- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎം ദേശീയ പാർട്ടിയായി തുടരുന്നത് സമയപരിധി തിരഞ്ഞെടുപ്പ് കമ്മിഷൻ നീട്ടി നൽകിയതിന്റെ അടിസ്ഥാനത്തിൽ; ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ എംപിമാരെ നേടിയില്ലെങ്കിൽ ദേശീയപാർട്ടി പദവി നഷ്ടമാകും; കേരളത്തിന് പുറമേ പ്രതീക്ഷ തമിഴ്നാട്ടിലെയും തെലുങ്കാനയിലെയും സഖ്യ രാഷ്ട്രീയത്തിൽ; ബംഗാളിൽ വോട്ടുവിഹിതം ഇവിടെ ഉയർത്താനായാലും ദേശീയപാർട്ടി കടമ്പ മറികടക്കാം
തിരുവനന്തപുരം: സിപിഐയുടെ ദേശീയ പാർട്ടി പദവി നഷ്ടമായത് കഴിഞ്ഞ ദിവസമാണ്. ഇതോടെ സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവിയുടെ കാര്യത്തിലും ആശങ്കകൾ ഉയർന്നിരുന്നു. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പെർഫോമൻസ് മെച്ചപ്പെടുത്തിയില്ലെങ്കിൽ സിപിഎമ്മിനും ദേശീയ പാർട്ടി പദവി നഷ്ടമാകും. മാനദണ്ഡങ്ങൾ അനുസരിച്ച് ഇപ്പോൾ സിപിഎമ്മിന് ദേശീയപാർട്ടി പദവിയിൽ തുടരാനുള്ള അംഗബലം ഇല്ല. അതേസമയം തെരഞ്ഞെടുപ്പു കമ്മീഷൻ സമയപരിധി നീട്ടിനൽകിയതിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മും ബി.എസ്‌പി.യും ദേശീയപാർട്ടിയായി തുടരുന്നത്. ഇത് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ മാറ്റം വരാം. ബംഗാളിലും ത്രിപുരയിലും ക്ഷയിച്ചതാണ് സിപിഎമ്മിനെ ഏറ്റവും ക്ഷീണിപ്പിച്ചതും.
നാലു സംസ്ഥാനങ്ങളിൽ സംസ്ഥാനപാർട്ടി അംഗീകാരം നേടിയാൽ ദേശീയപാർട്ടിയാകാം എന്നതാണ് മാനദണ്ഡമായി ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനപാർട്ടി അംഗീകാരത്തിന് ആകെ പോൾചെയ്ത വോട്ടിന്റെ ആറുശതമാനം വേണം താനും. 30 മണ്ഡലങ്ങളിൽ ഒരു എംഎൽഎ. എങ്കിലും ഉണ്ടാകുക, 25 ലോക്സഭാ മണ്ഡലങ്ങളിൽ ഒരിടത്തെങ്കിലും അംഗമുണ്ടാകുക എന്നിവയിലേതെങ്കിലും നേടണം എന്നതാണ് വ്യവസ്ഥ.
ഇപ്പോഴത്തെ സാഹചര്യത്തിൽ സിപിഎമ്മിന് നിലവിൽ മൂന്നിടത്തുമാത്രമാണ് സംസ്ഥാനപദവിയുള്ളത്. ത്രിപുര, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഈ പദവിയുള്ളത്. അതേസമയം ബംഗാളിൽ സംസ്ഥാനപാർട്ടി പദവി നിലനിർത്താനുള്ള വോട്ടുവിഹിതമോ അംഗബലമോ ഇപ്പോൾ സിപിഎമ്മിനില്ല. 2021-ലെ തിരഞ്ഞെടുപ്പിലാണ് അത് നഷ്ടമാകുന്നത്. നിലവിൽ എംഎൽഎ.മാരോ എംപി.മാരോ ബംഗാളിൽ സിപിഎമ്മിനില്ല. വോട്ടുവിഹിതം 4.71 ശതമാനം മാത്രമാണ് താനും. അടുത്ത തെരഞ്ഞെടുപ്പിൽ ബംഗാളിലാണ് പാർട്ടി മെച്ചപ്പെടേണ്ടത് എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്ന കാര്യം.
മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി 11 ലോക്സഭാ അംഗങ്ങളുണ്ടായാലും ദേശീയപാർട്ടി അംഗീകാരം ലഭിക്കാം. ഈ മാനദണ്ഡം പാലിക്കാൻ 2016 മുതൽ സിപിഎമ്മിനും കഴിഞ്ഞിട്ടില്ല. തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽനിന്നായി മൂന്ന് ലോക്സഭാംഗങ്ങൾ മാത്രമാണ് പാർട്ടിക്കുള്ളത്. ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്താം എന്നതാണ് സിപിഎം പ്രതീക്ഷ. ഇത് കൂടാതെ കേരളത്തിന് പുറത്ത് മറ്റ് പാർട്ടികളുമായുള്ള സഖ്യത്തിലാണ് സിപിഎമ്മിന് പ്രതീക്ഷിക്കാൻ വകയുള്ളത്. കേരളത്തിനുപുറത്ത് രണ്ടുസംസ്ഥാനങ്ങളിൽക്കൂടി എംപി.മാരുണ്ടാകുകയും കേരളത്തിൽ ഒമ്പത് മണ്ഡലങ്ങളിലെങ്കിലും ജയിക്കാനുമായാൽ ദേശീയപദവിയിൽ സിപിഎമ്മിന് തുടരാനാകും.
