ബംഗളൂരു: കർണാടക നിയമസഭയിൽ സംഘപരിവാർ ഗീതം ആലപിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഇത് ബി.ജെ.പിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണെന്ന തരത്തിൽ ചിലർ രാഷ്ട്രീയമായി ഇതിനെ വ്യാഖ്യാനിച്ചെന്നും, പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ആരുടെയും വികാരം വ്രണപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും, അങ്ങനെ സംഭവിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

ഡി.കെ. ശിവകുമാർ നിയമസഭയിൽ സംഘപരിവാർ ഗീതം ആലപിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ കോൺഗ്രസ് പാർട്ടിക്ക് അകത്തും പുറത്തും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. "ഞാൻ ബി.ജെ.പിയുടെ കാലുവാരാൻ ശ്രമിച്ചതാണ്. എന്നാൽ അതിനെ ചിലർ രാഷ്ട്രീയമായി തെറ്റായി വ്യാഖ്യാനിച്ചു. ആരുടെയും വികാരം വ്രണപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു," അദ്ദേഹം പറഞ്ഞു.