- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം മുഖം തിരിച്ചാലും സിപിഐ ഉണ്ട് കോൺഗ്രസിന് കൂട്ട്; ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ സിപിഐ നേതാക്കൾ പങ്കെടുക്കും; പാർട്ടിയെ പ്രതിനിധീകരിക്കുന്നത് ഡി രാജയും ബിനോയ് വിശ്വവും
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ സിപിഐ പ്രതിനിധികൾ പങ്കെടുക്കും. സമാപനസമ്മേളനത്തിൽ പാർട്ടിയെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി ഡി രാജയും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വവും സമാപനച്ചടങ്ങിൽ പങ്കെടുക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഇക്കാര്യം സിപിഐ അറിയിച്ചു. മികച്ച ഇന്ത്യയെ രൂപപ്പെടുത്താൻ ഒരുമിച്ച് നിൽക്കുകയെന്ന ആശയം തങ്ങളെ പ്രചോദിപ്പിക്കുന്നതായും ഖാർഗെയ്ക്ക് അയച്ച കത്തിൽ ഡി രാജ ചൂണ്ടിക്കാട്ടി.
ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ രാഹുൽ ഗാന്ധിക്കൊപ്പം പങ്കുചേരാൻ 21 പ്രതിപക്ഷ പാർട്ടികളുടെ അധ്യക്ഷന്മാരെ ക്ഷണിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കത്തെഴുതിയിരുന്നു. ജനുവരി 30 ന് ശ്രീനഗറിലാണ് സമാപന ചടങ്ങുകൾ നടക്കുക. കന്യാകുമാരിയിൽ നിന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആരംഭിച്ച ഭാരത് ജോഡോ യാത്ര കശ്മീരിൽ സമാപിക്കും.
മഹാത്മഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് ശ്രീനഗറിലാണ് യാത്ര സമാപിക്കുന്നത്. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്രയിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ അണിനിരന്നിരുന്നു. തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ പിന്നിട്ടാണ് യാത്ര കശ്മീരിൽ എത്തുന്നത്.
'സമാന ചിന്താഗതിക്കാരായ ഓരോ ഇന്ത്യക്കാരെയും യാത്രയുടെ തുടക്കം മുതൽ ഞങ്ങൾ ക്ഷണിച്ചു. രാഹുൽ ഗാന്ധിയുടെ ക്ഷണപ്രകാരം വിവിധ രാഷ്ട്രീയ പാർട്ടികളുടെ എംപിമാർ പല ഘട്ടങ്ങളിലായി യാത്രയിൽ പങ്കെടുത്തിട്ടുണ്ട്. ജനുവരി 30 ന് ഉച്ചയ്ക്ക് ശ്രീനഗറിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.' മല്ലികാർജുൻ ഖാർഗെ നേരത്തെ പറഞ്ഞിരുന്നു.
വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും പ്രത്യയശാസ്ത്രത്തിനെതിരായ പോരാട്ടത്തിൽ ജനുവരി 30 ന് ജീവൻ നഷ്ടപ്പെട്ട മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കായി ഈ ചടങ്ങ് സമർപ്പിക്കും. പ്രതിപക്ഷത്തിന്റെ ശബ്ദം ലക്ഷക്കണക്കിന് ആളുകളെ നേരിട്ട് അറിയിക്കാൻ യാത്ര സഹായിച്ചെന്ന് കോൺഗ്രസ് അധ്യക്ഷൻ കത്തിൽ പറഞ്ഞു. ' ഇക്കാലമത്രയും പാർലമെന്റിലും മാധ്യമങ്ങളിലും പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്തപ്പെട്ടപ്പോൾ, ഈ യാത്രയിലൂടെ ലക്ഷക്കണക്കിന് ആളുകളുമായി നേരിട്ട് ബന്ധപ്പെടാനായി ' ഖാർഗെ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