു കോടതി ഉത്തരവ്. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതിചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിക്ക്, സർക്കാർ നിയമ നിർമ്മാണം നടത്തുന്നത് വരെ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കാനുള്ള അധികാരം ഉത്തരവിലൂടെ കോടതി നൽകി. എന്നാൽ സമിതിയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുകയും പകരം പ്രധാന മന്ത്രി നിർദ്ദേശിക്കുന്ന കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തുകയും ചെയ്യുന്നതാണ് പുതിയ ബിൽ.

കോടതി വിധി മറികടക്കാൻ കേന്ദ്ര സർക്കാർ കൊണ്ട് വന്ന നിയമത്തെ പ്രതിപക്ഷം രാജ്യസഭയിൽ ശക്തമായി എതിർത്തു. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും രാജ്യസഭാ ചെയർമാൻ അനുമതി നൽകിയതിനെ തുടർന്ന് കേന്ദ്ര നിയമ മന്ത്രി അർജുൻ മേഘ്വാൾ ബിൽ അവതരിപ്പിക്കുകയായിരുന്നു.