ചണ്ഡിഗഡ്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (സിപിഐ) ജനറല്‍ സെക്രട്ടറിയായി ഡി. രാജയെ വീണ്ടും തിരഞ്ഞെടുത്തു. സിപിഐ ദേശീയ കൗണ്‍സിലാണ് ഔദ്യോഗികമായി ഈ തീരുമാനം കൈക്കൊണ്ടത്. എന്നാല്‍, ഡി. രാജയെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഡല്‍ഹി ഘടകങ്ങള്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി.

പാര്‍ട്ടി പ്രതിനിധികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ എതിര്‍പ്പ് കൗണ്‍സില്‍ മിനിട്സില്‍ രേഖപ്പെടുത്തിയത്. പാര്‍ട്ടി കോണ്‍ഗ്രസ് ചരിത്രത്തില്‍ ഇത് അസാധാരണമായ നടപടിയാണെന്ന് വിവിധ ഘടകങ്ങളിലെ നേതാക്കള്‍ ചൂണ്ടിക്കാട്ടി. പ്രായപരിധിയില്‍ അദ്ദേഹത്തിന് ഒരു തവണകൂടി അവസരം നല്‍കണമെന്ന പ്രതിനിധികളുടെ ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം. ഇത് ഐകകണ്‌ഠ്യേനയുള്ള തീരുമാനമാണെന്ന് ഡി. രാജ പ്രതികരിച്ചു.

നിലവില്‍ 75 വയസ്സ് എന്ന പ്രായപരിധി കര്‍ശനമായി നടപ്പാക്കണമെന്ന നിലപാടായിരുന്നു കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാന ഘടകങ്ങള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍, ഡി. രാജയുടെ കാര്യത്തില്‍ പ്രത്യേക ഇളവ് നല്‍കാനാണ് ദേശീയ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. 2019 മുതല്‍ സി.പി.ഐയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ഡി. രാജയുടെ ഇത് മൂന്നാം ഊഴമാണ്.

നേരത്തെ, ഒരു വനിതയെ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍, ഇന്നലെ രാത്രി നടന്ന നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ ഡി. രാജയെ തന്നെ ജനറല്‍ സെക്രട്ടറിയായി വീണ്ടും പരിഗണിക്കാനാണ് എക്സിക്യൂട്ടീവ് തീരുമാനിച്ചത്. പാര്‍ട്ടിയുടെ ഏക ദളിത് മുഖമായി അറിയപ്പെടുന്ന ഡി. രാജ മൂന്ന് പതിറ്റാണ്ടിലേറെയായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്.

കേന്ദ്ര സെക്രട്ടേറിയറ്റിലേക്ക് കെ. പ്രകാശ്ബാബുവിനെയും പി. സന്തോഷ് കുമാറിനെയും പുതിയതായി തിരഞ്ഞെടുത്തു. സംസ്ഥാനത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കേണ്ടതിനാലാണ് ബിനോയ് വിശ്വം കേന്ദ്ര സെക്രട്ടേറിയറ്റില്‍ നിന്ന് സ്വയം ഒഴിഞ്ഞുമാറിയത്.

ഇന്ത്യയിലെ ഏതെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്തെത്തിയ ആദ്യ ദളിത് നേതാവാണ് ഡി. രാജ. 2019 മുതല്‍ അദ്ദേഹം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. സുധാകര്‍ റെഡ്ഡി അനാരോഗ്യത്തെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞപ്പോഴാണ് രാജ ആദ്യമായി ഈ പദവിയിലെത്തിയത്. 2022-ലെ വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസിലും അദ്ദേഹം ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ദാരിദ്ര്യത്തിന്റെയും ജാതിവിവേചനത്തിന്റെയും കഠിന പാതകള്‍ താണ്ടിയാണ് ഡി. രാജ സിപിഐയുടെ ഉന്നതസ്ഥാനത്തേക്ക് എത്തിയത്. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ ജനിച്ച അദ്ദേഹം, ദേശീയ നിര്‍വാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഡല്‍ഹിയിലെത്തി. പാര്‍ലമെന്റിലും വിവിധ ചര്‍ച്ചകളിലും ശ്രദ്ധേയമായ സാന്നിധ്യമായി അദ്ദേഹം മാറി. 2007-ലും 2013-ലും തമിഴ്‌നാട്ടില്‍നിന്ന് രാജ്യസഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭാര്യ ആനി രാജ സിപിഐയുടെ ദേശീയ നിര്‍വാഹക സമിതി അംഗമാണ്.