ന്യൂഡല്‍ഹി: ദീപാവലിക്കാലത്ത് ഡല്‍ഹിയിലെ വായുഗുണനിലവാരം രൂക്ഷമായതിന് പിന്നാലെ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള രാഷ്ട്രീയപ്പോര് കടുക്കുന്നു. മലിനീകരണ നിയന്ത്രണത്തെച്ചൊല്ലി ആംആദ്മിയും ബിജെപിയും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. മലിനീകരണം നിയന്ത്രിക്കുന്നതില്‍ രേഖാ ഗുപ്തയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. എന്നാല്‍ വൈക്കോലും മറ്റും കത്തിക്കാന്‍ ആം ആദ്മി പാര്‍ട്ടി കര്‍ഷകരില്‍ സമ്മര്‍ദം ചെലുത്തുന്നുവെന്നാണ് ഡല്‍ഹി പരിസ്ഥിതി വകുപ്പ് മന്ത്രി മഞ്ജിന്ദര്‍ സിങ് സിര്‍സയുടെ ആരോപണം.

ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ കനത്ത പുകമഞ്ഞിന്റെ പിടിയിലാണ് ഡല്‍ഹി.38 കേന്ദ്രങ്ങളില്‍ 36 ലും മലിനീകരണതോത് റെഡ് സോണ്‍ വിഭാഗത്തിലാണ്. ദൃശ്യ പരിധി താഴ്ന്നതിനൊപ്പം, കണ്ണെരിച്ചില്‍, മൂക്കെരിച്ചില്‍, ശ്വാസ തടസ്സം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ജനം നേരിടുന്നു. ഈ പശ്ചാത്തലത്തിലാണ് കനത്ത വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയത്. മലിനീകരണം കുറയ്ക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തില്ലെന്ന് ആം ആദ്മി വിമര്‍ശിച്ചപ്പോള്‍ ദീപാവലിയുടെ ഭാഗമായി ജനങ്ങള്‍ പടക്കങ്ങള്‍ പൊട്ടിച്ചതാണ് മലിനീകരണത്തോത് ഉയരാന്‍ കാരണമായതെന്ന് ബിജെപി വിശദീകരിച്ചു.

ഇതിനിടെയാണ് ഡല്‍ഹി പരിസ്ഥിതിമന്ത്രി ആംആദ്മി പാര്‍ട്ടിക്കെതിരെ മറ്റൊരു ഗുരുതര ആരോപണം ഉന്നയിച്ചത്. കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കാന്‍ ആം ആദ്മി പാര്‍ട്ടി പഞ്ചാബിലെ കര്‍ഷകരെ നിര്‍ബന്ധിക്കുന്നുവെന്ന് പരിസ്ഥിതി മന്ത്രി മമഞ്ജിന്ദര്‍ സിങ് സിര്‍സ ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നും,സര്‍ക്കാര്‍ വായു ഗുണനിലവാര നിരക്ക് മറച്ചു വക്കുന്നുവെന്നു ആം ആദ്മി പാര്‍ട്ടി നേതാവ് സൗരബ് ഭരദ്വാജ് പ്രതികരിച്ചു.

അരവിന്ദ് കെജ്രിവാളിന്റെ എഎപി ഭരിക്കുന്ന പഞ്ചാബില്‍ വൈക്കോല്‍ കത്തിക്കുന്നത് തുടരുന്നിടത്തോളം കാലം ഡല്‍ഹിയിലെ വായു മലിനപ്പെടുന്നത് തുടരുമെന്ന് ബിജെപി ഐടി സെല്‍ ചീഫ് അമിത് മാളവ്യ വിമര്‍ശിച്ചു. 'ആം ആദ്മി പാര്‍ട്ടിയുടെ ഭരണത്തില്‍ പഞ്ചാബില്‍ വൈക്കോല്‍ കത്തിക്കുന്നത് തുടരുന്നിടത്തോളം കാലം ഡല്‍ഹിയും പരിസരപ്രദേശങ്ങളും പുകപടലങ്ങളില്‍ മൂടും. ആം ആദ്മി പാര്‍ട്ടി ചെയ്യുന്ന തെറ്റുകള്‍ക്ക് ദീപാവലിയെ കുറ്റപ്പെടുത്തേണ്ടതില്ല. അവരുടെ വൈക്കോല്‍ കത്തിക്കലാണ് ഡല്‍ഹി പുകമഞ്ഞില്‍ മൂടാന്‍ കാരണം, അല്ലാതെ ദീപങ്ങളോ പടക്കങ്ങളോ അല്ല'', അമിത് മാളവ്യ എക്സില്‍ കുറിച്ചു.

എന്നാല്‍, ബിജെപി ഭരണത്തിലുള്ള ഡല്‍ഹിയില്‍ മലിനീകരണ നിയന്ത്രണ മാര്‍ഗങ്ങള്‍ നടപ്പിലാക്കുന്നില്ലെന്ന് എഎപി തിരിച്ചടിച്ചു. സ്വകാര്യ ആശുപത്രികളുമായി ബിജെപി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് ഡല്‍ഹി എഎപി പ്രസിഡന്റ് സൗരഭ് ഭരദ്വാജ് ആരോപിച്ചു. 'സര്‍ക്കാര്‍ കള്ളം പറയുകയാണ്. ദീപാവലിക്കുശേഷം വായുമലിനീകരണത്തിന് കൃത്രിമ മഴയിലൂടെ പരിഹാരം കാണുമെന്നാണ് ബിജെപി സര്‍ക്കാര്‍ പറഞ്ഞത്. എന്നിട്ട് കൃത്രിമ മഴ നടത്തിയോ? ഇല്ല, എന്റെ ചോദ്യം ഇതാണ് നിങ്ങള്‍ക്ക് കൃത്രിമ മഴ പെയ്യിക്കാന്‍ സാധിക്കുമായിരുന്നെങ്കില്‍ എന്തുകൊണ്ട് അത് ചെയ്തില്ല? പൊതുജനങ്ങള്‍ക്ക് വായുമലിനീകരണത്തിലൂടെ രോഗങ്ങളുണ്ടാകാനാണോ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുമായി ഒത്തുകളിക്കുകയാണ്', സൗരഭ് ഭരദ്വാജ് വ്യക്തമാക്കി.

അതേസമയം, വിഷയത്തില്‍ വേറിട്ട നിലപാടാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ സാഗരിഗ ഘോഷ് സ്വീകരിക്കുന്നത്. പൊതുജനങ്ങള്‍ വായുമലിനീകരണത്തില്‍ അവരുടെ പങ്കിനെ പറ്റിക്കൂടി ചിന്തിക്കണമെന്ന് ആവശ്യപ്പെട്ട സാഗരിഗ വിഷയത്തില്‍ ആത്മപരിശോധനയുണ്ടാകണമെന്നും പ്രതികരിച്ചു. കഴിഞ്ഞവര്‍ഷം ഡല്‍ഹിയില്‍ അക്യൂട്ട് റെസ്പിറേറ്ററി ഇല്‍നെസ് (എആര്‍ഐ) ബാധിച്ച് രണ്ടുലക്ഷം പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചതെന്നും സ്വന്തം ആരോഗ്യം വീണ്ടും വീണ്ടും അപകടത്തിലാക്കുന്നതിനെപറ്റി ജനങ്ങള്‍ ചിന്തിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് (സിപിസിബി) പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡല്‍ഹിയില്‍ ദീപാവലിക്കുശേഷമുള്ള വായുഗുണനിലവാര സൂചിക വളരെ മോശം എന്ന അവസ്ഥയിലായിരുന്നു.