- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീടൊഴിയാൻ നിർദ്ദേശം വന്നതോടെ രാഹുൽ ഗാന്ധിയുടെ സുരക്ഷ അവലോകനം ചെയ്യാൻ സിആർപിഎഫ്; രാഹുലിന്റെ സുരക്ഷാ കവചം സർക്കാർ കുറയ്‌ച്ചേക്കില്ല; വീടൊഴുപ്പിച്ചാൽ രാഹുൽ അമ്മയ്‌ക്കൊപ്പം താമസിക്കും; അല്ലെങ്കിൽ എനിക്കൊപ്പം വരുമെന്ന് മല്ലികാർജ്ജുന ഖാർഗെ
ന്യൂഡൽഹി: ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സുരക്ഷ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) അവലോകനം ചെയ്യും. രാഹുൽ ഗാന്ധി വസതി മാറുന്ന സാഹചര്യം കണക്കിലെടുത്താണ് നീക്കം. രാഹുലിനോട് വസതി ഒഴിയണമെന്ന നിർദ്ദേശം വന്നു കഴിഞ്ഞു. എംപിയെന്ന നിലയിൽ രാഹുൽ താമസിക്കുന്ന തുഗ്ലക് ലെയ്‌നിലെ വസതി ഒരു മാസത്തിനകം ഒഴിയണമെന്ന് ഇന്നലെ ലോക്‌സഭാ സെക്രട്ടേറിയറ്റ് നിർദ്ദേശം നൽകിയിരുന്നു.
സിആർപിഎഫിന്റെ എഎസ്എൽ (അഡ്വാൻസ്ഡ് സെക്യൂരിറ്റി ലൈയ്സൺ) കാറ്റഗറി ഇസഡ് പ്ലസ് സുരക്ഷയാണ് രാഹുലിനുള്ളത്. ഭീഷണിയെ അടിസ്ഥാനമാക്കി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പാനലാണ് വിഐപികൾക്കുള്ള സുരക്ഷാ വിഭാഗം തീരുമാനിക്കുന്നത്. രാഹുലിന്റെ സുരക്ഷാ കവചം സർക്കാർ കുറയ്ക്കാൻ സാധ്യതയില്ല. എന്നാൽ അദ്ദേഹം മാറുന്ന സ്ഥലത്തിന്റെ സുരക്ഷ ഏറ്റെടുക്കേണ്ടതുണ്ട്.
സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനു (എസ്‌പിജി) ശേഷമുള്ള രണ്ടാമത്തെ ഉയർന്ന തലത്തിലുള്ള സുരക്ഷാ പരിരക്ഷയാണ് ഇസഡ് പ്ലസ് അഡ്വാൻസ്ഡ് സെക്യൂരിറ്റി ലൈയ്സൺ (എഎസ്എൽ). എൻഎസ്ജി കമാൻഡോകൾ ഉൾപ്പെടെ 50 സുരക്ഷാ ഉദ്യോഗസ്ഥർ ഇതിൽ ഉൾപ്പെടുന്നു. 2019ൽ, കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിക്കും മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും നൽകിയിരുന്ന എസ്‌പിജി പരിരക്ഷ സർക്കാർ പിൻവലിച്ചിരുന്നു. ഭാരത് ജോഡോ യാത്രയുടെ സുരക്ഷയുമായി ബന്ധപ്പെട്ട്, 2020 മുതൽ 113 തവണ രാഹുൽ ഗാന്ധി സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിച്ചുവെന്ന് സിആർപിഎഫ് അവകാശപ്പെട്ടിരുന്നു
അതേസമയം ലോക്‌സഭാംഗത്വം നഷ്ടപ്പെട്ട രാഹുൽഗാന്ധി ഒരു മാസത്തിനകം വീടൊഴിയണമെന്ന ലോക്‌സഭാ സെക്രട്ടേറിയറ്റ് നടപടിക്കെതിരെ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തുവന്നു. രാഹുലിന് പരാമവധി ക്ഷീണിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് വീടൊഴിയാൻ ആവശ്യപ്പെട്ടത്. എന്നാൽ രാഹുൽ അവന്റെ അമ്മക്കൊപ്പമോ എനിക്കൊപ്പമോ താമസിക്കും. ഞാനൊഴിഞ്ഞു നൽകുമെന്നും ഖാർഗെ പറഞ്ഞു.
രാഹുലിനെ ഇല്ലാതാക്കാനും ഭീഷണിപ്പെടുത്താനുമുള്ള സർക്കാരിന്റെ ശ്രമങ്ങളെ ഞാൻ അപലപിക്കുന്നു. എന്നാലിതൊരു മാർഗമല്ല. ചിലപ്പോൾ വീടില്ലാതെ മൂന്നോ നാലോ മാസമോ കഴിഞ്ഞേക്കാം. എനിക്ക് ആറുമാസം കഴിഞ്ഞാണ് വീട് ലഭിച്ചത്. മറ്റുള്ളവരെ ദ്രോഹിക്കാനാണ് ചിലർ ഇതെല്ലാം ഉപയോഗിക്കുന്നത്.-ഖാർഗെ പറഞ്ഞു. വീടൊഴിഞ്ഞാൽ അവൻ അമ്മക്കൊപ്പമോ എനിക്കൊപ്പമോ താമസിക്കും. ഞാനൊഴിഞ്ഞു നൽകുമെന്നും ഖാർഗെ പറയുന്നു.
ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെ തുടർ നടപടിയെന്നോണമാണ് വീടൊഴിയാൻ ആവശ്യപ്പെട്ടത്. അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് നേരത്തെ തന്നെ ലോക്‌സഭാ സെക്രട്ടേറിയേറ്റ് വ്യക്തമാക്കിയിരുന്നു. ലോക്‌സഭ ഹൗസിങ് കമ്മിറ്റിയാണ് നോട്ടീസ് നൽകിയത്. മാർച്ച് 23 നാണ് രാഹുൽ ഗാന്ധിയെ ലോക്‌സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്. ഒരു മാസത്തിനുള്ളിൽ വീടൊഴിയണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.




