ചെന്നൈ: രാജ്യത്തെ വടക്കൻ സംസ്ഥാനങ്ങളിലെ പെൺകുട്ടികളെക്കുറിച്ചുള്ള ഡിഎംകെ എംപി ദയാനിധി മാരന്റെ പ്രസംഗം വൻ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ചെന്നൈയിലെ ഒരു വനിതാ കോളജിൽ നടന്ന പരിപാടിയിൽവെച്ച്, തമിഴ്‌നാട്ടിലെ പെൺകുട്ടികളെ വടക്കൻ സംസ്ഥാനങ്ങളിലെ പെൺകുട്ടികളുമായി താരതമ്യം ചെയ്തതാണ് സമൂഹമാധ്യമങ്ങളിലടക്കം ചർച്ചകൾക്ക് തിരികൊളുത്തിയത്.

പ്രസംഗത്തിൽ ദയാനിധി മാരൻ ഇപ്രകാരം പറഞ്ഞു: "നമ്മുടെ പെൺകുട്ടികൾ അഭിമാനിക്കണം. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ, പെൺകുട്ടികൾ ജോലിക്ക് പോകരുതെന്നും പകരം വീട്ടുജോലികൾ ചെയ്യണമെന്നും അവർ ആവശ്യപ്പെടുന്നു, എന്നാൽ ഇവിടെ പെൺകുട്ടികൾ പഠിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു." വടക്കൻ സംസ്ഥാനങ്ങളിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള അവസരങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും സ്വന്തമായി കരിയർ നേട്ടമുണ്ടാക്കുന്നതിൽനിന്ന് അവരെ നിരുത്സാഹപ്പെടുത്തുന്നുവെന്നും എംപി ആരോപിച്ചു. എന്നാൽ തമിഴ്‌നാട്ടിൽ സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ്‌നാട് സ്ത്രീകൾ വീടിന് പുറത്ത് ജോലി ചെയ്യുന്നതിനും സാമ്പത്തികമായി സ്വതന്ത്രരാകുന്നതിനും പിന്തുണ നൽകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീവിദ്യാഭ്യാസത്തിലെ തമിഴ്‌നാടിന്റെ പുരോഗതിക്ക് ദ്രാവിഡ പ്രസ്ഥാനത്തോടും ഡിഎംകെ സർക്കാരിന്റെ നയങ്ങളോടും മാരാൻ കടപ്പാട് രേഖപ്പെടുത്തി. സർക്കാർ വിതരണം ചെയ്ത ലാപ്ടോപ്പുകൾ വിദ്യാർത്ഥികൾ പഠിക്കാനും അഭിമുഖങ്ങളിൽ പങ്കെടുക്കാനും ഉപയോഗിക്കുന്നത് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ "ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രി" എന്ന് വിശേഷിപ്പിച്ച മാരാൻ, തമിഴ്‌നാടിനെ രാജ്യത്തെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനമെന്നും വിശേഷിപ്പിച്ചു. സാമൂഹിക പരിഷ്കർത്താവ് പെരിയാറിന്റെ ആശയങ്ങളിൽ വേരൂന്നിയ ദ്രാവിഡ ഭരണ മാതൃക സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനും സാമൂഹിക സമത്വത്തിനും നിരന്തരം മുൻഗണന നൽകിയിട്ടുണ്ടെന്നും നിലവിലെ സർക്കാർ ഈ തത്വങ്ങൾ ക്ഷേമ-വിദ്യാഭ്യാസ കേന്ദ്രീകൃത പദ്ധതികളിലൂടെ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.