ബെംഗളൂരു: കർണാടകയിലെ മുഖ്യമന്ത്രിപദം സംബന്ധിച്ച് ചർച്ചകൾ മുറുകുന്നതിനിടെ അനുനയ പാതയിലെന്ന് സൂചിപ്പിച്ചു ഡി കെ ശിവകുമാർ. പാർട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് സൂചിപ്പിച്ചു കൊണ്ട് അദ്ദേഹം രംഗത്തുവന്നു. പാർട്ടിയിൽ ഒരു തരത്തിലുള്ള അസ്വസ്ഥതയും സൃഷ്ടിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. പാർട്ടി തീരുമാനം എന്തായിരുന്നാലും അതിന്റെ പേരിൽ പിന്നിൽ നിന്ന് കുത്താനോ ബ്ലാക്ക്മെയിൽ ചെയ്യാനോ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കർണാടക സർക്കാർ രൂപവത്കരണം സംബന്ധിച്ച ചർച്ചകൾക്കായി ഡൽഹിക്ക് പോകുന്നതിന് മുമ്പായി വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലേക്ക് ഡി കെ യാത്ര തിരിച്ചിട്ടുണ്ട്. 'പാർട്ടിക്ക് വേണമെങ്കിൽ എനിക്ക് ഉത്തരവാദിത്തം നൽകാം. 135 അംഗ സംഖ്യയുള്ള ഒരുമയുള്ള വീടാണ് ഞങ്ങളുടേത്. ആരെയും ഭിന്നിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവർക്കെന്നെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാൻ ഉത്തരവാദിത്തമുള്ള ആളാണ്. ഞാൻ പിന്നിൽ നിന്ന് കുത്തുകയോ ബ്ലാക്ക്‌മെയിൽ ചെയ്യുകയോ ഇല്ല' ശിവകുമാർ പറഞ്ഞു.

കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ.ശിവകുമാറിനൊപ്പം മുതിർന്ന നേതാവ് സിദ്ധരാമയ്യയാണ് പരിഗണനയിലുള്ളത്. 224 അംഗ കർണാടക നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 135 സീറ്റുകൾ നേടിയ കോൺഗ്രസ് കഴിഞ്ഞ ദിവസം എംഎൽഎമാരുടെ അഭിപ്രായം സ്വരൂപിച്ച് ഹൈക്കമാൻഡിന് മുന്നിലെത്തിച്ചിട്ടുണ്ട്. 'പാർട്ടി എന്റെ ദൈവമാണ്. ഞങ്ങൾ പടുത്തുയർത്തിയതാണ് ഈ പാർട്ടി. ഞാനതിന്റെ ഒരു ഭാഗമാണ്. ഒരു അമ്മ അതിന്റെ കുഞ്ഞിന് എല്ലാം നൽകും. സോണിയ ഗാന്ധിയാണ് ഞങ്ങളുടെ റോൾ മോഡൽ. കോൺഗ്രസ് എല്ലാവരുടേയും കുടുംബമാണ്. നമ്മുടെ ഭരണഘടന പ്രധാനമാണ്. അതുകൊണ്ട് തന്നെ എല്ലാവരുടേയും താത്പര്യങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്' ശിവകുമാർ വ്യക്തമാക്കി.

സംസ്ഥാനത്തെ പാർട്ടി അധ്യക്ഷൻ എന്ന നിലയിലുള്ള പ്രതീക്ഷകൾ എന്തൊക്കെയാണ് എന്നുള്ള ചോദ്യത്തിന് ശിവകുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു..'നേരത്തെ സംഭവിച്ച കാര്യങ്ങളെ കുറിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് അടഞ്ഞ അധ്യായമാണ്. ഞങ്ങൾ ഒരു സഖ്യ സർക്കാർ രൂപവത്കരിച്ചിരുന്നു. അത് തകർന്നു, പരാജയപ്പെട്ടു. ജയത്തിനും തോൽവിക്കും ഉത്തരവാദികൾ ആരാണെന്ന് ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല. കഴിഞ്ഞ കഥ വിൽക്കേണ്ടതില്ല. ഭാവിയെ കുറിച്ചുള്ള കഥ വിൽക്കാം. മോശം ചരിത്രത്തിലേക്ക് പോകാൻ എനിക്ക് താത്പര്യമില്ല' ശിവകുമാർ പറഞ്ഞു. ലോക്സഭയിൽ 20 സീറ്റുകൾ നേടുക എന്നതാണ് തങ്ങളുടെ അടുത്ത വെല്ലുവിളിയെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി മുതിർന്ന നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും അവകാശവാദമുന്നയിച്ചതോടെ കരുതലോടെ കോൺഗ്രസ് ഹൈക്കമാൻഡ്. മധ്യപ്രദേശിൽനിന്നും രാജസ്ഥാനിൽനിന്നും പാഠങ്ങൾ ഉൾക്കൊണ്ട് പാർട്ടിയെ ഒന്നിച്ചു കൊണ്ടുപോകാനുള്ള നീക്കങ്ങളാണു നേതൃത്വം നടത്തുന്നത്. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചിട്ടും കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള അധികാര വടംവലി മൂലം 2020 ൽ കോൺഗ്രസിനു മധ്യപ്രദേശിൽ ഭരണം നഷ്ടപ്പെടുകയായിരുന്നു. ഏതാനും എംഎൽഎമാർക്കെപ്പം ബിജെപിയിൽ ചേർന്ന സിന്ധ്യ നിലവിൽ കേന്ദ്രമന്ത്രിയാണ്.

രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗലോട്ടും സച്ചിൻ െപെലറ്റും തമ്മിലുള്ള പോര് കൂടുതൽ രൂക്ഷമാകുകയാണ്. പഞ്ചാബിലെ സമാനമായ പോരുമൂലം കോൺഗ്രസിനു നഷ്ടമായത് ക്യാപ്റ്റൻ അമരീന്ദർ സിങ്ങ് എന്ന പ്രമുഖ നേതാവിനെയാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സിങ് ബിജെപിയിൽ ചേർന്നു. സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള കലഹം അവസാനിപ്പിച്ചില്ലെങ്കിൽ പാർട്ടിക്കു വലിയ തിരിച്ചടിയുണ്ടാകുമെന്നു െഹെക്കമാൻഡിന് ആശങ്കയുണ്ട്.

രണ്ടര വർഷം വീതം അധികാരം പങ്കിടുന്നതിനുള്ള സാധ്യതയാണു നേതൃത്വം പരിഗണിക്കുന്നതെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ആദ്യ രണ്ടര വർഷം സിദ്ധരാമയ്യ, പിന്നീട് ശിവകുമാർ. സിദ്ധരാമയയ്യയുടെ പ്രായം, മികച്ച പ്രതിച്ഛായ എന്നിവ കണക്കാക്കി അദ്ദേഹത്തിന് ആദ്യ അവസരം നൽകണമെന്നാണു െഹെക്കമാൻഡിന്റെ നിലപാട്. അതേസമയം, കോൺഗ്രസിന്റെ ട്രബിൾഷൂട്ടർ എന്നറിയപ്പെടുന്ന ശിവകുമാറിനെ മാറ്റിനിർത്താനാകില്ല.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ മാത്രമല്ല, ദക്ഷിണമേഖലയാകെ ശിവകുമാറിന്റെ സേവനം ഗുണംചെയ്യുമെന്നാണു പാർട്ടിയുടെ വിലയിരുത്തൽ. അതേ സമയം, ശിവകുമാറിനെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണവും കേസുകളും തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ആയുധമാക്കുമെന്ന ആശങ്കയുമുണ്ട്. അതേസമം ഹൈക്കമാൻഡ് ക്ഷണിച്ചിട്ടും എത്താതിരുന്ന ശിവകുമാർ ഇന്ന് ഡൽഹിയിലെത്തിയേക്കും. 9.30ന് ബെംഗളുരുവിൽ നിന്നുള്ള വിമാനത്തിൽ പുറപ്പെടുമെന്നാണ് വിവരം.

കർണാടക മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട തർക്കത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ. നേതൃത്വം മുന്നോട്ട് വെക്കുന്ന സമവായ ഫോർമുലകളിൽ ഹൈക്കമാൻഡ് നേതൃത്വം ഉറപ്പ് നൽകണമെന്നാണ് ആവശ്യം. സോണിയ ഗാന്ധിയോട് നേരിട്ട് സംസാരിക്കണമെന്ന് ശിവകുമാർ ആവശ്യപ്പെട്ടു. സിദ്ധരാമയ്യയുടെ പ്രസ്താവനകളിലെ അതൃപ്തി ഹൈക്കമാൻഡിനെ അറിയിച്ചു.

സിദ്ധരാമയ്യയുടെ പ്രായവും നിയമസഭാകക്ഷിയിലെ പിന്തുണയും കണക്കിലെടുത്ത്, അദ്ദേഹത്തിനു തന്നെയാകും സർക്കാരിനെ നയിക്കാൻ ഹൈക്കമാൻഡ് അവസരം നൽകുകയെന്നാണു സൂചന. ശിവകുമാറിനെതിരേ കേന്ദ്ര ഏജൻസികളുടെ കേസ് നിലനിൽക്കുന്നതും പ്രതികൂല ഘടകമാണ്. ഉപമുഖ്യമന്ത്രിപദം, മുഖ്യമന്ത്രി പദവിയിൽ രണ്ടാമൂഴം തുടങ്ങിയ കാര്യങ്ങളിൽ സമവായത്തിലെത്തിയാൽ ഹൈക്കമാൻഡ് സിദ്ധരാമയ്യയുടെ പേര് പ്രഖ്യാപിച്ചേക്കും. മറ്റന്നാളാകും സത്യപ്രതിജ്ഞ.