മുംബൈ: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ മാപ്പര്‍ഹിക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇത്തരം കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും സ്ത്രീശാക്തീകരണത്തോടൊപ്പം സ്ത്രീകളുടെ സുരക്ഷയും രാജ്യത്തിന്റെ പരിഗണനയാണെന്നും മഹാരാഷ്ട്രയിലെ ലാഖ്പതി ദീദി സമ്മേളനത്തില്‍ സംസാരിക്കവെ മോദി പറഞ്ഞു.

കൊല്‍ക്കത്തയില്‍ പി ജി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. പ്രതികള്‍ ആരുമാകട്ടെ അവര്‍ക്ക് ശിക്ഷ ഉറപ്പാക്കണം. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ പ്രതികള്‍ മാപ്പര്‍ഹിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരുകളെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സംസ്ഥാന സര്‍ക്കാരുകളോടും പറയുകയാണ്. കുറ്റം ചെയ്തവരെ വെറുതേവിടാന്‍ പാടില്ല. ഏതെങ്കിലും രൂപത്തില്‍ അവരെ സഹായിക്കുന്നവരേയും വെറുതേവിടാന്‍ പാടില്ല.

സ്‌കൂളോ ആശുപത്രിയോ പോലീസോ സര്‍ക്കാര്‍ സംവിധാനമോ എന്തുമാകട്ടെ, ഏത് തലത്തിലുള്ള വ്യക്തി തെറ്റ് ചെയ്താലും അവര്‍ ഉത്തരവാദിയായിരിക്കണം. കൃത്യമായി മുകളില്‍നിന്ന് താഴേയ്ക്ക് ഈ സന്ദേശം പോകേണ്ടതുണ്ട്. ഈ അന്യായം പൊറുക്കാനാകാത്തതാണ്. സര്‍ക്കാരുകള്‍ വന്നുംപോയുമിരിക്കും. എന്നാല്‍, സ്ത്രീകളുടെ അന്തസ്സും മാന്യതയും സംരക്ഷിക്കുന്നത് സര്‍ക്കാരിന്റേയും ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ ഓരോരുത്തരുടേയും ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പശ്ചിമബംഗാളിലെ ആര്‍ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടറെ ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. ഓഗസ്റ്റ് ഒമ്പതിനായിരുന്നു സംഭവം. നീണ്ട ഡ്യൂട്ടി സമയത്തിന് ശേഷം ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ വിശ്രമിക്കാനെത്തിയ 31കാരിയായ ഡോക്ടറെ പ്രതിയായ സഞ്ജയ് റോയ് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. സെമിനാര്‍ ഹാളില്‍ നിന്നും അര്‍ധനഗ്‌നയായ നിലയിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ റോയിയെ പൊലീസ് പിടികൂടിയിരുന്നു. ഓഗസ്റ്റ് 13ന് കേസ് കൊല്‍ക്കത്ത ഹൈക്കോടതി ഇടപെട്ട് സിബിഐക്ക് കൈമാറി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി അന്വേഷണസംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യാതൊരു കുറ്റബോധവുമില്ലാതെയാണ് പ്രതി കുറ്റം സമ്മതിച്ചതെന്നും വിവരിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളുടെ സൈക്കോ അനാലിസിസ് ടെസ്റ്റില്‍ പ്രതി മൃഗീയ സ്വാഭാവങ്ങള്‍ കാണിക്കുന്നുവെന്നും അശ്ലീലചിത്രങ്ങള്‍ക്ക് അടിമയാണെന്നും പറഞ്ഞിരുന്നു.

ഇതിനിടെ മഹാരാഷ്ട്രയിലെ ബദല്‍പൂരില്‍ നാല് വയസ് മാത്രം പ്രായമൂള്ള രണ്ട് പെണ്‍കുട്ടികളെ സ്‌കൂളിലെ സുരക്ഷ ജീവനക്കാരന്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാനത്തും പ്രതിഷേധം തുടരുന്നുണ്ട്. ബദല്‍പൂരിലെ സ്വകാര്യ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ശുചീകരണ തൊഴിലാളി കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരയാക്കുകയായിരുന്നു. ദാദാ മോശമായി രീതിയില്‍ തൊട്ടുവെന്നായിരുന്നു കുട്ടികളുടെ പ്രതികരണം. സ്വകാര്യഭാഗങ്ങളില്‍ വേദനയനുഭവപ്പെടുന്നുവെന്ന് ഒരു കുട്ടി പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. പ്രതിഷേധക്കാര്‍ സ്‌കൂളിന് നേരെയും അക്രമം അഴിച്ചുവിട്ടിരുന്നു. പ്രിന്‍സിപ്പള്‍ ഉള്‍പ്പെടെ മൂന്ന് പേരെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രതിക്ക് വധശിക്ഷ നടപ്പാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതേസമയം പ്രതിഷേധക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കേസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ തങ്ങള്‍ തെരുവിലിറങ്ങും എന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ വാദം. വിഷയത്തില്‍ അന്വേഷണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയുറപ്പാക്കാന്‍ സ്‌കൂളുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കല്‍, വിദ്യാര്‍ത്ഥികളുമായി ഇടയ്ക്കിടെ ഇടപഴകുന്ന സ്‌കൂള്‍ ജീവനക്കാരുടെ പരിശോധന വര്‍ധിപ്പിക്കല്‍ തുടങ്ങിയ നിരവധി നടപടികളും ഷിന്‍ഡെ നിര്‍ദേശിച്ചിട്ടുണ്ട്

അസമില്‍ ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യാഴാഴ്ചയായിരുന്നു അസമിലെ നാഗോണില്‍ പതിനാല് വയസുകാരിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പിന്നാലെ പെണ്‍കുട്ടിയെ പരിക്കുകളോടെ പ്രദേശത്തെ കുളത്തിന് സമീപമുള്ള റോഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.