മംഗളൂരു: കര്‍ണാടകത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഇടക്കാലം കൊണ്ട് സജീവമായിരുന്നു. എന്നാല്‍, ഹൈക്കമാന്‍ഡ് ഇടപെട്ടാണ് പ്രശ്‌നം താല്‍ക്കാലികമായി ശമിപ്പിച്ചത്. ഇപ്പോഴിതാ പാര്‍ട്ടി പറയുന്നതെന്തും അനുസരിക്കുമെന്ന് മുഖ്യമന്ത്രിസ്ഥാനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളോടും നേതൃത്വത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളെക്കുറിച്ചുള്ള സംഭവവികാസങ്ങളോടും പ്രതികരിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാര്‍ രംഗത്തെത്തി.

മുഖ്യമന്ത്രിയാകണമെന്ന പൊതുജനങ്ങളുടെ അഭിലാഷത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പാര്‍ട്ടി പറയുന്നതെന്തും നമ്മള്‍ കേള്‍ക്കണമെന്ന് മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ശിവകുമാര്‍ പറഞ്ഞു. സംസ്ഥാന ബജറ്റിനുശേഷം അധികാര കൈമാറ്റം നടക്കുമോ എന്ന ചോദ്യത്തിന് എല്ലാത്തിനുമുള്ള ഉത്തരം കാലം നല്‍കും എന്നായിരുന്നു മറുപടി.

ആഭ്യന്തരമന്ത്രി ജി. പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന ദളിത് സംഘടനകളുടെ ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'പിന്തുണയ്ക്കുന്നവര്‍ക്ക് അവരുടെതായ അഭിലാഷങ്ങളുണ്ടാകും, അത നിരസിക്കാനാകില്ല, അതില്‍ തെറ്റില്ല. 'കര്‍ണാടകയില്‍ നേതൃത്വം സംബന്ധിച്ച തര്‍ക്കം വീണ്ടും ഉയര്‍ന്നുവന്നിരിക്കുകയാണ്.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും കോണ്‍ഗ്രസ് എം.എല്‍.സിയുമായ യതീന്ദ്ര സിദ്ധരാമയ്യ, നേതൃത്വമാറ്റത്തിനായുള്ള ആവശ്യങ്ങള്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം അംഗീകരിച്ചിട്ടില്ലെന്നും തന്റെ പിതാവ് അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായി തുടരുമെന്നും അവകാശപ്പെട്ടു. 'മുഖ്യമന്ത്രിയുടെ മകനാണ് ഞങ്ങളുടെ ഹൈക്കമാന്‍ഡ്, അദ്ദേഹം പറയുന്നത് ഞാന്‍ അനുസരിക്കും.'യതീന്ദ്രയുടെ പരാമര്‍ശങ്ങളോട് ശിവകുമാര്‍ വെള്ളിയാഴ്ച പരിഹാസരൂപേണ പ്രതികരിച്ചു.

തന്റെ ഭാവി സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നായിരുന്നു കസേര മാറ്റം സംബന്ധിച്ച് നേരത്തെ ഡി.കെ ശിവകുമാര്‍ പ്രതികരിച്ചത്. താന്‍ ഒരു രാഷ്ട്രീയ കുടുംബത്തില്‍ നിന്നല്ല വരുന്നത്, എന്നിട്ടും ഈ നിലയിലേക്ക് വളര്‍ന്നു. പാര്‍ട്ടി തന്റെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കുമെന്ന് ഉറപ്പുണ്ട്. രാഷ്ട്രീയത്തില്‍ തനിക്ക് നിരവധി തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു.

കര്‍ണാടകയിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ആശയക്കുഴപ്പം തുടരുന്നതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും ചര്‍ച്ചകള്‍ക്കായി ന്യൂഡല്‍ഹിയിലേക്ക് വിളിപ്പിക്കുമെന്ന് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു. എപ്പോഴാണോ ആവശ്യം അപ്പോഴായിരിക്കും ഇരുവരെയും വിളിപ്പിക്കുകയെന്നാണ് ഖാര്‍ഗെ പറഞ്ഞത്.