- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''ആം ആദ്മി കടുത്ത വെല്ലുവിളികൾ നേരിടുന്നു, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനായില്ല''; ഡൽഹി മന്ത്രി കൈലാഷ് ഗെഹ്ലോട്ട് ആം ആദ്മി പാർട്ടി വിട്ടു; അരവിന്ദ് കെജ്രിവാളിന് രാജിക്കത്ത് നൽകി
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. ഡൽഹി മന്ത്രിയും മുതിർന്ന പാർട്ടി നേതാവുമായ കൈലാഷ് ഗെഹ്ലോട്ട് ആം ആദ്മി പാർട്ടി വിട്ടു. ഞായറാഴ്ച രാവിലെയാണ് പാർട്ടി വിടുന്ന വിവരം കൈലാഷ് ഗെഹ്ലോട്ട് അറിയിച്ചത്. ആഭ്യന്തരം, ഗതാഗതം, ഐടി, സ്ത്രീ-ശിശു വികസനം എന്നിവയുൾപ്പെടെ ഡൽഹി സർക്കാരിലെ പ്രധാന വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.
എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനാണ് അദ്ദേഹം രാജിക്കത്ത് നൽകിയത്. പാർട്ടിക്ക് ഉള്ളിൽ നിന്നും കടുത്ത വെല്ലുവിളിയാണ് മുന്നണി നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി പോരാടുന്നതിന് പകരം സ്വന്തം രാഷ്ട്രീയ അജണ്ടകൾക്ക് വേണ്ടിയാണ് ആം ആദ്മി പാർട്ടി പ്രവർത്തിക്കുന്നതെന്ന തോന്നലുണ്ടാക്കുകയാണെന്നും ഇത് അടിസ്ഥാന സേവനങ്ങൾ ജനങ്ങൾക്ക് നൽകുന്നതിന് തടസ്സം സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ആം ആദ്മി പാർട്ടിയിൽ നിർണായക സ്ഥാനം വഹിച്ചിരുന്നയാളാണ് ഗഹ്ലോട്ട്. മുതിർന്ന നേതാവായ അദ്ദേഹം കെജ്രിവാൾ കഴിഞ്ഞാൽ മുഖ്യമന്ത്രിയാകുമെന്നും പ്രതീക്ഷിച്ചിരുന്നു. ഇതിനിടയിലാണ് പാർട്ടിയിൽ നിന്നുള്ള ഗഹ്ലോട്ടിന്റെ രാജി. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഉൾപ്പടെ എ.എ.പിക്ക് ഉണ്ടായ പോരായ്മകളും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ക്ലീൻ യമുന പ്രൊജക്ട് അതിനുള്ള ഉദാഹരണമായാണ് അദ്ദേഹം കാണുന്നത്. ശുദ്ധമായ നദിയായി യമുനയെ മാറ്റുമെന്ന് പാർട്ടി വാഗ്‌ദാനം ചെയ്തിരുന്നതായും എന്നാൽ വാക്ക് പാലിക്കാൻ പാർട്ടിക്കായില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഗഹ്‌ലോട്ടിൻ്റെ രാജി പ്രഖ്യാപനത്തിന് മറുപടിയുമായി ബി.ജെ.പിയെത്തി. ആം ആദ്മി പാർട്ടി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം ലംഘിച്ചെന്നും എഎപി അരവിന്ദ് ആദ്മി പാർട്ടിയായെന്നുമായിരുന്നു ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല അഭിപ്രായപ്പെട്ടത്.