തമിഴ്‌നാട് ഡി.എം.കെ. സഖ്യത്തിൽ തുടരുന്നതിനാൽ അവിടെ നിലവിലെ സീറ്റുകൾ ലഭിച്ചേക്കും. അതിൽ വിജയപ്രതീക്ഷയും സിപിഎമ്മിനുണ്ട്. പക്ഷേ, മൂന്നാമതൊരു സംസ്ഥാനത്ത് എംപി.സ്ഥാനം നേടുകയെന്നത് ശ്രമകരമായ കാര്യമാകും. ബംഗാളിൽ പാർട്ടിയുടെ ശക്തി മെച്ചപ്പെട്ടുവരുകയാണെന്നാണ് സിപിഎം. പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറുശതമാനം വോട്ടുവിഹിതം ഇവിടെ ഉയർത്താനായാൽ ദേശീയപാർട്ടി കടമ്പ മറികടക്കാനാകും. ബംഗാളിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സിപിഎം. തീരുമാനത്തിനുപിന്നിലെ ലക്ഷ്യവും വോട്ടുവിഹിതം ഉയർത്തൽതന്നെ.
തെലങ്കാനയിൽ ചന്ദ്രശേഖരറാവുവിന്റെ ഭാരത് രാഷ്ട്രസമിതിയുമായി സഖ്യമുണ്ടാക്കാനായാൽ അവിടെയും സിപിഎമ്മിന് പ്രതീക്ഷയുണ്ട്. തെലങ്കാനയിൽ ഒരു എംപി.യെ നേടാനായാലും സിപിഎമ്മിന് ദേശീയപാർട്ടി അംഗീകാരം നിലനിർത്താനാകും. അതേസമയം ബിഹാർ, ഒഡീഷ, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങളിൽ ഏതെങ്കിലുമൊന്നിൽ സംസ്ഥാന പാർട്ടി പദവി നേടി ദേശീയ പാർട്ടിയായി തിരിച്ചുവരാമെന്ന കണക്കുകൂട്ടലിലാണു സിപിഐ ഉള്ളത്. അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇതു പ്രധാന ലക്ഷ്യമാകും.
കേരളം, തമിഴ്‌നാട്, മണിപ്പുർ സംസ്ഥാനങ്ങളിലാണു സിപിഐയ്ക്കു സംസ്ഥാന പാർട്ടി പദവിയുള്ളത്. പാർട്ടിയുടെ 2 ലോക്‌സഭാ എംപിമാരും തമിഴ്‌നാട്ടിൽ നിന്നാണ്. കേരളത്തിൽനിന്നു ലോക്‌സഭാംഗങ്ങളില്ലെങ്കിലും 17 നിയമസഭാ സീറ്റോടെ ഭരണത്തിൽ പങ്കാളിയാണ്. 4 സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവിയുണ്ടെങ്കിൽ ദേശീയ പാർട്ടിയാകാം. ഒരു സംസ്ഥാനത്തെ ആകെ ലോക്‌സഭാ സീറ്റുകളിൽ 1:25 അല്ലെങ്കിൽ നിയമസഭാ സീറ്റുകളിൽ 1:30 എന്ന ക്രമത്തിൽ നേടുകയോ, രണ്ടിലേതെങ്കിലും തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്തതിന്റെ 6% വോട്ട് നേടുകയോ ചെയ്താൽ അവിടെ സംസ്ഥാന പാർട്ടിയാകും. ബിഹാർ, ഒഡീഷ, ഛത്തീസ്‌ഗഡ് എന്നിവയിലൊന്നിൽ മൂന്നാമത്തെ നിബന്ധന പ്രകാരം സംസ്ഥാന പാർട്ടിയാവുകയും അതുവഴി ദേശീയ പദവി തിരിച്ചുലഭിക്കുകയും ചെയ്യുമെന്നാണു കണക്കുകൂട്ടൽ. ഇതിൽ ബിഹാറിലാണു കൂടുതൽ പ്രതീക്ഷ.
2021ലെ കണക്ക് പ്രകാരം സിപിഐക്ക് രാജ്യത്താകെ ആറര ലക്ഷം അംഗങ്ങളുണ്ട്. ഇതിൽ 1.67 ലക്ഷം പേർ കേരളത്തിലും 1.13 ലക്ഷം പേർ തമിഴ്‌നാട്ടിലുമാണ്. മൂന്നാം സ്ഥാനത്തു ബിഹാർ (78,912). ഒരിക്കൽ ശക്തിയുണ്ടായിരുന്ന ബംഗാളിലും ത്രിപുരയിലും സ്വാധീനമില്ലാതായി. ബംഗാളിൽ പാർട്ടി അംഗങ്ങൾ 26,832 ആണെങ്കിൽ ത്രിപുരയിൽ 937 മാത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ ദേശീയ പാർട്ടി പദവി നഷ്ടമായത് കേരളത്തിൽ സിപിഎമ്മുമായുള്ള വിലപേശൽ ശേഷിയെ ബാധിക്കുമോ എന്ന ആശങ്ക സംസ്ഥാന ഘടകത്തിനുണ്ട്.




